print edition അവശ്യരേഖകൾ ഇനി ഡിജിറ്റൽ ; ഡീഡ് ക്യാമ്പയിനുമായി തദ്ദേശ വകുപ്പ്


ബിജോ ടോമി
Published on Feb 07, 2026, 12:47 AM | 1 min read
തിരുവനന്തപുരം
അവശ്യ രേഖകൾതേടിയുള്ള പരക്കംപാച്ചിലിന് വിരാമം. അവ ഡിജിറ്റലൈസ് ചെയ്ത് ഡിജി ലോക്കർ സംവിധാനത്തിൽ സുരക്ഷിതമാക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ ഡീഡ് (ഡിജിറ്റലൈസേഷൻ ഓഫ് എവരി എസെൻഷ്യൽ ഡോക്യുമെന്റ്) ക്യാമ്പയിനുമായി തദ്ദേശ വകുപ്പ്. ഡിജി കേരളം 2.0 പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. 19ന് കണ്ണൂർ ആന്തൂരിൽ നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിക്കും.
ഡീഡിലൂടെ സർക്കാർ സേവനങ്ങൾ പൂർണമായും പേപ്പർരഹിതമാക്കുകയും പ്രമാണ പരിശോധന അടക്കമുള്ള നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. ഡിജി ലോക്കറിൽ നേരിട്ട് ലഭ്യമാകാത്ത സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഡിജി ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്യാനും ആധികാരിക രേഖ ആവശ്യമുള്ളപ്പോൾ അവ എങ്ങനെ ഡിജിറ്റലായി ഉപയോഗിക്കാമെന്നും ജനങ്ങൾക്ക് പരിശീലനം നൽകും. ഒരു വർഷത്തിനുള്ളിൽ മുഴുവൻ പേരെയും പദ്ധതിയുടെ ഭാഗമാക്കും. രേഖകളുടെ സുഗമമായ ഡിജിറ്റലൈസേഷനും സംഭരണവും ഉറപ്പാക്കാൻ സർക്കാർ ഏജൻസികളെ ഏകോപിപ്പിക്കും.
രേഖകൾ ഡിജിറ്റലാകുന്നതോടെ ഓൺലൈൻ തട്ടിപ്പുകളെയും ഫലപ്രദമായി ചെറുക്കാനാകും. വിവിധ ഓഫീസുകളിൽ നിന്ന് രേഖ വാങ്ങുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനും പിന്നാക്ക വിഭാഗങ്ങൾക്കുൾപ്പെടെ സർക്കാർ സേവനം വേഗത്തിലും സുതാര്യമായും ലഭ്യമാക്കാനും കഴിയും. ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നേരിട്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.
ഡിജി കേരളം 2.0 പദ്ധതിയിൽ സൈബർ സുരക്ഷ ഉറപ്പാക്കാൻ സേഫ് ടെക്, 18 വയസ് കഴിഞ്ഞ എല്ലാവർക്കും കെ സ്‌മാർട്ട് ഐഡി, നിർമിത ബുദ്ധിയിൽ (എഐ) സമ്പൂർണ സാക്ഷരത എന്നിവയും നടപ്പിലാക്കും.










0 comments