ഡിജിറ്റൽ മീഡിയ വിവാദത്തിൽ പുകഞ്ഞ് കോൺഗ്രസ്; സതീശന്റെ പരാമർശത്തിൽ നേതാക്കൾക്ക് അതൃപ്തി

തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ വിവാദത്തിൽ പുകഞ്ഞ് കോൺഗ്രസ്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി(കെപിസിസി)യ്ക്ക് ഡിജിറ്റൽ മീഡിയ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. അനവസരത്തിലാണ് സതീശന്റെ പ്രസ്താവന എന്നാണ് നേതാക്കൾ പറയുന്നത്. സ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ സതീശൻ ശ്രമിക്കുന്നു എന്ന വിമർശനവും പാർടിക്കകത്തുണ്ട്. വി ടി ബൽറാമിനെ ഡിജിറ്റൽ മീഡിയയുടെ ചുമതലയിൽ നിന്ന് ആരും പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം ഇതുവരെ രാജിവച്ചിട്ടുമില്ലെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വി ടി ബൽറാമുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോടും വി ടി ബൽറാമിനോടും സംസാരിച്ചു. ബൽറാമിനെ ആരും പുറത്താക്കിയിട്ടില്ല, രാജിവച്ചിട്ടുമില്ല. ചുമതലക്കാരനല്ല പോസ്റ്റിടുന്നത്. അതിലെ സഹപ്രവർത്തകരാണ് പോസ്റ്റിടുന്നത്. പോസ്റ്റിട്ടത് തെറ്റായി എന്ന് കണ്ടപ്പോൾ പിൻവലിച്ചു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബീഡി ബിഹാർ പോസ്‌റ്റ് വിവാദത്തിൽ കെപിസിസിയുടെ ഡിജിറ്റൽ മീഡിയാ വിഭാഗം ചുമതലയിൽനിന്ന് വി ടി ബൽറാമിനെ പുറത്താക്കിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ കോൺഗ്രസിന് ഔദ്യോഗിക ഡിജിറ്റൽ മീഡിയ സംവിധാനമുള്ളതായി അറിവില്ലെന്നായിരുന്നു വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവിന്റെ മറുപടി. തനിക്ക് ഡിജിറ്റല്‍ മീഡിയയുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഞായറാഴ്ച പ്രതികരണം തേടിയ മാധ്യമങ്ങളോട് സതീശന്‍ പറഞ്ഞത്. ഇല്ലാത്ത ഡിജിറ്റൽ മീഡിയ വിങ്ങിനെതിരെയാണോ നടപടിയെടുത്തതെന്ന ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു. വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കുറിപ്പുകളുമായി കോൺഗ്രസ് അനുഭാവികൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.









0 comments