പത്ത് വർഷം കഴിഞ്ഞിട്ടും സജിനിയുടെ മനസ്സിൽനിന്ന് മായാത്ത ആ രാത്രി

ധനരാജിൻ്റെ ഭാര്യ സജിനി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ. ഫോട്ടോ: പി ദിലീപ് കുമാര്‍
പയ്യന്നൂർ: കടുത്ത വേദനയിൽ മുങ്ങിയ പത്ത് വർഷം പിന്നിട്ടു. ധനരാജില്ലാത്ത വീട്ടിലേക്ക് കോടതി വിധിയുടെ വാർത്തയെത്തുമ്പോൾ എൻ വി സജിനിയുടെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട് ആ രാത്രി. 2016 ജൂലൈ 11 നാണ്, ധനരാജിനെ സജിനിയുടെ കൺമുന്നിലിട്ട് ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയത്. അന്നത്തെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല. 10 വർഷത്തിനൊടുവിലാണ് കൊലപാതകക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
രാത്രി പത്തുമണിയോടെയാണ് ധനരാജ് ബൈക്കിൽ വീട്ടിലേക്കെത്തിയത്. പിന്നാലെ ബൈക്കുകളിലെത്തിയ അക്രമിസംഘം മാരകായുധങ്ങളുമായി പാഞ്ഞടുത്തു. വീടിനുള്ളിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ധനരാജിന്റെ കാലിനാണ് ആദ്യം വെട്ടേറ്റത്. രക്ഷപ്പെടാൻ പിന്നാമ്പുറത്തേക്ക് ഓടിയെങ്കിലും അക്രമികൾ പിന്തുടർന്നു. ഷെഡിന് സമീപത്തുവച്ച് വീണ്ടും വെട്ടിവീഴ്ത്തി. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സജിനിയുടെയും അമ്മ മാധവിയുടെയും കൺമുന്നിലായിരുന്നു കൊടും ക്രൂരത. തടയാൻ ശ്രമിച്ച ഇരുവരെയും അക്രമികൾ ഭീഷണിപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ ധനരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ധനരാജിന്റെ ശരീരത്തിൽ 37 വെട്ടുകളാണ് അക്രമികൾ ഏൽപ്പിച്ചത്. മൂന്നുവയസ്സുള്ള കുഞ്ഞ് ഉറങ്ങിക്കിടന്ന മുറിയുടെ ചുമരിലേക്കുപോലും രക്തം തെറിച്ചു. സ്വന്തം വീട്ടിൽവച്ച് ഇത്രയും ക്രൂരമായി ഒരാളെ കൊലപ്പെടുത്തിയത് അതിക്രൂരമാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി നിരീക്ഷിച്ചു. ഇറച്ചിക്കടയിൽപോലും ഇത്തരത്തിൽ വെട്ടില്ലെന്നായിരുന്നു ജഡ്ജി കെ എൻ പ്രശാന്തിന്റെ പരാമർശം.
ധനരാജിന്റെ മരണത്തോടെ സജിനിക്ക് മക്കളെയും ചേർത്തുപിടിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടിവന്നു. ഇതിനിടെ നിയമനടപടികളും നീണ്ടു. കൊലപാതകത്തിന് പിറ്റേന്ന് രണ്ട് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽ പേർ പ്രതികളായി. ആകെ 20 പേരെയാണ് പ്രതിചേർത്തത്.
2025 സെപ്തംബറിലാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. സജിനിയും അമ്മ മാധവിയും ഉൾപ്പെടെ 43 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ 127 രേഖകളും ആയുധങ്ങളും വസ്ത്രങ്ങളും വാഹനങ്ങളും ഉൾപ്പെടെ 33 തൊണ്ടിമുതലുകളും ഹാജരാക്കി.
'ധനരാജേട്ടൻ കൊല്ലപ്പെടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. അന്നത്തെ സംഭവത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.' വിധിക്കുമുമ്പ് സജിനി പറഞ്ഞ വാക്കുകളാണിത്. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നുമായിരുന്നു സജിനിയുടെ ആവശ്യം.
ഒടുവിൽ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി പി ബിജു, എം വിപിൻ, എം വൈശാഖ് എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. കുറ്റക്കാരുടെ ശിക്ഷ നവംബർ 25ന് പ്രഖ്യാപിക്കും. പത്തുവർഷം മുമ്പ് കൺമുന്നിൽനിന്ന് നഷ്ടപ്പെട്ട ധനരാജിനെ ഒരു വിധിക്കും സജിനിക്ക് തിരികെ നൽകാനാകില്ല. എന്നാൽ, ആ ക്രൂരതയ്ക്ക് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഇത്രയുംകാലം നടത്തിയ കാത്തിരിപ്പിൽ നിർണായകമായൊരു ദിവസമാണ് കടന്നുപോയത്.









0 comments