ധനരാജ് വധക്കേസ്; വിധിയിൽ നിർണായകമായത് പി വി പ്രജീഷിന്റെ മൊഴി

തളിപ്പറമ്പ്: കുന്നരു കാരന്താട്ടെ സിപിഐ എം പ്രവർത്തകൻ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധിയിൽ നിർണായകമായത് ഒന്നാംസാക്ഷി പി വി പ്രജീഷിന്റെ മൊഴി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ
ധനരാജ് വധക്കേസിന്റെ വിചാരണയിൽ പരാതിക്കാരനും ഒന്നാംസാക്ഷിയുമായ പി വി പ്രജീഷ് നൽകിയ മൊഴി വിധിയെ നിർണായകമാക്കി.
കുന്നരു സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ പി വി പ്രജീഷ് പ്രോസിക്യൂഷന് അനുകൂലമായി ശക്തമായ മൊഴിയാണ് നൽകിയിരുന്നത്. 2016 ജൂലൈ 11ന് സംഭവദിവസം രാത്രി 9.45ന് സിപിഐ എം കുന്നരു ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു പ്രജീഷ്.
ധനരാജിന്റെ വീടിന് സമീപം എത്തിയപ്പോൾ ഉച്ചത്തിലുള്ള നിലവിളി കേട്ടു. സംഭവമറിയാൻ ധനരാജിന്റെ വീടിന് അടുത്തേക്ക് പോയി. അവിടെവച്ച് തനിക്ക് പരിചയമുള്ള ആർഎസ്എസ് ബിജെപി പ്രവർത്തകരായ ബിജു, രാജേഷ്, പ്രജിത്ത് ലാൽ, എം വിപിൻ, ബിജു ആലക്കാട്, രാജേഷ് കാരയിൽ, കണ്ടാലറിയാവുന്ന മൂന്നുപേരും മഴു, വടിവാൾ എന്നിവയുമായി വീട്ടുമുറ്റത്ത് നിൽക്കുന്നത്കണ്ട പ്രജീഷ് തൊട്ടടുത്ത പറമ്പിലേക്ക് ഓടിപ്പോയി.
കുറച്ചുകഴിഞ്ഞ് അവരെല്ലാവരും പാറേക്കാവ് ക്ഷേത്ര ഭാഗത്തേക്ക്പോയി. ഉടൻ ധനരാജിന്റെ വീട്ടിലേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ ബൈക്ക് വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായും അമ്മ വീടിന്റെ പിറകുവശത്തുനിന്ന് കരയുന്നതായും കണ്ടു. നോക്കിയപ്പോൾ ധനരാജ് തൊട്ടടുത്ത ഷെഡിന് സമീപത്തുള്ള തെങ്ങിൻചുവട്ടിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്നതായും കണ്ടു.
ധനരാജിന്റെ ഇരുകാലുകൾക്കും നെഞ്ചിനും കൈക്കും വേട്ടേറ്റിരുന്നു. ബഹളംകേട്ട് ഓടിവന്ന അയൽവാസികൾ ചേർന്ന് തൊട്ടടുത്തവീട്ടിലുള്ള കാറിൽ കയറ്റി പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചെന്നും പ്രജീഷ് കോടതിയിൽ മൊഴി നൽകിയിരുന്നു.
രാഷ്ട്രീയ വിരോധത്താൽ ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് ധനരാജിനെ ഇല്ലാതാക്കിയതെന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും അദ്ദേഹം ധരിച്ച വസ്ത്രങ്ങളും കേസിലെ പ്രധാന പ്രതികളേയും കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
വിധിപരാമർശത്തിൽ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ പ്രജീഷിന്റെ മൊഴിയിലെ വിശ്വാസതയെക്കുറിച്ച് കോടതിയുടെ നിരീക്ഷണത്തെ എതിർഭാഗം അഭിഭാഷകൻ പരാമർശിച്ചപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ച 37വെട്ട് ആസൂത്രിത കൊലപാതക ത്തിനുള്ള തെളിവാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി കെ ശ്രീധരൻ, പ്രോസിക്യൂട്ടർ യു രമേശൻ, അഡ്വ. ടി വി വിനീഷ് എന്നിവർ ഹാജരായി. ധനരാജിന്റെ ഭാര്യ സജിനി, സിപിഐ എം നേതാക്കളായ എ എൻ ഷംസീർ, ടി ഐ മധുസൂദനൻ, സി കൃഷ്‌ണൻ, അഡ്വ. പി സന്തോഷ്, കെ പത്മനാഭൻ, സി എം കൃഷ്‌ണൻ, കെ സന്തോഷ്, സി സത്യപാലൻ തുടങ്ങിയ നേതാക്കളും വിധികേൾക്കാനെത്തി. ഡിവൈഎസ്‌പി ടി പി സുമേഷ്, ഡിവൈഎസ്‌പി അനിൽകുമാർ, സിഐമാരായ കെ പി ശ്രീഹരി, ഉമേശൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോടതി പരിസരത്ത് എത്തിയിരുന്നു.








0 comments