മദ്യപിച്ച് വാഹനമോടിച്ച 1708 പേർ പിടിയിൽ

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: കേരള പൊലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ ‘മെഗാ കോമ്പിങ് 2'വിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 1708 കേസുകൾ രജിസ്റ്റർ ചെയ്തു. 21ന് വൈകിട്ട് നാലുമുതൽ രാത്രി 10 വരെയും 22ന് രാത്രി 12 മുതൽ രാവിലെ ആറുവരെയും രണ്ടുഘട്ടമായാണ് പരിശോധന നടത്തിയത്.
2780 ടൂറിസ്റ്റ് വാഹനങ്ങളടക്കം 34,180 വാഹനങ്ങൾ പരിശോധിച്ചു. വാഹനപരിശോധനയിൽ പാലക്കാട് (2901), മലപ്പുറം (2748) ജില്ലകളും ടൂറിസ്റ്റ് വാഹനപരിശോധനയിൽ കാസർകോട് (367), ഇടുക്കി (356) ജില്ലകളുമാണ് മുന്നിൽ. പാലക്കാട് (203), പത്തനംതിട്ട (155) ജില്ലകളിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് കൂടുതൽ കേസുകൾ.
പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ് പരിശോധനയിൽ 66 കേസുകൾ കണ്ടെത്തി. ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി 259 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 157 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാലക്കാട്ട് വാഹനപരിശോധനയിൽ 55.186 ഗ്രാം എംഡിഎംഎയും ആലപ്പുഴയിൽ 12.870 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.
അബ്കാരി നിയമപ്രകാരം 685 കേസുകളും കോട്പ പ്രകാരം 248 കേസുകളും ഗെയിമിങ് ആക്ടുപ്രകാരം 16 കേസുകളും പ്രത്യേക പ്രാദേശിക നിയമങ്ങൾപ്രകാരം 338 കേസുകളും രജിസ്റ്റർ ചെയ്തു. കോടതികളിൽനിന്നുള്ള 122 വാറന്റുകളും 641 ജാമ്യമില്ലാ വാറന്റുകളും നാലു കരുതൽ തടങ്കൽ ഉത്തരവുകളും നടപ്പാക്കി.
ഗുരുതര കുറ്റകൃത്യങ്ങളിലെ 28 പ്രതികളെയും ഒളിവിലായിരുന്ന മൂന്നു കുറ്റവാളികളെയും അറസ്റ്റ് ചെയ്തു. സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനായി 1152 പരിശോധനകൾ സംഘടിപ്പിച്ചു. കാപ്പ നിയമപ്രകാരം സെക്ഷൻ 15 പ്രകാരം 46 കേസുകൾ രജിസ്റ്റർ ചെയ്തു. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുള്ള ഇടങ്ങൾ പരിശോധിച്ച് 224 പേരെയും 80 തീവ്രവാദ സ്വഭാവമുള്ളവരെയും പരിശോധിച്ചു.








0 comments