ad
Deshabhimani

വികസനം മാർക്കിടും; മലയോരവും ഒപ്പം ചേരും

kannur
avatar
പി പി സതീഷ്‌കുമാർ

Published on Mar 11, 2026, 06:34 AM | 2 min read

കണ്ണൂർ : കല്യാടെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം കണ്ണൂരിലെ അതിശയിപ്പിക്കുന്ന കാഴ്‌ചയാണ്‌. മൂന്നൂറേക്കറിൽ തലയുയർത്തിനിൽക്കുന്ന മനോഹര നിർമിതി. അർബുദ ചികിത്സയിൽ, വാർധക്യത്തിലെ അവശതകൾ ലഘൂകരിക്കാനുള്ള ഗവേഷണത്തിൽ ആയുർവേദത്തെ വിളക്കിച്ചേർക്കുന്ന കേന്ദ്രം സമീപഭാവിയിൽ കേരളത്തിന്റെ അഭിമാനമുദ്രയായി മാറുമെന്നുറപ്പ്‌. താളിയോല ഗവേഷണകേന്ദ്രവും ആയുർവേദ നഴ്‌സറിയും നൂറ്‌ കിടക്കകളുള്ള ഗവേഷണ ചികിത്സാകേന്ദ്രവും ഉൾപ്പെടെ വന്പൻ ലക്ഷ്യങ്ങളുണ്ട്‌ ഇ‍ൗ സ്ഥാപനത്തിന്‌. വികസനം ഉത്തരകേരളത്തിലേക്ക്‌ എത്തിനിൽക്കാൻ മടിച്ചിരുന്ന കാലം കഴിഞ്ഞുവെന്ന്‌ ഓർമിപ്പിക്കുന്നുണ്ട്‌ കണ്ണൂരിലെ കാഴ്‌ചകൾ. വേങ്ങാട്‌ ആരംഭിക്കാനിരിക്കുന്ന സയൻസ്‌ പാർക്കും ഐടി പാർക്കും കണ്ണൂരിനെ കേരളത്തിലെ നാലാമത്തെ ഐടി ഹബ്ബാക്കും.


ഏത്‌ കൊടുങ്കാറ്റിലും ഉലയാത്തതാണ്‌ കണ്ണൂരിന്റെ രാഷ്ട്രീയബോധ്യങ്ങൾ. കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങളിലൂടെ അടിയുറച്ചതാണ്‌ കണ്ണൂരിലെ ഗ്രാമനഗരങ്ങളുടെ രാഷ്ട്രീയം. ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫിനും ബിജെപിക്കും ആഹ്ലാദിക്കാനുള്ളതൊന്നും കണ്ണൂരിലുണ്ടാവാറില്ല.


2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒന്പതും എൽഡിഎഫിനായിരുന്നു. പയ്യന്നൂർ, തളിപ്പറന്പ്‌, കല്യാശേരി, കണ്ണൂർ, ധർമടം, മട്ടന്നൂർ, കൂത്തുപറന്പ്‌, തലശേരി, അഴീക്കോട്‌ മണ്ഡലങ്ങളാണ്‌ എൽഡിഎഫിന്‌. മലയോര മണ്ഡലങ്ങളായ പേരാവൂരിലും ഇരിക്കൂരിലും മാത്രമാണ്‌ യുഡിഎഫുള്ളത്‌. ജില്ലയിലെ വികസനം മാർക്കിട്ടാൽ ഇ‍ൗ മണ്ഡലങ്ങളും ഇത്തവണ ഇടത്തോട്ട്‌ ചായും. ബിജെപി ജില്ലയിൽ ഒരിടത്തും നിർണായക ശക്തിയല്ല.


കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ണൂർ കരുത്തോടെ എൽഡിഎഫിന്റെ കോട്ട കാത്തു. 25 സീറ്റുള്ള ജില്ലാ പഞ്ചായത്തിൽ 18 ഡിവിഷനിലും എൽഡിഎഫാണ്‌. ഒന്പത്‌ നഗരസഭകളിൽ ആറിടത്ത്‌ എൽഡിഎഫും മൂന്നിടത്ത്‌ യുഡിഎഫും. 71 ഗ്രാമപഞ്ചായത്തുകളിൽ 49 എണ്ണവും എൽഡിഎഫ് ഭരണത്തിൽ. 11 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ ഒന്പതും ഭരിക്കുന്നത്‌ എൽഡിഎഫ്‌. കണ്ണൂർ കോർപറേഷൻ യുഡിഎഫിനൊപ്പമാണ്‌. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടവും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ തളിപ്പറന്പും സ്‌പീക്കർ എ എൻ ഷംസീറിന്റെ തലശേരിയുമാണ്‌ വിഐപി മണ്ഡലങ്ങൾ.


എൽഡിഎഫ്‌ സർക്കാരിന്റെ പത്തുവർഷങ്ങൾ കണ്ണൂരിന്റെ കാഴ്‌ചയെ മാറ്റിമറിച്ചിരിക്കുന്നു. പൂർത്തിയായ വികസന പദ്ധതികൾ എണ്ണമറ്റതാണ്‌. തുടക്കമിട്ട പദ്ധതികളും ഏറെയുണ്ട്‌. ഉമ്മൻചാണ്ടിയുടെ കാലത്ത്‌ സൈനിക വിമാനമിറക്കി ഉദ്‌ഘാടനംചെയ്‌ത കണ്ണൂർ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനങ്ങൾ പറന്നിറങ്ങുന്നതാക്കിമാറ്റിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌.


മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌ ഇൻ ബീച്ചിനെ ആധുനിക വിനോദസഞ്ചാരകേന്ദ്രമാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. ഇവിടെ കെടിഡിസി സംസ്ഥാനത്തെ ആദ്യപഞ്ചനക്ഷത്ര റിസോർട്ട്‌ ഫെബ്രുവരിയിൽ തുറന്നു. ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും തലശേരി കോടിയേരിയിലെ മലബാർ റീജണൽ കാൻസർ സെന്ററിലെ റോബോട്ടിക്‌ സർജറിയും ആരോഗ്യകേരളത്തിന്റെ പുതിയ അനുഭവമാണ്‌. ആറുവരിയിൽ ദേശീയപാത നിർമാണം പൂർത്തിയാകുന്നു. 40 വർഷം മുടങ്ങിക്കിടന്ന തലശേരി– മാഹി ബൈപ്പാസ്‌ പൂർത്തിയായി. തലശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി, പിണറായിയിലെ എഡ്യുക്കേഷൻ ഹബ്‌, തളിപ്പറന്പ്‌ നാടുകാണിയിലെ സൂ സഫാരി പാർക്ക്‌.... തുടങ്ങിയ പദ്ധതികൾ കേരളത്തെ ബഹുദൂരം മുന്നിലേക്ക്‌ നയിക്കും. അന്തിമ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ 21,60,497 വോട്ടർമാരുണ്ട്‌. സ്‌ത്രീവോട്ടർമാരാണ്‌ കൂടുതൽ– 11,18,589. പുരുഷവോട്ടർമാർ– 10,41,897. ട്രാൻസ്‌ജെൻഡർ 11.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home