Deshabhimani

ഉത്സവത്തിനിടെ ആനയിടയൽ: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം സഹായം കൈമാറി

devaswom minister
വെബ് ഡെസ്ക്

Published on Feb 17, 2025, 07:40 PM | 1 min read

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി. ദുരന്തം നടന്ന ക്ഷേത്രത്തിലും മരിച്ചവരുടെ വീടുകളിലുമെത്തിയ ദേവസ്വം മന്ത്രി വി എൻ വാസവനാണ് ചെക്ക് കൈമാറിയത്. മരിച്ച വടക്കയിൽ രാജന്റെ സഹോദരൻ വടക്കയിൽ ദാസന് ക്ഷേത്ര പരിസരത്തുനിന്നാണ്‌ ധനസഹായം കൈമാറിയത്‌. കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ എന്നിവരുടെ ആശ്രിതർക്കുള്ള ധനസഹായം അവരുടെ വീടുകളിലെത്തി നൽകി.


ഗുരുവായൂർ ദേവസ്വം മൂന്ന് ലക്ഷം, മലബാർ ദേവസ്വം രണ്ട് ലക്ഷം എന്നിങ്ങനെ അഞ്ചുലക്ഷം രൂപക്കുള്ള ചെക്കുകളാണ് മന്ത്രി കൈമാറിയത്. ദാരുണമായ സംഭവമാണ് ക്ഷേത്രത്തിൽ നടന്നതെന്നും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കുന്നതോടൊപ്പം ഗുരുതരമായി പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകാൻ മലബാർ ദേവസ്വം കമീഷണറോട് മന്ത്രി ആവശ്യപ്പെട്ടു. നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി പാലിക്കണം. ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായും ജനപ്രതിനിധികളുമായും സംസാരിച്ചു.


ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ വിനയൻ, മലബാർ ദേവസ്വം ബോർഡ് കമീഷണർ ടി സി ബിജു, നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്,കെ കെ മുഹമ്മദ്, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ, സ്ഥിരം സമിതി ചെയർമാൻ കെ ഷിജു, കൗൺസിലർ സി പ്രഭ, മലബാർ ദേവസ്വം ബോർഡ് അംഗങ്ങളായ പ്രജീഷ് തിരുട്ടിയിൽ, ടി എൻ കെ ശശീന്ദ്രൻ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായി.



deshabhimani section

Related News

0 comments
Sort by

Home