ad
Deshabhimani

സിപിഐ എം നിർമിച്ച്‌ നൽകുന്ന വീടിന്‌ കല്ലിട്ടു

print edition ദേവപ്രിയ ഇന്ത്യയുടെ അഭിമാനമാകും: എം വി ഗോവിന്ദൻ

devapriya

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ എം എം മണി എംഎൽഎ കല്ലിടുന്നു. ജില്ലാ സെക്രട്ടറി സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം

avatar
സ്വന്തം ലേഖകൻ

Published on Oct 30, 2025, 12:03 AM | 2 min read

ചെറുതോണി: പരിശ്രമംകൊണ്ടും കഠിനാധ്വാനംകൊണ്ടും വൻകുതിപ്പിലേക്ക്‌ മുന്നേറുന്ന പ്രതിഭാധനയായ ദേവപ്രിയ രാജ്യത്തിന്‌ അഭിമാനമായി മാറുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്‌കൂൾ ഒളിന്പിക്‌സിൽ 100 മീറ്റർ ഓട്ടത്തിൽ 38 വർഷത്തെ റെക്കോഡ്‌ ഭേദിച്ച ദേവപ്രിയയ്‌ക്ക്‌ സിപിഐ എം ജില്ലാ കമ്മിറ്റി നിർമിച്ച്‌ നൽകുന്ന വീടിന്റെ നിർമാണം കൂട്ടക്കല്ലിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഓൺലൈനായി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


മലയോരമേഖലയിൽനിന്ന്‌ ഒട്ടേറെ കുട്ടികൾ കായികരംഗത്ത്‌ വളർന്ന്‌ വരുന്നത്‌ സന്തോഷകരമാണ്‌. ദേവപ്രിയ ഇനി നാടിന്റെ പൊതുസ്വത്താണ്‌. നല്ല ഭവനാന്തരീക്ഷത്തിലും സാമൂഹ്യാന്തരീക്ഷത്തിലും വളരാനുള്ള പശ്‌ചാത്തലം ഒരുക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്വമാണ്‌ സിപിഐ എം ഏറ്റെടുത്തത്‌. ദേവപ്രിയയ്‌ക്ക്‌ നല്ല ഗൃഹാന്തരീക്ഷം ഇല്ലെന്നത്‌ വേദനയോടെ പരിശീലകൻ ടിബിൻ ജോസഫ്‌ പറഞ്ഞത്‌ ലോകം കണ്ടു. ആ കണ്ണുനീർ ആദ്യംകണ്ടത്‌ സിപിഐ എം ജില്ലാ കമ്മിറ്റിയാണ്‌. ജില്ലാ കമ്മിറ്റിയുടെ തീരുമാനം മാതൃകയാക്കിയാണ്‌ മികവ്‌ തെളിയിച്ച ഭവനരഹിതരായ 50 മെഡൽ ജേതാക്കൾക്ക്‌ വീട്‌ വച്ചു നൽകാൻ വിദ്യാഭ്യാസവകുപ്പും തീരുമാനിച്ചത്‌. സ്‌കൂൾ ഒളിന്പിക്‌സിൽ പങ്കെടുത്ത മത്സരാർഥികളെ നേരിൽകാണാനും മീറ്റ്‌ ഗ്ര‍ൗണ്ടിൽ എ ത്താനും കഴിഞ്ഞത്‌ പ്രത്യേക അനുഭവമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


കാൽവരി സ്‌കൂളിൽ ദേവപ്രിയക്കും ടിബിൻ ജോസഫിനും നൽകിയ സ്വീകരണത്തിൽ പങ്കെടുത്തശേഷമാണ്‌ ദേവപ്രിയ എത്തിയത്‌. എം എം മണി എംഎൽഎ കല്ലിടൽച്ചടങ്ങ്‌ നടത്തി. ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്‌റ്റ്യൻ സ്വാഗതം പറഞ്ഞു.


ദേവപ്രിയയെ കാത്തിരിക്കുന്നത്‌ 
വൻവിജയങ്ങൾ: മന്ത്രി


സംസ്ഥാന സ്‌കൂൾ ഒളിന്പിക്‌സിലെ വേഗതാരം ദേവപ്രിയയെ കാത്തിരിക്കുന്നത്‌ വൻവിജയങ്ങളാണെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ദേവപ്രിയയ്‌ക്ക്‌ സിപിഐ എം നിർമിക്കുന്ന വീടിന്റെ കല്ലിടൽ ചടങ്ങിൽ ഓൺലൈനായി ആശംസ അറിയിക്കുകയായിരുന്നു മന്ത്രി. 22,000 താരങ്ങളാണ്‌ സ്‌കൂൾ ഒളിന്പിക്‌സിൽ പങ്കെടുത്തത്‌. അതിൽ നിന്നാണ്‌ വേഗതാരമായി ദേവപ്രിയ കുതിച്ചുയർന്നത്‌. റെയിൽവേ താരം സിന്ധു മാത്യുവിന്റെ 38 വർഷം പഴക്കമുള്ള റെക്കോഡ്‌ തകർത്ത മാത്രയിൽതന്നെ ദേവപ്രിയയെ ഫോണിൽവിളിച്ച്‌ അഭിനന്ദിച്ചിരുന്നു. ദേവപ്രിയ നാട്ടിലെത്തിയ നിമിഷംതന്നെ വീടിന് കല്ലിടാനായത്‌ അഭിനന്ദനാർഹമാണ്‌. ഇ‍ൗ മാതൃക സ്വീകരിച്ചാണ്‌ വീടില്ലാത്ത 50 കായികതാരങ്ങൾക്ക്‌ വീട്‌ നിർമിച്ചുനൽകാൻ വിദ്യാഭ്യാസവകുപ്പ്‌ തീരുമാനിച്ചത്‌. ഇതിനകം 50 വീടുകൾക്കും സ്‌പോൺസർമാർ വന്നെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home