print edition കളിക്കുന്നത് കരാർ ലോബി; കള്ളവുമായി മനോരമ, ലക്ഷ്യം ഉൗരാളുങ്കൽ

തിരുവനന്തപുരം: നിലവാരമുള്ള പ്രവൃത്തിയെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ പ്രശംസിച്ചതിന് തൊട്ടുപിന്നാലെ ഉൗരാളുങ്കലിനെതിരെ കള്ളകഥയുമായി മനോരമ. ‘സ്‌പീക്കറുടെ റൂളിങ്; ഉൗരാളുങ്കലിന് വെട്ട്’ എന്ന മനോരമവാർത്ത കരാർ ലോബിയെ സഹായിക്കാനാണെന്ന് വ്യക്തം.
ഡേറ്റ സെന്ററിന്റെ വാർഷിക പരിപാലനച്ചുമതലയിൽനിന്ന് ഊരാളുങ്കലിനെ നീക്കി എന്നതാണ് ഒരുകള്ളം. 2025 ജനുവരിയിൽ ഡേറ്റ സെന്ററിന്റെ വാറന്റി അവസാനിച്ചിരുന്നു. അതിനാൽ പരിപാലനത്തിനുള്ള എഎംസി കാലാവധി അവസാനിച്ചു. എന്നാൽ തുടർന്നും എഎംസി ചുമതല ഏറ്റെടുക്കാൻ നിയമസഭാ സെക്രട്ടറി രണ്ടുതവണ കത്തയച്ചെങ്കിലും ഉൗരാളുങ്കൽ വിസമ്മതിച്ചു. ഇതാണ് ഉൗരാളുങ്കലിനെ ഒഴിവാക്കി എന്ന് മനോരമ കണ്ടെത്തിയത്.
ഇ–നിയമസഭയിൽ നേരത്തേ വൻ ക്രമക്കേട് കണ്ടെത്തി, ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലനച്ചുമതലയിൽനിന്ന് ഉൗരാളുങ്കലിനെ ഒഴിവാക്കി പൊതുമരാമത്ത് വകുപ്പിനുനൽകാൻ തീരുമാനിച്ചു എന്നീ കള്ളങ്ങളും മനോരമ തട്ടിവിട്ടിട്ടുണ്ട്. ഹാളിന്റെ പരിപാലന ചുമതല ഒരു വർഷമായി സൊസൈറ്റിക്കല്ല.
ഹാൾ കൈമാറിയ 2020 ജനുവരി മൂന്നുമുതൽ അഞ്ചുവർഷത്തേക്കായിരുന്നു ഡിഫക്റ്റ് ലയബിലിറ്റി പീരീഡ് (ഡിഎൽപി). 2025 ജനുവരി രണ്ടിന് ഇത് അവസാനിച്ചു. തുടർന്ന് ഹാൾ പരിപാലനം പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് സൊസൈറ്റിതന്നെ ആവശ്യപ്പെട്ടു.
പിഡബ്ല്യുഡി ഇത് ഏറ്റെടുക്കുന്നത് നീണ്ടുപോയെങ്കിലും 2025 ജനുവരി മൂന്നിന് ശേഷം ഡിഎൽപി ദീർഘിപ്പിച്ച് ഉത്തരവിറക്കുകയോ സൊസൈറ്റിയുമായി പുതിയ പരിപാലനക്കരാർ വയ്ക്കുകയോ ചെയ്‌തിട്ടില്ല. ഇല്ലാത്ത ചുമതലയിൽനിന്ന് ഒഴിവാക്കിയെന്നാണ് മനോരമയുടെ കണ്ടെത്തൽ. ഹാളിലേക്ക് ആവശ്യമായ പ്രവൃത്തികൾ ഊരാളുങ്കൽചെയ്തില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്ന ആരോപണവും കള്ളമാണ്.











0 comments