print edition വി എസ് അനുസ്‌മരണം ഒഴിവാക്കിയിട്ടില്ല; ദേശാഭിമാനിക്കെതിരായ പ്രചാരണം ഹീനം

തിരുവനന്തപുരം: ദേശാഭിമാനി പത്രത്തിന്റെ വാരാന്തപ്പതിപ്പ് ഞായറാഴ്‌ച ഇറങ്ങാത്തത് അച്ചടിയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണത്താലാണെന്ന് റസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. വി എസിന്റെ അനുസ്‌മരണക്കുറിപ്പ് ഒഴിവാക്കിയെന്ന പ്രചാരണം ഹീനവും അടിസ്ഥാനരഹിതവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഒന്നാം പേജിലും നാലാംപേജിലും വി എസിന്റെ അനുസ്‌മരണവും പടങ്ങളും ഉൾപ്പെട്ട വാരാന്തപ്പതിപ്പാണ് ദേശാഭിമാനി തയ്യാറാക്കിയത്. അവ തിങ്കളാഴ്‌ചത്തെ പത്രത്തിനൊപ്പം ലഭിക്കും. വി എസിനെപോലെ ഒരാളെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ഖേദകരമാണ്.
വി എസിന്റെ ചരമദിനം 21നാണ്. അന്നിറങ്ങുന്ന പത്രത്തിലും അതിനുമുന്പിറങ്ങുന്ന വാരാന്തപ്പതിപ്പിലും വി എസിനെ അനുസ്‌മരിക്കുന്ന ലേഖനങ്ങൾ സംബന്ധിച്ച് നേരത്തെ തീരുമാനിച്ചിരുന്നു. 21ന്റെ പത്രത്തിൽ വിഎസ് അനുസ്‌മരണത്തിന്റെ പ്രത്യേക പേജുണ്ടാകും. വാരാന്തപ്പതിപ്പിൽ കെ വി സുധാകരന്റെ അനുസ്‌മരണ ലേഖനത്തിനാണ് പ്രാധാന്യം. ഇതൊഴിവാക്കണമെന്ന് ആരും ചിന്തിച്ചിട്ടുപോലുമില്ല. സാങ്കേതിക കാരണത്താൽ അച്ചടിക്കാനായില്ല എന്നുമാത്രം.
ദേശാഭിമാനിയുടെ ഒരു യൂണിറ്റിൽ പത്രം അച്ചടിക്കുന്നത് സ്വകാര്യ പ്രസിലാണ്. അവിടെ യന്ത്രത്തകരാർ സംഭവിച്ചതിനാൽ തൊട്ടടുത്ത മറ്റൊരു യൂണിറ്റിലാണ് രണ്ടിടത്തേക്കുമുള്ള പത്രം അച്ചടിക്കുന്നത്. അതിന്റെ ക്രമീകരണങ്ങളുടെ ഭാഗമായാണ് വാരാന്തപ്പതിപ്പ് തിങ്കളാഴ്‌ചത്തേക്ക് മാറ്റിയത്.
അച്ചടിച്ച പത്രം കൊടുത്തിട്ടില്ലെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. പത്രത്തോടൊപ്പമാണ് വാരാന്തപ്പതിപ്പും അച്ചടിക്കുന്നത്. ഒരു നാടകവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തയും അടിസ്ഥാനരഹിതമാണെന്ന് സ്വരാജ് പറഞ്ഞു.










0 comments