ad
Deshabhimani

ദേശാഭിമാനി പുരസ്കാരം ആനന്ദിന്‌

deshabhimani award.jpeg
വെബ് ഡെസ്ക്

Published on Feb 05, 2026, 10:35 PM | 1 min read

തിരുവനന്തപുരം : സമഗ്ര സംഭാവനയ്ക്കുള്ള ഇ‍ൗ വർഷത്തെ ദേശാഭിമാനി പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ആനന്ദിന്. മൂന്നുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം പിന്നീട്‌ സമ്മാനിക്കും. നോവൽ സാഹിത്യത്തെ ചിന്താ മണ്ഡലത്തിലും ആഖ്യാനതലത്തിലും പുതുക്കിപ്പണിയുകയും ജനാധിപത്യത്തിന്റെ ജീർണ്ണതകളും നവ ഫാസിസ്‌റ്റ്‌ അധികാര ഘടനയുടെ കരാളതയും പ്രവചന സ്വഭാവത്തോടെ ചിത്രീകരിക്കുകയും ചെയ്ത എഴുത്തുകാരൻ കൂടിയാണ്‌ പി സച്ചിദാനന്ദൻ എന്ന ആനന്ദ്‌.


എഴുത്തിലെ വൈവിധ്യം കൊണ്ട്‌ മാത്രമല്ല, അതുവരെ അപരിചിതമായ മനുഷ്യാവസ്ഥയുടെ വ്യത്യസ്ത മേഖലകളിലേക്ക്‌ വായനക്കാരെ കൊണ്ടുപോവുകയായിരുന്നു ആനന്ദ്. നോവൽ, കഥ, നാടകം, ലേഖനം തുടങ്ങി വിവിധ മേഖലകളിലായി ഇരുപതോളം കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്‌. ശിൽപകലയിലും സംഭാവനകൾ നൽകി.


ആൾക്കൂട്ടം, അഭയാർഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത്‌, ഗോവർധന്റെ യാത്രകൾ, ജൈവ മനുഷ്യൻ, മരണ സർട്ടിഫിക്കറ്റ്, ഉത്തരായനം, വ്യാസനും വിഗ്നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങൾ, സംഹാരത്തിന്റെ പുസ്‌തകം, വിഭജനങ്ങൾ, പരിണാമത്തിന്റെ ഭൂതങ്ങൾ, ദ്വീപുകളും തീരങ്ങളും, തുടങ്ങിയവയാണ് പ്രധാന കൃതികൾ.

കേരളസാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് (1993) എന്നിവ ലഭിച്ചു. 2019ൽ എഴുത്തച്ഛൻ പുരസ്കാരവും ലഭിച്ചു. 1936ൽ ജനിച്ച ആനന്ദ് ഇരിങ്ങാലക്കുട സ്വദേശിയാണ്. തിരുവനന്തപുരം എൻജിനീയറിങ്ങ്‌ കോളേജിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ആനന്ദ് ഡൽഹിയിൽ സെൻട്രൽ വാട്ടർ കമീഷനിൽ പ്ലാനിങ്ങ്‌ ഡയറക്ടറായാണ്‌ വിരമിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home