ad
Deshabhimani

print edition അധികാര കേന്ദ്രീകരണത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം ഉയരണം: ആനന്ദ്‌

anand writer
avatar
സ്വന്തം ലേഖകൻ

Published on Feb 25, 2026, 12:00 AM | 2 min read

ഇരിങ്ങാലക്കുട : അധികാര കേന്ദ്രീകരണത്തിനെതിരെ മാനവികത ഉയർത്തിയുള്ള സാംസ്‌കാരിക പ്രതിരോധം ഉയരണമെന്ന്‌ സാഹിത്യകാരൻ ആനന്ദ്‌. ഒന്നിനെയും അവസാന വാക്കായി കാണാത്ത, വികൽപ്പങ്ങളിലൂടെയുള്ള സ്വഭാവിക യാത്രയാണ്‌ ആവശ്യം. മനുഷ്യന്റെ ജീവിതത്തിലും ആലോചനയിലുമുള്ള ഒരു വിഭാഗം മാത്രമാണ്‌ സാഹിത്യം. എല്ലാത്തിനെയും ഉൾക്കൊള്ളുന്നത്‌ സംസ്‌കാരമാണ്‌. മൂല്യങ്ങളെ വികസിപ്പിച്ചും ആർജിച്ചുമുള്ള സംസ്‌കാരത്തിന്റെ യാത്ര കൂടുതൽ വെളിച്ചത്തിലേക്ക്‌ കൊണ്ടുപോകണം. ദേശാഭിമാനി സമഗ്ര സംഭാവനാ പുരസ്‌കാരം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ട്‌ മഹായുദ്ധങ്ങളും വിപ്ലവങ്ങളും ഉണ്ടായി. യുദ്ധങ്ങൾ അവസാനിച്ചത്‌ വേറെ വികൽപ്പങ്ങളൊന്നുമില്ല എന്ന മട്ടിൽ അണുബോംബ്‌ പ്രയോഗിച്ചാണ്‌. ഇന്ന്‌ ഇന്ത്യയടക്കം പത്തോളം രാജ്യങ്ങൾ അണുബോംബ്‌ കാണിച്ച്‌ മറ്റുള്ളവരെ പേടിപ്പിക്കുന്നു. റഷ്യൻ– ചൈനീസ്‌ വിപ്ലവങ്ങളും നടന്നു. അവിടെയും വികൽപ്പങ്ങളെ നിഷേധിക്കുന്ന രീതിയുണ്ടായി. അധികാരം കുറച്ചാളുകളിലേക്ക്‌ കേന്ദ്രീകരിക്കുകയാണ്‌. ഒരു സമരവും മുൻകുട്ടി ഒരു ലക്ഷ്യത്തിലേക്ക്‌ കൊണ്ടുപോകേണ്ടതില്ലെന്നാണ്‌ ഗാന്ധിജി പറഞ്ഞത്‌. സ്വാതന്ത്ര്യസമര കാലത്ത്‌ ഗാന്ധിയും ബ്രിട്ടീഷ്‌ കൊളോണിയൽ സർക്കാരും തമ്മിൽ നിരന്തരം സംവാദങ്ങൾ നടന്നിരുന്നു. എന്നാൽ, ഗാന്ധിജി സൂക്ഷിച്ച ധാർമികത ചോർന്നുപോകുന്നു.


പെട്ടെന്നുള്ള നേട്ടങ്ങൾ നോക്കി ജനങ്ങളുടെ ശ്രദ്ധ കാലഹരണപ്പെട്ട വിശ്വാസങ്ങളിലേക്കും നിയമങ്ങളിലേക്കും തിരിച്ചുവിടാനുള്ള ശ്രമം ഒരുവശത്തും ഏതെങ്കിലും നിയതമായ പ്രത്യയശാസ്‌ത്രങ്ങൾ വഴി മുന്നോട്ട്‌ പോകണമെന്ന ആശയം മറുവശത്തുമുണ്ട്‌. അതിനു പുറമേ വ്യക്തികളുടെ അധികാര മോഹവും. ആയിരങ്ങളുടെ ജീവനെടുത്ത കലാപങ്ങൾ, അരക്ഷിതാവസ്ഥ, സ്‌പർധയും അവിശ്വാസവും കൊണ്ട്‌ മലിനീകരിക്കപ്പെടുന്ന സാമൂഹ്യാവസ്ഥയും അധികാരമത്സരത്തിലും പങ്കുവയ്ക്കലിലും മുഴുകുന്നതുമാണ് ഇതിന്റെ ഫലം. അടുത്ത കാലത്ത്‌ ഇന്ത്യയിൽ മതഭ്രാന്ത്‌ ആവേശിച്ചിരിക്കുന്നു. അതിനെ മറികടക്കാനുള്ള വിശ്വാസങ്ങളും ഉണ്ടായിരുന്നു. എന്നാലിപ്പോൾ രാഷ്‌ട്രീയം ഇന്ത്യയിൽ വലിയ വ്യവസായമായി മാറി.


കുത്തകകളെപ്പോലെ നഷ്ടവും ലാഭവും നോക്കുകയാണ്‌. മൂല്യങ്ങൾ നഷ്ടപ്പെടുത്തി അധികാരം നേടാനാണ്‌ ശ്രമം. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സൂക്ഷിക്കാൻ നമുക്ക്‌ കഴിയുന്നുണ്ടോയെന്ന്‌ പരിശോധിക്കണമെന്നും ആനന്ദ്‌ പറഞ്ഞു.


പുരസ്‌കാര തുക 
ഭിന്നശേഷിക്കാരുടെ അതിജീവനത്തിന്‌


സമഗ്ര സംഭാവനയ്‌ക്കുള്ള ദേശാഭിമാനി പുരസ്‌കാര തുക ആനന്ദ്‌ ഭിന്നശേഷിക്കാരുടെ അതിജീവനത്തിന്‌ കൈമാറി. പുരസ്‌കാര തുകയായ മൂന്നു ലക്ഷം രൂപയാണ്‌ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന തൃശൂർ വെങ്ങിണിശ്ശേരിയിലെ ‘അഡാപ്‌റ്റ്‌ സൊസൈറ്റി’ക്ക്‌ കൈമാറിയത്‌. സൊസൈറ്റി പ്രസിഡന്റ്‌ എ വി സണ്ണി തുക ഏറ്റുവാങ്ങി. മാനസികവും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും വളർച്ചക്കുറവ്‌‍‍‍‍‍, സെറിബ്രൽ പാൾസി, ഓട്ടിസം, എഡിഎച്ച്‌ഡി, ഡ‍ൗൺസിൻഡ്രോം തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികൾക്ക്‌ സ‍ൗജന്യ പരിശീലനം നൽകുന്ന സ്ഥാപനമാണ്‌ അഡാപ്‌റ്റ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home