സീസൺ 14 രജിസ്‌ട്രേഷൻ തുടങ്ങി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ; സ്‌കൂൾതല മത്സരം സെപ്‌തംബർ 16ന്

കണ്ണൂർ
കേരളത്തിലെ വിദ്യാർഥികളുടെ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ’2025ന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായുള്ള അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ സീസൺ 14 വൈവിധ്യമാർന്ന മത്സരങ്ങളിലൂടെയാണ് സംഘടിപ്പിക്കുന്നത്. വിദ്യാർഥികളുടെ അറിവും മികവും പ്രോത്സാഹിപ്പിക്കുന്ന ഫെസ്‌റ്റിൽ ആകർഷക സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
www.deshabhimani.com വെബ്‌സൈറ്റിൽ സ്‌കൂളുകളാണ് രജിസ്‌റ്റർചെയ്യേണ്ടത്. മുൻ വർഷങ്ങളിൽ രജിസ്‌റ്റർചെയ്‌ത സ്‌കൂളുകൾ സ്‌കൂൾ കോഡ് ഉപയോഗിച്ച് രജിസ്‌ട്രേഷൻ പോർട്ടലിൽ കയറി വിവരങ്ങൾ അപ്‌ഡേറ്റ്‌ചെയ്യണം. ഇതുവരെ രജിസ്‌റ്റർചെയ്യാത്ത സ്‌കൂളുകൾ ന്യൂ രജിസ്‌ട്രേഷൻ ഓപ്‌ഷൻ ഉപയോഗിക്കണം. സെപ്‌തംബർ പത്താണ് അവസാന തീയതി.
സെപ്‌തംബർ 16നാണ് സ്‌കൂൾതല മത്സരം. വിജയികൾക്ക് ഉപഹാരവും പുസ്‌തകവുമാണ് സമ്മാനം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സബ്‌ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള പ്രസംഗമത്സരവും അന്ന് നടക്കും. ജേതാക്കൾക്ക് സബ്‌ജില്ലയിൽ മത്സരിക്കാം.
സബ്‌ജില്ലാ മത്സരം സെപ്‌തംബർ 27നും ജില്ലാമത്സരം ഒക്ടോബർ 12നും സംസ്ഥാനമത്സരം ഒക്ടോബർ 26നുമാണ്. ടാലന്റ് ഫെസ്‌റ്റ് സബ്‌ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 1000, 500 രൂപവീതവും ജില്ലയിൽ 10,000, 5,000 രൂപവീതവും സമ്മാനിക്കും. സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനത്തിന് ഒരു ലക്ഷം രൂപയും രണ്ടാംസ്ഥാനത്തിന് അമ്പതിനായിരം രൂപയും സമ്മാനിക്കും. ഉപഹാരവുമുണ്ടാകും.
ഹയർസെക്കൻഡറി പ്രസംഗമത്സരത്തിൽ സബ്‌ജില്ലയിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 1000 രൂപ, 500 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും ഉപഹാരവും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും നൽകും. സംസ്ഥാനതല വിജയിക്ക് 25,000 രൂപയും രണ്ടാംസ്ഥാനത്തിന് 15,000 രൂപയും സമ്മാനിക്കും.
അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് ജില്ലാമത്സരത്തിന്റെ ഭാഗമായി സയൻസ് പാർലമെന്റുകളും സംഘടിപ്പിക്കും. ശാസ്ത്രലോകത്തിന്റെ പുത്തൻ കുതിപ്പുകളെക്കുറിച്ച് പ്രമുഖ ശാസ്‌ത്രജ്ഞർ വിദ്യാർഥികളുമായി സംവദിക്കും. താൽപര്യമുള്ളവർ അക്ഷരമുറ്റം പോർട്ടലിൽ രജിസ്‌റ്റർചെയ്യണം.










0 comments