യൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം: കെ എം എബ്രഹാമിന്റെ വക്കീൽ നോട്ടീസ്; വീഡിയോ പിൻവലിച്ച് കെമാൽ പാഷ

abraham and kamal pasha

കെ എം എബ്രഹാം, വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാൽ പാഷ

വെബ് ഡെസ്ക്

Published on May 25, 2025, 10:16 PM | 2 min read

തിരുവനന്തപുരം: സ്വന്തം യൂട്യൂബ് ചാനലിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ എം എബ്രഹാമിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിരമിച്ച ഹൈക്കോടതി ജഡ്ജി കെമാൽപാഷയ്ക്ക് തിരിച്ചടി. 'ജസ്റ്റിസ് കെമാൽ പാഷ വോയിസ് ' എന്ന സ്വന്തം യൂട്യൂബ് ചാനൽ വഴി നടത്തിയ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഡോ.കെ എം എബ്രഹാം അയച്ച വക്കീൽനോട്ടീസിനെ തുടർന്ന് കെമാൽ പാഷ വീഡിയോ പിൻവലിക്കുകയും ഖേദം പ്രകടിപ്പിച്ച് വക്കീൽ നോട്ടീസിന് മറുപടി നൽകുകയും ചെയ്തു.


വിജിലൻസ് തള്ളിയ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് അധിക്ഷേപപരാമർശങ്ങളടങ്ങിയ വിഡിയോ കെമാൽ പാഷ സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. ഏപ്രിൽ 11 , 20 തീയതികളിൽ അപ് ലോഡ് ചെയ്ത രണ്ടുവീഡിയോകളിലായാണ് കെമാൽ പാഷയുടെ വിവാദ പരാമർശങ്ങൾ ‍ഉണ്ടായിരുന്നത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസിൽ കെ എം എബ്രഹാമിനെ 'കാട്ടുകള്ളൻ', 'അഴിമതി വീരൻ', 'കൈക്കൂലി വീരൻ' തുടങ്ങിയ പരാമർശങ്ങളിലൂടെ അധിക്ഷേപിക്കുകയാണ് ഉന്നതമായ ന്യായാധിപ സ്ഥാനത്തിരുന്ന കെമാൽ പാഷ ചെയ്തതെന്ന് കെ എം എബ്രഹാമിന്റെ വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി.


ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിപണി കുംഭകോണമായ സഹാറയുടെ ക്രമക്കേടുകളും അഴിമതിയും പുറത്തുകൊണ്ടുവന്ന് അതിനെതിരെ രാജ്യംകണ്ട ഏറ്റവും വലിയ പിഴത്തുകയായ 15000 കോടി രൂപ സഹാറയുടെ മേൽ ചുമത്തുന്നതിനും കാരണക്കാരനായ ഉദ്യോ​ഗസ്ഥനാണ് ഡോ.കെ എം എബ്രഹാം. ഇത്തരത്തിൽ തന്റെ സേവനകാലയളവിൽ ഉണ്ടാക്കിയ എല്ലാ സൽപ്പേരിനും കളങ്കം ചാർത്തി തന്റെ കുടുംബത്തിലും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമിടയിൽ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിലായിരുന്നു ഒരു മുൻന്യായാധിപൻ എന്ന നിലയിൽ കെമാൽ പാഷയുടെ പരാമർശങ്ങളെന്ന് കെ എം എബ്രഹാം വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഇതിനു പരിഹാരമായി വീഡിയോ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലടക്കം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും കെ എം എബ്രഹാം വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം 2കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഇതേതുടർന്നാണ് ജസ്റ്റിസ് കെമാൽ പാഷ രണ്ട് വിവാദ വീഡിയോകൾ പിൻവലിക്കുകയും പരാമർശങ്ങളിൽ അതിയായ ഖേദം പ്രകടിപ്പിച്ചുകൊണ്ട് കെ എം എബ്രഹാമിന്റെ അഭിഭാഷകന് മറുപടി നൽകുകയും ചെയ്തിരിക്കുന്നത്. തനിക്ക് ഡോ.കെ എം എബ്രഹാമിനോട് വ്യക്തിപരമായ വൈരാ​ഗ്യമില്ലെന്നും കേട്ടറിവുകളുടെ മാത്രം അടിസ്ഥാനത്തിൽ അദ്ദേഹം അഴിമതിക്കാരനാണെന്ന് കരുതി വീഡിയോ ചെയ്യുകയായിരുന്നുവെന്നും മറുപടിയിൽ കെമാൽപാഷ പറയുന്നു. അതിന്റെ അനന്തരഫലങ്ങൾ‌ തിരിച്ചറിയുന്നതിൽ താൻ പരാജയപ്പെട്ടെന്നും കെമാൽപാഷ മറുപടിയിൽ സമ്മതിക്കുന്നുണ്ട്.


കെ എം എബ്രഹാമിനെതിരെ ഒരു കണ്ടെത്തലും ഇല്ലാത്തതുകൊണ്ടും കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ടും, ഈ വിഷയത്തിൽ താൻ ഒരു അഭിപ്രായവും പറയാൻ പാടില്ലായിരുന്നു.സുപ്രീംകോടതിയുടെ സ്റ്റേ വന്നതിന് ശേഷമായിരുന്നുവെങ്കിൽ താൻ ഇങ്ങനെ ഒരു വിഡിയോ ചെയ്യില്ലായിരുന്നുവെന്നും കെമാൽ പാഷ മറുപടിയിൽ പറയുന്നുണ്ട്. കെ എം എബ്രഹാമിന്റെ പരാതിയിൽ പറയുന്ന അധിക്ഷേപ പരാമർശങ്ങൾ താൻ നടത്തിയെന്നത് നിഷേധിക്കുന്ന കെമാൽ പാഷ പക്ഷേ രണ്ടു വീഡിയോകളും നീക്കം ചെയ്തിട്ടുണ്ടെന്നും അറിയിക്കുന്നുണ്ട്. അതിനി തനിക്കും പോലും കാണാൻ കഴിയില്ലെന്നും കെമാൽപാഷ വാദിക്കുന്നുണ്ട്. തുടർന്ന് ഇങ്ങനെ രണ്ട് വീഡിയോകൾ അപ് ലോഡ് ചെയ്തതിൽ അതിയായ ഖേദം ഉണ്ടെന്നും അത് സ്വീകരിച്ച് തുടർ നിയമനടപടികളിലേക്ക് കടക്കരുതെന്നും കെമാൽപാഷ മറുപടിയിൽ പറയുന്നു. ഭാവിയിലും കെ എം എബ്രഹാമിനെതിരെ വീഡിയോയോ ലേഖനമോ പ്രസിദ്ധീകരിക്കില്ലെന്നും കെമാൽ പാഷ ഉറപ്പ് നൽകുന്നുണ്ട്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home