നോർക്ക റൂട്ട്‌സും ഡെൻമാർക്കും കരാർ കൈമാറി
print edition ആയിരത്തോളം ആരോഗ്യപ്രവർത്തകർക്ക് ഡെൻമാർക്കിൽ അവസരം

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഡെന്‍മാര്‍ക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും കേരളത്തിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ഡെൻമാർക്കിൽ തൊഴിൽ അവസരമൊരുക്കുന്ന കരാർ കൈമാറുന്നു
തിരുവനന്തപുരം
കേരളത്തിൽനിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് ഡെൻമാർക്കിൽ വൻ അവസരമൊരുക്കുന്ന കരാർ കൈമാറി നോർക്ക റൂട്ട്‌സും ഡെൻമാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും. അഞ്ച് വർഷത്തെ കരാർപ്രകാരം കേരളത്തിൽനിന്നുള്ള ആയിരത്തോളം ആരോഗ്യപ്രവർത്തകർക്ക് ഡെൻമാർക്കിൽ അവസരം ലഭിക്കും. നോർക്ക റൂട്ട്‌സും ഡെൻമാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുള്ള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ഡെന്‍മാര്‍ക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെര്‍മനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മിലാണ് കരാര്‍ കൈമാറിയത്.
ഡെൻമാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബിഎസ്‍സി നഴ്‌സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്‌സ് എന്നീ പ്രൊഫഷനുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ബി 2 ലെവല്‍ വരെയുള്ള ഡാനിഷ് ഭാഷാ പരിശീലനവും ലഭ്യമാക്കും. റിക്രൂട്ട്‌മെന്റ് നടപടികൾ പൂര്‍ണമായും സൗജന്യമാണ്. ആദ്യഘട്ടത്തില്‍ 100 പേരെയാണ് റിക്രൂട്ട് ചെയ്യുകയെന്നും ഇതിന്റെ നടപടി ഉടൻ ആരംഭിക്കുമെന്നും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
ഡെൻമാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് അംബാസഡര്‍ റാസ്മസ് അബിൽഡ്ഗാർഡ് ക്രിസ്റ്റൻസൻ, ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി വി അനുപമ എന്നിവര്‍ പങ്കെടുത്തു. കരാര്‍ നടപടികള്‍ക്കായി ഡെന്‍മാര്‍ക്കില്‍നിന്നുള്ള എട്ടംഗ മന്ത്രിതല പ്രതിനിധി സംഘമാണ് തിരുവനന്തപുരത്തെത്തിയത്.










0 comments