വയനാട് ഫണ്ട് തട്ടിപ്പ് ഓർമിപ്പിച്ച് ദീപ്തി മേരി വർഗീസ്; പാർട്ടിയുടെ കുഴി തോണ്ടരുതെന്ന് സോഷ്യൽമീഡിയ

ദീപ്തി മേരി വര്‍ഗീസ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി കൈമാറുന്നു (ഇടത്) ദീപ്തി മേരി വര്‍ഗീസ് (വലത്)
തിരുവനന്തപുരം: വയനാട് കോൺഗ്രസ് ഫണ്ട് തട്ടിപ്പ് വീണ്ടും ഓർമിപ്പിച്ചും ചർച്ചയ്ക്ക് വഴിവെച്ചും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. കെപിസിസി വയനാട് ഫണ്ട് തട്ടിച്ചു എന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയെന്നായിരുന്നു ദീപ്തിയുടെ കുറിപ്പ്.
പരാതി കൈമാറുന്നതിന്റെ ചിത്രം സഹിതമാണ് കുറിപ്പ്. സ്വന്തം പാർട്ടിയുടെ കുഴി തോണ്ടരുതെന്ന മുന്നറിയിപ്പാണ് പോസ്റ്റിന് ചുവടെ വരുന്ന കമന്റുകൾ. മറന്നു തുടങ്ങുന്നവ വീണ്ടും പൊക്കി എടുക്കരുതെന്നും അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന ഉപദേശവും നൽകുന്നവർ ഇക്കൂട്ടത്തിലുണ്ട്. 'ചേച്ചിക്കും പങ്ക് കിട്ടിയില്ല അല്ലേ... ഒറ്റക്ക് തിന്നാൻ ആരെയും സമ്മതിക്കരുത് ചേച്ചീ, നിർബന്ധമായും അന്വേഷിക്കണം' 'സെൽഫ്എ ഗോൾ' തുടങ്ങിയ പരിഹാസ കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.
ഗൗരവമുള്ള വല്ല വിഷയവും ഉണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തുക, ചെറിയ ചെറിയ പരാതികളുമായി വെറുതെ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സമയം മെനക്കെടുത്തരുതെന്ന വിമർശനങ്ങളും ദീപ്തിക്ക് നേരെ ഉയരുന്നുണ്ട്. ചില കാര്യങ്ങളിൽ മൗനം പാലിച്ചൂടേ എന്ന ചോദ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.










0 comments