ad
Deshabhimani

'രതിജീവിത'; മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച് ദീപ ജോസഫ്: മാധ്യമപ്രവർത്തകയ്ക്കു നേരെ തട്ടിക്കയറി

deepa joseph
വെബ് ഡെസ്ക്

Published on May 23, 2026, 10:57 AM | 2 min read

ന്യൂഡൽഹി : കേരള ഹൗസില്‍ വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവർത്തകരോട് ആക്രോശിച്ചും അതീജീവിതയെ അധിക്ഷേപിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ്. കേരള ഹൗസില്‍ മുഖ്യമന്ത്രി വി ഡി സതീശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ദീപ ജോസഫിന്റെ സന്ദര്‍ശനത്തെക്കുറിച്ച് തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന കൈരളി ചാനലിലെ മാധ്യമപ്രവര്‍ത്തകയോടാണ് ദീപ ജോസഫ് ആദ്യം തട്ടിക്കയറിയത്. ആരോട് ചോദിച്ചിട്ടാണ് വാർത്ത കൊടുക്കുന്നതെന്ന് ചോദിച്ച് ദീപ ജോസഫ് റിപ്പോർട്ടർക്ക് നേരെ വരികയായിരുന്നു. ഒപ്പം മാധ്യമപ്രവർത്തകയുടെ മൈക്ക് തട്ടിക്കളയാൻ ശ്രമിച്ച ദീപ ജോസഫ് മോശം ഭാഷയിൽ മാധ്യമപ്രവർത്തകയോട് സംസാരിക്കുകയു‍ം ചെയ്തു. ഇത് ചോദ്യം ചെയ്ത് മറ്റ് മാധ്യമപ്രവർത്തകരെത്തിയതോടെ റിപ്പോർട്ടർ ചാനലിന്റെ പ്രതിനിധിക്കുനേരെയും ദീപ ജോസഫ് തട്ടിക്കയറി.


deepa joseph


മാധ്യമപ്രവർത്തകയോട് കയർക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെയും ദീപ ജോസഫ് അധിക്ഷേപിച്ചു. രതിജീവിത എന്നുവിളിച്ചായിരുന്നു ആക്ഷേപം. തിരുത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകയോട് വീണ്ടും തട്ടിക്കയറി. എന്റെ പേരിൽ വാർത്ത കൊടുക്കാൻ ആരാണ് അധികാരം നൽകിയത്. നിന്നോട് ആരാടാ വാർത്ത കൊടുക്കാൻ പറഞ്ഞത്. നി കൊടുത്ത വാർത്ത ഏതാണ്. എന്റെ പിറകെ നടന്ന് വാർത്ത ഉണ്ടാക്കേണ്ട ആവശ്യമില്ല. വാർത്ത ക്യാൻസൽ ചെയ്യ്- ദീപാ ജോസഫ് പറഞ്ഞു.


മാധ്യമപ്രവർത്തകരോട് അങ്ങേയറ്റം മോശമായാണ് ദീപാ ജോസഫ് പെരുമാറിയത്. കൈരളി ചാനലിലെ വനിതാ മാധ്യമപ്രവർത്തകയെ എടി എന്നും നീ എന്നും വിളിച്ച് സംസാരിച്ച ദീപ ജോസഫ് റിപ്പോർട്ടർ ചാനലിന്റെ ലേഖകനെയും നീ എന്നു വിളിച്ച് ദേഷ്യപ്പെട്ടു. മരം മുറി ചാനലല്ലേ എന്ന് ചോദിച്ച ദീപാ ജോസഫ് റിപ്പോർട്ടറിനോടും കൈരളിയോടും സംസാരിക്കാൻ താൽപ്പര്യമില്ലെന്നു പറഞ്ഞു ദേഷ്യപ്പെടുകയും ചെയ്തു. തന്റെ അനുവാദമില്ലാതെ വാർത്ത നൽകിയാൽ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ദീപ ജോസഫ് തനിക്ക് മറ്റാരോടും പ്രശ്നമില്ലെന്നും കൈരളിയോടും റിപ്പോർട്ടറിനോടും മാത്രമാണെന്നും ആക്രോശിച്ചു.


deepa joseph


രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ ദീപ ജോസഫ്. അധിക്ഷേപത്തിന് കേസെടുത്തത് ചോദ്യം ചെയ്ത് ദീപ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദീപയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഒരു വനിതാ അഭിഭാഷകയായ ദീപ എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നതെന്നാണ് കോടതി ചോദിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home