print edition സംശയവും അന്ധവിശ്വാസവും കവർന്നത് 3 ജീവൻ; ആദ്യ കേസിൽ ഇരട്ടജീവപര്യന്തം ഇപ്പോൾ വധശിക്ഷ

വേണു കെ ആലത്തൂർ
Published on Jul 21, 2026, 12:01 AM | 1 min read
പാലക്കാട്: കേരള ചരിത്രത്തിൽ ആദ്യമായാണ് ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാൾക്ക് ഇരട്ടക്കൊലപാതകക്കേസിൽ വധശിക്ഷ വിധിക്കുന്നത്. ഭാര്യ പിണങ്ങിപ്പോയതിന് അയൽകുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തുക. സംശയവും അ ന്ധവിശ്വാസവുംമൂലം നടത്തിയ കൊലപാതകം അപൂർവമായ കേസുകളിൽ ഒന്നാണ്. പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോതി ജഡ്‌ജി കെന്നത്ത് ജോർജാണ് രണ്ട് കേസിലും ശിക്ഷിച്ചത്.
നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ ചെന്താമര ആദ്യകൊലപാതകത്തിൽ ജാമ്യത്തിലിറങ്ങിയാണ് മറ്റ് രണ്ടുപേരെ കൊലപ്പെടുത്തിയത്. അയൽവാസി സജിതയെയാണ് ആദ്യം ചെന്താമര കൊലപ്പെടുത്തിയത്. തുടർന്ന് അറസ്‌റ്റിലായി. ജാമ്യത്തിലിറങ്ങിയശേഷം സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്‌മി എന്നിവരെയും കൊലപ്പെടുത്തി. അയൽവാസികളുമായുണ്ടായ തർക്കത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളായ സജിത, പുഷ്‌പ, വസന്ത എന്നിവരെ ഒഴിവാക്കണമെന്ന് തൊഴിലുറപ്പ് എഡിഎസായ ഭാര്യ വിലാസിനിയോട് ചെന്താമര ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന വിലാസിനിയെ ചെന്താമര വടിവാൾകൊണ്ട് മർദിച്ചു.
തുടർന്ന് വിലാസിനിയും മകളും ചെന്താമരയുമായി ബന്ധം വേർപെടുത്തി. കുടുംബം പിരിയാൻ സജിതയാണ് കാരണമെന്ന് സംശയിച്ചാണ് സജിതയെ കൊലപ്പെടുത്തിയത്. തെളിവെടുപ്പിന് എത്തിച്ചപ്പോൾ രണ്ടുപേരെക്കൂടി കൊലപ്പെടുത്തുമെന്ന് പരസ്യമായി പറയുകയും ചെയ്‌തു. നെല്ലിയാമ്പതി –പൊള്ളാച്ചി റൂട്ടിൽ സർവീസ് നടത്തിയ ബസിലെ ഡ്രൈവറായിരുന്നു ചെന്താമര. പ്രണയവിവാഹമായിരുന്നു. ചെന്താമര സദാസമയവും വീട് പൂട്ടിയിട്ടിരുന്നു. അന്ധവിശ്വാസിയും സംശയരോഗിയുമായിരുന്നുവെന്ന് അയൽക്കാർ മൊഴി നൽകി.










0 comments