കോൺഗ്രസിൽ കലാപം; പ്രവർത്തകരെ തള്ളിപ്പറയുന്നവർക്കെതിരെ ഡീൻ കുര്യാക്കോസ്, ഗ്രൂപ്പ് പോര് ഇടുക്കിയിലും

ഇടുക്കി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന ഗ്രൂപ്പ് തർക്കം പുതിയ തലത്തിലേക്ക്. വിഡി സതീശൻ - കെസി വേണുഗോപാൽ പക്ഷങ്ങൾ തമ്മിലുള്ള പോരാട്ടം തെരുവിലേക്ക് പടർന്നതിന് പിന്നാലെ, നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് ഡീൻ കുര്യാക്കോസ് എംപി രംഗത്തെത്തി.
ഇടുക്കിയിലെ സതീശൻ അനുകൂലികൾക്കെതിരെ നടപടിയെടുത്ത ഡിസിസി നിലപാടിനെതിരെയാണ് ഡീൻ പൊട്ടിത്തെറിച്ചത്. തൊടുപുഴയിൽ സതീശനായി പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
പ്രവർത്തകരുടെ വൈകാരികത നേതൃത്വം മനസ്സിലാക്കണം. ഈ പ്രവർത്തകർ വീടുകൾ കയറി വോട്ട് ചോദിച്ചതുകൊണ്ടാണ് നേതാക്കൾ ജയിച്ചു കയറിയത്. അവരെ തള്ളിപ്പറയാൻ താനില്ല എന്നും ഡീൻ വ്യക്തമാക്കി.
എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് പല നേതാക്കളും സ്വീകരിക്കുന്നതെന്നും അവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ഡീൻ ചോദിച്ചു. മുഖ്യമന്ത്രി ചർച്ചകളിൽ കെസി വേണുഗോപാലിനെ പ്രതിഷ്ഠിക്കാൻ ഹൈക്കമാൻഡിൽ നീക്കം നടക്കുന്നു എന്ന സൂചന സതീശൻ പക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്.
സംസ്ഥാന വ്യാപകമായി പ്രവർത്തകർ നേതൃത്വത്തെ വെല്ലുവിളിച്ച് തെരുവിലിറങ്ങുമ്പോൾ, നേതാക്കളും ചർച്ചകളിൽ അതൃപ്തരാണ് എന്നാണ് വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ ഗ്രൂപ്പ് പോര് മറ്റ് ജില്ലകളിലേക്കും ശക്തമായി പടരാനാണ് സാധ്യത.










0 comments