കോഴിക്കോട് ഈ വര്‍ഷം അപൂര്‍വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും

കേരളത്തിൽ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: വീണാ ജോർജ്

veena geroge

veena geroge

വെബ് ഡെസ്ക്

Published on Jan 24, 2025, 03:10 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ രോഗങ്ങള്‍ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് ഈ വര്‍ഷം അപൂര്‍വ രോഗ ചികിത്സാ ക്ലിനിക് ആരംഭിക്കും. കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. നിലവില്‍ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കി വരുന്നതില്‍ 90 ശതമാനത്തില്‍ കൂടുതല്‍ സര്‍വൈവല്‍ റേറ്റുള്ളതായും മന്ത്രി വ്യക്തമാക്കി. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന അപൂര്‍വ രോഗ ചികിത്സാ വിദഗ്ധരുടെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


ജന്മനായുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അപൂര്‍വ രോഗ പരിചരണ മേഖലയില്‍ പുത്തന്‍ ചുവടുവയ്പ്പാണ് കേരളം നടത്തുന്നത്. 2024 ഫെബ്രുവരി മാസമാണ് അപൂര്‍വ രോഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കെയര്‍ പദ്ധതി ആരംഭിച്ചത്. 2024ലാണ് എസ്എടി ആശുപത്രിയില്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള എന്‍സൈം റീപ്ലൈസ്‌മെന്റ് തെറാപ്പി ആരംഭിച്ചത്. ഇപ്പോള്‍ 106 രോഗികള്‍ക്ക് വിലയേറിയ ചികിത്സ നല്‍കി വരുന്നു. ശലഭം പദ്ധതിയിലൂടെ കുഞ്ഞുങ്ങളുടെ വൈകല്യങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നു. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ 7916 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സാക്കി.


ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യ വികസനം, ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥത, നവോത്ഥാന മുന്നേറ്റം എന്നിവ കാരണം ആരോഗ്യ രംഗത്ത് ഏറെ മുന്നേറ്റമുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.


ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ. റീന, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറിസ്, അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. ശങ്കര്‍, വിവിധ വിഭാഗം മേധാവികള്‍, കേന്ദ്ര പ്രതിനിധി ഡോ. അസ്ത എന്നിവര്‍ പങ്കെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home