print edition ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ അവാർഡുകൾ വിതരണം ചെയ്‌തു

ദമാം നവോദയ ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള കോടിയേരി ബാലകൃഷ്ണൻ സ്മാരക പുരസ്‌കാര വിതരണം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.

സ്വന്തം ലേഖകൻ
Published on Aug 03, 2026, 01:53 AM | 1 min read
ഒറ്റപ്പാലം : ദമാം നവോദയ കോടിയേരി ബാലകൃഷ്ണൻ അവാർഡ് വിതരണോദ്‌ഘാടനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ നിർവഹിച്ചു. അടിമത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ എല്ലാ അവകാശങ്ങളും തട്ടിയെടുക്കുന്ന സമീപനമാണുള്ളത്. എട്ട് മണിക്കൂർ തൊഴിലെന്നത് നിരന്തരം സമരം നടത്തി നേടിയതാണ്. ഇന്ന് അത് പതിനാറ് മണിക്കൂർവരെയാക്കുന്നു. തുഛമായ കൂലി നൽകിയാണ് ഇൗ ചൂഷണം. ഇതിനെതിരെയാണ് സൂറത്തിലും നോയിഡയിലും ഗുഡ്‌ഗാവിലും തൊഴിലാളികൾ സമരത്തിനിറങ്ങിയത്.
കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറിയപ്പോൾ, മഹാരാഷ്‌ട്രയിൽ മാത്രം ഒരുവർഷത്തിൽ 26,000 കുട്ടികളാണ് പോഷകാഹാരങ്ങളുടെ കുറവുകാരണം മരിച്ചുവീഴുന്നത്. ആസിയാൻ കരാർ പ്രധാനമായും കേരളത്തിൽ മാത്രമാണ് പ്രതിസന്ധിയുണ്ടാക്കിയതെങ്കിൽ അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാരകരാർ പ്രാബല്യത്തിൽ വരുന്പോൾ ഇന്ത്യയിലെ മുഴുവൻ കർഷകരെയും ബാധിക്കും–അദ്ദേഹം പറഞ്ഞു. കാർഷിക രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം പാലക്കാട് എലവഞ്ചേരി സ്വദേശി എസ് ഷാബുമോന് വിജൂ കൃഷ്‌ണൻ സമ്മാനിച്ചു. 1,00,000 രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ് അവാർഡ്. മികച്ച കർഷകക്കൂട്ടായ്മക്കുള്ള അവാർഡ് പിണറായി പഞ്ചായത്തിലെ പ്രവാസി തളിർ കൃഷിക്കൂട്ടം, മികച്ച കർഷക പഞ്ചായത്തിനുള്ള അവാർഡ് കഞ്ഞിക്കുഴി പഞ്ചായത്ത്, ആലത്തൂർ നിറ സമഗ്ര കാർഷിക വികസന പദ്ധതി എന്നിവയ്‌ക്ക് ലഭിച്ചു. സംഘാടകസമിതി ചെയർമാൻ ഇ എൻ സുരേഷ്ബാബു അധ്യക്ഷനായി. 2023 മുതലാണ് സിപിഐ എം നേതാവും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പേരിൽ ദമാം നവോദയ അവാർഡ് നൽകിവരുന്നത്.










0 comments