print edition യൂ ആർ അണ്ടർ അറസ്റ്റ് !

പ്രതീകാത്മകചിത്രം

ശ്രീരാജ് ഓണക്കൂർ
Published on Apr 23, 2026, 12:01 AM | 2 min read
കൊച്ചി : ഒന്നും രണ്ടും മണിക്കൂറല്ല 16 ദിവസമാണ് ഡോക്ടർ ദമ്പതികൾ ഡൽഹി ഗ്രേറ്റർ കൈലാഷിലെ വീട്ടിൽ ഭയന്ന് കഴിഞ്ഞത്. ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി എത്തിയ ഫോൺ കോളാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. ‘നിങ്ങളുടെ ഫോൺ നമ്പർ നിയമവിരുദ്ധമായി ഉപയോഗിച്ചിട്ടുണ്ടെ’ന്നായിരുന്നു ഫോണിൽ ബന്ധപ്പെട്ടയാൾ 77കാരിയായ ഡോക്ടറോട് പറഞ്ഞത്. പിന്നാലെ പൊലീസാണെന്ന് പറഞ്ഞ് മറ്റൊരു വീഡിയോ കോൾ എത്തി. രണ്ടുപേരും ഡിജിറ്റൽ അറസ്‌റ്റിലാണെന്നും വീട് വിട്ടുപോകരുതെന്നുമായിരുന്നു പൊലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെട്ടയാളുടെ ഭീഷണി. ബാങ്ക് അക്കൗണ്ടിലുള്ള പണം വിശദ പരിശോധനയ്‌ക്ക് അയച്ചുനൽകണമെന്നും റിസർവ് ബാങ്കിന് അയച്ചുകൊടുത്തശേഷം തിരികെ നൽകുമെന്നും അറിയിച്ചു. 2025 ഡിസംബർ 24നും ജനുവരി ഒന്പതിനുമിടയിൽ 14.85 കോടി രൂപയാണ് ഇവർ തട്ടിപ്പുസംഘത്തിന് അയച്ചുകൊടുത്തത്.
2 വർഷം, പോയത് 80.17 കോടി
ഡിജിറ്റൽ അറസ്‌റ്റുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തിനുള്ളിൽ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ കേരളത്തിൽനിന്ന് രജിസ്‌റ്റർ ചെയ്‌തത് 994 കേസ്. 80.17 കോടി രൂപ നഷ്ടമായി. കേരള പൊലീസ് ഇടപെട്ട് ഇതിൽ 25 കോടിയോളം തിരികെ പിടിച്ചു.
സെറ്റ് റെഡി, തട്ടിപ്പ് ഓൺ
പൊലീസ് സ്‌റ്റേഷനെന്ന് തോന്നിപ്പിക്കുന്ന മുറി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ധരിച്ച ഒരാൾ. ഒരു മൊബൈൽ ഫോൺ. ഇത്രയുമുണ്ടെങ്കിൽ ‘ഡിജിറ്റൽ പൊലീസ് സ്‌റ്റേഷൻ’ റെഡി. പൊലീസ് വേഷത്തിൽ വരുന്നയാൾ നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും വീടിന് പുറത്തിറങ്ങരുതെന്നും നിർദേശിക്കും, ഭീഷണിപ്പെടുത്തും. മൊബൈൽ ഫോൺ നന്പറോ ആധാർ കാർഡോ ദുരുപയോഗം ചെയ്‌ത് തട്ടിപ്പ് നടന്നതായി പറയും. ഇഡി കേസിൽ നിങ്ങളുടെ ഫോൺ നന്പർ ഉൾപ്പെട്ടതായും പറഞ്ഞേക്കാം. തുടർന്ന് പറയുന്ന പണം അവർ നിർദേശിക്കുന്ന അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടും. സിബിഐ, ഇഡി, കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയും വീഡിയോ കോൾ വരാറുണ്ട്.
കംബോഡിയയിലാണ് ഭൂരിഭാഗം സെറ്റും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് സംസാരം. മലയാളത്തിൽ സംസാരിക്കുന്നവരുമുണ്ട്.
പണം വീണ്ടെടുത്ത് പൊലീസ്
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികന് നഷ്ടമായ 1,06,27,914 രൂപ കൊച്ചി സിറ്റി സൈബർ പൊലീസ് വീണ്ടെടുത്തിരുന്നു. 2025 നവംബർ ആറിനാണ് വൻ തുക നഷ്ടമായത്. എറണാകുളം ചാത്യാത്ത് റോഡിലെ 81 വയസ്സുള്ള ഡോക്ടറാണ് തട്ടിപ്പിനിരയായത്. 1.30 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സൈബർ പൊലീസ്, ശ്രീനഗറിലെ ഒരു അക്കൗണ്ടിലെത്തിയ 1.06 കോടി രൂപ മരവിപ്പിച്ചു. എറണാകുളത്തെ വനിതാ ഡോക്ടറിൽനിന്ന് തട്ടിയെടുത്തത് 6.38 കോടിയാണ്. 40 ലക്ഷത്തോളം തിരിച്ചുപിടിച്ചു.
കുടുങ്ങിയവരിൽ കൂറിലോസ് അടക്കം പ്രമുഖരും
യാക്കോബായ സുറിയാനി സഭയുടെ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് അടക്കം നിരവധി പ്രമുഖർ തട്ടിപ്പിനിരയായി. ഉന്നതപൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിളിച്ചാണ് മാർ കൂറിലോസിൽനിന്ന് പണം തട്ടിയത്. കൂറിലോസിന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗലൂടെ തട്ടിപ്പ് നടത്തുന്നുണ്ടെന്നും അക്കൗണ്ട് വെരിഫിക്കേഷനായി നിശ്ചിത തുക നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇങ്ങിനെ 15.5 ലക്ഷം രൂപ നഷ്ടമായി.
മുംബൈ ക്രൈംബ്രാഞ്ച് എന്ന വ്യാജേന ‘വെർച്വൽ അറസ്‌റ്റ്’ നടത്തി നടി മാലാ പാർവതിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചിരുന്നു. താരത്തിന്റെ പേരിൽ മുംബൈയിൽനിന്ന് തായ്‌വാനിലേക്ക് അയച്ച കൊറിയറിൽ രാസലഹരിയടക്കം ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. സംശയം തോന്നി പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ ഫോൺ വച്ചു. കെ ശാന്തകുമാരി എംഎൽഎയെയും ഡിജിറ്റൽ അറസ്റ്റ് ചെയ്ത് ചെയ്യാൻ ശ്രമമുണ്ടായി. സംഗീതസംവിധായകൻ ജെറി അമൽദേവിനെയും വെർച്വൽ അറസ്റ്റിലാക്കി പണം തട്ടാൻ ശ്രമിച്ചിരുന്നു.
പ്രധാനം‘ഗോൾഡൻ അവർ’
ഡിജിറ്റൽ അറസ്‌റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പിൽ അകപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് ഉടൻ പരാതി നൽകുക എന്നതാണ്. ഒരു മണിക്കൂറിനുള്ളിൽ 1930 എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ നന്പറിലോ അടുത്ത പൊലീസ് സ്‌റ്റേഷനിലോ പരാതി രജിസ്‌റ്റർ ചെയ്യുക. ഇൗ ഒരു മണിക്കൂറാണ് ഗോൾഡൻ അവർ. നിങ്ങളുടെ പണം സഞ്ചരിച്ച ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിപ്പ് പണം ഹോൾഡ് ചെയ്യും. പണം കോടതി വഴി തിരികെ കിട്ടും. അറസ്‌റ്റ് കോൾ വന്നാൽ സമീപത്തെ പൊലീസ് സ്‌റ്റേഷനിലേയ്‌ക്ക് അറസ്‌റ്റ് വാറന്റ് അയച്ചുതരാൻ പറയുക. അപ്പോൾതന്നെ തട്ടിപ്പുകാരൻ സ്ഥലം കാലിയാക്കുമെന്നും പൊലീസ് പറയുന്നു.










0 comments