ഓഹരി വിപണിയിൽ ലാഭം നേടാമെന്ന് വാഗ്‌ദാനം; ഹരിപ്പാട് സ്വദേശിക്ക് നഷ്ടമായത് എട്ടുകോടി രൂപ, പണം നൽകിയത് 73 തവണ

ആലപ്പുഴ: ഓഹരി വിപണിയിൽ വലിയ ലാഭം നേടാമെന്ന വാഗ്‌ദാനത്തിൽ ഹരിപ്പാട് സ്വദേശിക്ക് നഷ്ടമായത് എട്ടുകോടി രൂപ. 73കാരനായ പ്രവാസിക്കാണ് തട്ടിപ്പിൽ 8,08,81,317 രൂപ നഷ്‌ടമായത്. പ്രവാസിയുടെ മകന്റെ പരാതിയിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സമൂഹ മാധ്യമം വഴിയാണ് പ്രവാസിയെ തട്ടിപ്പുകാർ ബന്ധപ്പെട്ടത്. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ വൻലാഭം നേടാമെന്ന് ചാറ്റിങിലൂടെ വിശ്വസിപ്പിക്കുകയായിരുന്നു. ഓഹരി നിക്ഷേപ കമ്പനിയുടെ പ്രതിനിധിയെന്ന് വിശ്വസിപ്പിച്ച സ്ത്രീ അയച്ചു നൽകിയ വ്യാജ ട്രേഡിങ് ആപ്പ് ഇൻസ്റ്റാൾ ചെയ്‌ത് പ്രവാസി പണം നിക്ഷേപിക്കുകയായിരുന്നു.
വ്യാജ ആപ്പിലെ വിർച്വൽ അക്കൗണ്ടിൽ നിക്ഷേപവും ലാഭ വിഹിതം എത്തുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിൽ കബളിപ്പിക്കപ്പെട്ട 73കാരൻ 2025 സെപ്‌തംബർ 24 മുതൽ ഡിസംബർ 20 വരെ എട്ടുകോടിയോളം രൂപ തട്ടിപ്പ് സംഘത്തിന് കൈമാറി. അന്തർ സംസ്ഥാന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം.
വിശ്വസിപ്പിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പ്
റിലയൻസ് കാപ്പിറ്റൽ ലിമിറ്റഡിന്റെ പേരിനോട് സാമ്യമുള്ള പേരാണ് തട്ടിപ്പുസംഘം ഉപയോഗിച്ചത്. സി778 റിലയൻസ് കാപ്പിറ്റൽ ഇൻവസ്‌റ്റേഴ്‌സ് ഹബ് എന്ന ഓഹരി നിക്ഷേപ ഗ്രൂപ്പിന്റെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയാണ് പ്രവാസിയിൽ നിന്നും തുക തട്ടിയത്. വിശ്വാസം ആർജിക്കാൻ തട്ടിപ്പുകാർ പ്രവാസിയെ അവരുടെ വാട്സ്‌അപ് ഗ്രൂപ്പിലും അംഗമാക്കി. ഗ്രൂപ്പിൽ ഉണ്ടായിരുന്ന 60 ഓളം നമ്പറുകൾ തട്ടിപ്പുക്കാരുടേത് തന്നെയായിരുന്നു. ഇതിലെ ഓരോ നമ്പറിൽ നിന്നും നിക്ഷേപവും ലഭിച്ച ലാഭവും എന്ന പേരിൽ വ്യാജ സ്‌ക്രീൻഷോട്ടുകളും പ്രചരിപ്പിക്കപ്പെട്ടു. തട്ടിപ്പ് സംഘത്തെ കണ്ണടച്ചു വിശ്വസിച്ച പ്രവാസി നാല് അക്കൗണ്ടുകളിൽ നിന്നായി 73 തവണയാണ് പണം നൽകിയത്.










0 comments