രാഹുലിനെതിരെ തുറന്നുപറച്ചിലുകൾ നടത്തി; കോൺഗ്രസ് വനിതാ നേതാക്കൾക്ക് നേരെ സൈബറാക്രമണം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതികൾ വർധിച്ചതോടെ, അദ്ദേഹത്തിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് വനിതാ നേതാക്കൾക്ക് നേരെ വ്യാപകമായ സൈബർ ആക്രമണം. രാഹുലിന്റെ സ്വഭാവവൈകൃതം മുൻപേ അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ച കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാടിനെ ചോദ്യം ചെയ്തതോടെയാണ് സ്വന്തം പാർടിയിലെ തന്നെ വനിതാ നേതാക്കൾ സൈബർ കൂട്ടങ്ങളുടെ അധിക്ഷേപത്തിന് ഇരയാകുന്നത്.
മാങ്കൂട്ടത്തിലിന്റെ ലൈംഗിക ചൂഷണ സ്വഭാവത്തെക്കുറിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിക്കുന്ന സമയത്ത് ഷാഫി പറമ്പിൽ എംപിക്ക് താൻ മുന്നറിയിപ്പ് നൽകിയിരുന്നതായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി
എം എ ഷഹനാസ് വെളിപ്പെടുത്തിയിരുന്നു. "പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചപ്പോൾ ഷാഫി പറമ്പിലിന്റെ ഭാഗത്തുനിന്ന് പുച്ഛവും പരിഹാസവുമാണ് ലഭിച്ചത്" എന്നും ഷഹനാസ് വ്യക്തമാക്കി. ഈ വെളിപ്പെടുത്തലോടെ, മാങ്കൂട്ടത്തിലിനെതിരെ മുൻപ് പരാതികളോ ആരോപണങ്ങളോ ലഭിച്ചിട്ടില്ലെന്ന ഷാഫിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെയും വാദമാണ് പൊളിഞ്ഞുവീണത്.
രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്ന് ഷഹനാസ് വെളിപ്പെടുത്തി. കർഷക സമരത്തിനായി ഡൽഹിയിൽ പോയി തിരിച്ചുവന്ന സമയത്ത് രാഹുൽ മോശം സന്ദേശം അയച്ചു. "ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ" എന്നായിരുന്നു അയച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരും ഒരുമിച്ച് പോകാനാണ് എന്നാണ് താൻ കരുതിയത്. എന്നാൽ രാഹുൽ ആവശ്യപ്പെട്ടത് തനിക്കൊപ്പം ഒറ്റയ്ക്ക് പോകാനായിരുന്നു. അതിന് ശക്തമായ മറുപടി നൽകി എന്നും ഷഹനാസ് പറഞ്ഞു.
ഗുരുതരമായ ലൈംഗികാതിക്രമ പരാതികളും വ്യക്തമായ തെളിവുകളും ഉണ്ടായിട്ടും രാഹുലിനെ സംരക്ഷിച്ച കോൺഗ്രസ് നേതൃത്വം, ഈ വിഷയത്തിൽ വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ ഷഹനാസിനെതിരെ പ്രതികാര നടപടി സ്വീകരിച്ചിരുന്നു. സംസ്കാര സാഹിതി ഗ്രൂപ്പിൽ നിന്ന് ഷഹനാസിനെ പുറത്താക്കുകയായിരുന്നു ചെയ്തത്. രാഹുലിന്റെ സ്വഭാവവൈകൃതം മറച്ചുവെച്ചതിൽ ഷാഫിക്കും മറ്റ് ഉന്നത നേതാക്കൾക്കും പങ്കുണ്ട് എന്ന് വ്യക്തമാവുകയാണ് ഇതിലൂടെ.
രാഹുലിനെ പുറത്താക്കണമെന്ന് പരസ്യമായി പ്രതികരിച്ച മറ്റ് വനിതാ നേതാക്കൾക്കെതിരെയും സൈബറാക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഷമ മുഹമ്മദ്, കെ കെ രമ എന്നിവർക്ക് നേരെ സ്ത്രീവിരുദ്ധ പരാമർശങ്ങളും വ്യക്തിയധിക്ഷേപങ്ങളും ഉൾപ്പെടെയുള്ള കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. സ്വന്തം പാർടിയുടെ നേതാക്കൾക്കെതിരെയും മറ്റു സ്ത്രീകളോടും ഈ രീതിയിലുള്ള അധിക്ഷേപം നടത്തുന്നത്, ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വവും അനുയായികളും സ്വീകരിക്കുന്ന നിലപാടുകളാണ് തുറന്നുകാട്ടുന്നത്. ലൈംഗികാതിക്രമ കേസിൽ പ്രതിയായ നേതാവിനെ സംരക്ഷിക്കാനായി, ഇരകൾക്ക് വേണ്ടി സംസാരിച്ച സ്ത്രീകളെ അധിക്ഷേപിക്കുന്നതിലൂടെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമാവുകയാണ്.








0 comments