print edition കസ്റ്റഡി മർദനത്തിൽ മരണം; മൊഴി വളച്ചൊടിക്കാൻ പൊലീസ് ശ്രമമെന്ന് സിയാദിന്റെ പിതൃസഹോദരൻ

എ ഐ നിർമിത ചിത്രം
കുണ്ടറ(കൊല്ലം): സ്റ്റേഷനിൽനിന്ന് വിട്ടയച്ച സിയാദിനെ മറ്റാരോ മർദിച്ചെന്ന് താൻ മൊഴി നൽകിയെന്ന പൊലീസിന്റെ വാദം അടിസ്ഥാനരഹിതമെന്ന് പിതൃസഹോദരൻ ബഷീർ. പുറത്തുനിന്നുള്ള ചിലർ മർദിച്ചതായി സിയാദ് ഫോണിൽ വിളിച്ചുപറഞ്ഞെന്ന് ബഷീർ വെളിപ്പെടുത്തിയെന്ന പൊലീസിന്റെ വാദം ഇതോടെ പൊളിഞ്ഞു.
ശനിയാഴ്ച ബന്ധുക്കളാണ് സിയാദിന്റെ മരണം അറിയിച്ചതെന്ന് ബഷീർ ‘ദേശാഭിമാനി’യോട് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വിട്ടുകിട്ടാൻ കുണ്ടറ സ്റ്റേഷനിൽനിന്ന് പൊലീസ് എത്തണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. ഇൗ വിവരം പറയാനാണ് കുണ്ടറ സ്റ്റേഷനിൽ പോയത്.
മരിക്കുന്നതിന് കുറച്ചുദിവസം മുന്പ് സിയാദ് ഫോണിൽ വിളിച്ച് രണ്ടുപേർ മർദിച്ചെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും പറഞ്ഞിരുന്നു. ആവർത്തിച്ച് ചോദിച്ചിട്ടും മർദിച്ചത് ആരാണെന്ന് പറഞ്ഞില്ല.
പൊലീസുകാരാണ് മർദിച്ചതെന്നു പറഞ്ഞാൽ അവർ കള്ളക്കേസിൽ കുടുക്കുമെന്ന് സിയാദ് രണ്ടാം ഭാര്യ സാലിയോടും സുഹൃത്ത് അരുണിനോടും പറഞ്ഞിരുന്നു. സിയാദ് തന്നോട് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് സ്റ്റേഷനിൽ പറഞ്ഞത്. അല്ലാതെ പുറത്തുള്ളവരാണ് മർദിച്ചതെന്ന് സിയാദ് പറഞ്ഞതായ ഒരു പരാമർശവും എവിടെയും നടത്തിയിട്ടില്ലെന്നും ബഷീർ പറഞ്ഞു.
കള്ളക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ച കുണ്ടറ കുരീപ്പള്ളി കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) മരിച്ച കേസ് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം പ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടംചെയ്‌ത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ, പരാതിക്കാരി, സിയാദിന്റെ ഉപ്പ എന്നിവരിൽനിന്ന് മൊഴിയെടുത്തു.










0 comments