print edition ക്ഷേത്ര ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ

കോവളം : ആഴിമല ശിവക്ഷേത്രത്തിലെ ക്ഷേത്ര ജീവനക്കാരൻ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ. മേൽശാന്തിയുടെ സഹായിയായ വെള്ളറട ഡാലുമുഖം ചാമവിള പെരുമ്പാറത്തല പൗർണമിയിൽ വിജയകുമാർ–സിന്ധു ദമ്പതികളുടെ മകൻ രാഹുൽ വിജയൻ (26) ആണ് മരിച്ചത്. വെള്ളി രാത്രി 10.30 ന് ആയിരുന്നു അപകടം. ചിങ്ങമാസപ്പിറവി പൂജകൾക്കുവേണ്ടി ക്ഷേത്ര സമുച്ചയത്തിനുൾവശം കഴുകി വൃത്തിയാക്കവേ പ്രഷർ പമ്പിൽനിന്ന് വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പൊലീസ് നിഗമനം. ക്ഷേത്രത്തിലെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്കൊഴുകുന്നതുകണ്ട മറ്റൊരു ജീവനക്കാരൻ അകത്തുകയറി നോക്കുമ്പോൾ രാഹുൽ തറയിൽവീണ് കിടക്കുന്നത്‌കണ്ടു. കൈയിൽ പൊള്ളലേറ്റത് ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് ജീവനക്കാരെ വിളിച്ചുവരുത്തി സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാഹുൽ ആറുവർഷമായി ക്ഷേത്രത്തിലെ ജീവനക്കാരനാണ്.
ഫോറൻസിക്, കെഎസിഇബി, ഇലക്ട്രിക്കൽ വിഭാഗങ്ങളെത്തി പരിശോധന നടത്തി. വിശദപരിശോധനക്കായി യന്ത്രഭാഗങ്ങൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം സംസ്‌കരിച്ചു. അവിവാഹിതനാണ്. സഹോദരി : രേഷ്‌മ വിജയൻ. സഞ്ചയനം ചൊവ്വ രാവിലെ ഒമ്പതിന്.









0 comments