ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര പദ്ധതി
print edition വർഗസമരങ്ങളെ നയിക്കാൻ സാംസ്കാരിക പോരാട്ടം അനിവാര്യം: എം എ ബേബി

പ്രൊഫ. കെഎൻ പണിക്കർ സ്മരണാർത്ഥം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയുന്നു.
കൊല്ലം: സാംസ്കാരിക രംഗത്തെ പോരാട്ടങ്ങൾ ഇന്ത്യയിലെ വർഗസമരങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവിഭാജ്യമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ഹിറ്റ്‌ലറിനും നാസിസത്തിനും ജന്മം നൽകിയ ഫാസിസ്റ്റ് നിർമിതിയുടെ ഇന്ത്യൻ രൂപമാണ് ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്ര പദ്ധതി. ഭൂരിപക്ഷ ഏകീകരണം, ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തൽ, ജനാധിപത്യ വിയോജിപ്പുകളെ അടിച്ചമർത്തൽ എന്നിവയെ ആശ്രയിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. കെ എൻ പണിക്കരുടെ സ്മരണാർഥം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും കേരള ഹിസ്റ്ററി കോൺഗ്രസും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്‌എസ്– -ബിജെപി നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം രാഷ്ട്രീയത്തിൽ വലതുപക്ഷ മാറ്റത്തെ സ്ഥാപനവൽക്കരിക്കുകയാണ്. ഇന്ത്യയുടെ സമ്പന്നമായ സമന്വയ നാഗരിക ചരിത്രത്തിനു പകരം ഹിന്ദു പുരാണങ്ങളെയും ഇന്ത്യൻ ദാർശനിക പാരമ്പര്യങ്ങൾക്ക് പകരം ഹിന്ദു ദൈവശാസ്ത്രത്തെയും പ്രതിഷ്ഠിക്കുകയാണ് ലക്ഷ്യം. ഇത് ഭരണഘടനയെ നിഷേധിക്കലാണ്. ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിനെ ദുർബലപ്പെടുത്താനാണ് ഈ പ്രക്രിയകൾ ശ്രമിക്കുന്നത്.
മാധ്യമങ്ങളുടെ നിയന്ത്രണം, പാഠപുസ്തകങ്ങളുടെ തിരുത്തിയെഴുതൽ, ജനാധിപത്യ സ്ഥാപനങ്ങളുടെ അട്ടിമറി എന്നിവയിലൂടെ വർഗീയതയെ സാധാരണവൽക്കരിക്കുകയും വിയോജിപ്പിനെ രാജ്യദ്രോഹമായി കാണുകയുമാണ് ഭരണസംവിധാനം ചെയ്യുന്നത്. കണ്ണൂരിലും മധുരയിലും നടന്ന രണ്ട് പാർടി കോൺഗ്രസുകളിൽ സ്വീകരിച്ച രാഷ്ട്രീയ പ്രമേയങ്ങൾ ഇന്ത്യയുടെ സമന്വയ സംസ്കാരത്തിനു നേരെ വർധിച്ചുവരുന്ന ആക്രമണത്തെ വിശകലനം ചെയ്യുകയും പ്രതിരോധിക്കാനുള്ള വഴികൾ, പ്രത്യേകിച്ച് ഹിന്ദുത്വത്തെ നേരിടാനുള്ള വഴികൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യ ഇന്ത്യയ്ക്കായുള്ള പോരാട്ടം സോഷ്യലിസത്തിനായുള്ള ആഗോള പോരാട്ടത്തിന്റെ ഭാഗമാണ്.
മറ്റൊരു ലോകം സാധ്യമാണെന്ന് മാത്രമല്ല, അത് മാത്രമേ നിലനിൽപ്പുള്ളൂ എന്ന ബോധ്യത്തോടെ മുന്നോട്ട് പോകണമെന്നും എം എ ബേബി പറഞ്ഞു.










0 comments