ad
Deshabhimani

print edition സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് ; ബിജു രാധാകൃഷ്ണനെതിരെ അന്വേഷണം തുടങ്ങി

csr fund scam biju radhakrishnan
വെബ് ഡെസ്ക്

Published on Feb 03, 2026, 02:40 AM | 1 min read


കൊച്ചി

സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ സോളാര്‍ കേസ്‌ പ്രതി ബിജു രാധാകൃഷ്ണനും സംഘത്തിനുമെതിരെ അന്വേഷണം തുടങ്ങി. അനിമല്‍ ക്ലിനിക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന നിലമ്പൂര്‍ ഇരഞ്ഞിമാനങ്ങാട് സ്വദേശി കെ റിന്‍ഷാദിന്റെ പരാതിയിൽ കടവന്ത്ര പൊലീസ്‌ കേസെടുത്തിരുന്നു. എന്‍ജിഒ ഹെല്‍പ് ഫൗണ്ടേഷന്‍ എംഡി ബിജു രാധാകൃഷ്‌ണനാണ്‌ ഒന്നാംപ്രതി. രാധാകൃഷ്‌ണനുപുറമെ ഫൗണ്ടേഷന്റെ മറ്റു ഭാരവാഹികളായ നിഷ പീറ്റര്‍, ബെര്‍ലിന്‍, വേണുഗോപാല്‍ എന്നിവരെയും ചോദ്യം ചെയ്യും.


മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ്‌ കമീഷണർക്കും റിൻഷാദ്‌ നൽകിയ പരാതി കടവന്ത്ര പൊലീസിന്‌ കൈമാറുകയായിരുന്നു. ബിജു ജോര്‍ജ് എന്ന പേരിലാണ് ബിജു രാധാകൃഷ്ണന്‍ തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനാണെന്നും ഭാര്യ ഹൈക്കോടതി അഭിഭാഷകയാണെന്നും പറഞ്ഞാണ് ബിജു ജോര്‍ജ് എന്ന പേരില്‍ റിന്‍ഷാദിനെ പരിചയപ്പെട്ടത്. വലിയ കേസുകള്‍ വാദിക്കുന്നവരായതിനാല്‍ വന്‍കിട സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കാമെന്നും അതിനായി ട്രസ്റ്റ് രൂപീകരിക്കാനും ആവശ്യപ്പെട്ടു. ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തതോടെ ഫണ്ടിനായി പ്രോജക്റ്റ് റിപ്പോര്‍ട്ട് വേണമെന്നും അതിനായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാൻ 29 ലക്ഷം രൂപ വേണമെന്നും പറഞ്ഞ്‌ വാങ്ങിയെടുത്തു. ഫണ്ട് ലഭിക്കാതാകുകയും പണം തിരികെ കിട്ടാതാകുകയും ചെയ്തതോടെ പ്രതികളെ ബന്ധപ്പെട്ടു. തുടർന്ന്‌ ബിജുവിന്റെ ഭാര്യ നിഷ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്‌. സുഹൃത്തുക്കളുമായി വിവരം പങ്കുവച്ചപ്പോഴാണ് ഇയാള്‍ ബിജു രാധാകൃഷ്ണനാണെന്ന് അറിഞ്ഞതെന്നും റിന്‍ഷാദ് പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home