ക്രൊയേഷ്യയിൽ ജോലി വാഗ്ദാനം; 3.62 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

പുതുക്കാട്: ക്രൊയേഷ്യയിൽ ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്തു 3.62 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി ചിരങ്ങര മൂളിയംപറമ്പിൽ വൈശാഖിനെ (34) യാണ് ആമ്പല്ലൂരിലെ ലോഡ്ജിൽ നിന്നും പോലിസ് അറസ്റ്റ് ചെയ്തത്.
ക്രൊയേഷ്യയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി നൽകാമെന്നും ഒരു ലക്ഷം ശമ്പളം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് തൊട്ടിപ്പാൾ തുണ്ടിയിൽ രാഹുലിൽനിന്നാണ് പണം തട്ടിയത്. വൈശാഖിന്റെ നിർദേശം അനുസരിച്ച് പല തവണകളായി വൈശാഖിന്റെ അക്കൗണ്ടിലേക്ക് രാഹുൽ പണം അയക്കുകയായിരുന്നു. വിസ അടിക്കാനായി പാസ്പോർട്ടും രാഹുൽ അയച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ ടിക്കറ്റും പാസ്പോർട്ടും വരുമെന്ന് പറഞ്ഞെങ്കിലും പാസ്പോർട്ട് മാത്രമാണ് രാഹുലിന് ലഭിച്ചത്.
സംഭവം തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ രാഹുൽ പുതുക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 2019ൽ കാസർകോട് നീലേശ്വരം പൊലീസ് സ്റ്റേഷനിൽ സമാന തട്ടിപ്പ് കേസിലും ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









0 comments