ad
Deshabhimani

print edition വൈദ്യുതി മന്ത്രിക്കെതിരെ രൂക്ഷ വിമർശം: തമ്മിൽത്തല്ലി ഇരുട്ടാക്കി

power cut
വെബ് ഡെസ്ക്

Published on Jul 19, 2026, 12:02 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുട്ടിലാക്കിയത്‌ വൈദ്യുതി മന്ത്രിയുടെ പിടിപ്പുകേടും നിരുത്തരവാദിത്വവുമെന്ന വിമർശം ശക്തമാകുന്നു. മുഖ്യമന്ത്രിയാകാനും മന്ത്രിമാരാകാനും പിടിവലികൂടി ആഴ്‌ചകൾ കളഞ്ഞതും പ്രതിസന്ധി മുന്നിൽക്കണ്ട്‌ ആവശ്യത്തിന്‌ വൈദ്യുതി വാങ്ങാമായിരുന്നിട്ടും അടിയന്തരമായി പ്രശ്നത്തിൽ ഇടപെടാത്തതുമാണ്‌ ഗുരുതരാവസ്ഥയുണ്ടാക്കിയത്‌. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ തന്നെ വകുപ്പ്‌ ഏറ്റെടുത്തിട്ടും മതിയായ ഗ‍ൗരവം ഉണ്ടായില്ലെന്നാണ്‌ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെയും ഘടകകക്ഷി നേതാക്കളുടെയും വിമർശം. യുഡിഎഫ്‌ യോഗംചേർന്ന്‌ വിഷയം ചർച്ചചെയ്യണമെന്ന ആവശ്യവും ശക്തമാണ്‌.


നിലവിലുള്ള മാർഗങ്ങളെ ആശ്രയിച്ച്‌ വൈദ്യുതി കണ്ടെത്താനുള്ള ശ്രമങ്ങൾ കെഎസ്‌ഇബി തുടർന്നെങ്കിലും പ്രതികൂലാവസ്ഥകണ്ട്‌ പുതിയനീക്കം നിർദേശിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ആരുമുണ്ടായിരുന്നില്ല. ഇപ്പോഴും സണ്ണി ജോസഫ്‌ സംഘടനാ കാര്യങ്ങളുടെ തിരക്കിലാണ്‌.


ജനം ദുരിതമനുഭവിക്കുമ്പോഴും ‘ഇത്ര പ്രതിസന്ധി പ്രതീക്ഷിച്ചില്ല, പരിഹാരത്തിന്‌ തൽക്കാലം വഴിയില്ല ’എന്നാണ്‌ പ്രതികരണം. എൽനിനോ പോലുള്ള പ്രതിസന്ധികൾ കേരളംമുന്പ്‌ നേരിട്ടപ്പോൾ കൃത്യമായ ആസൂത്രണത്തിലൂടെ എൽഡിഎഫ്‌ സർക്കാർ സംസ്ഥാനത്തെ ഇരുട്ടിലാകാതെ കാത്തു.


കമ്പോളത്തിൽനിന്ന്‌ വൈദ്യുതി വാങ്ങുന്നതിനുപുറമെ, മറ്റ്‌ സംസ്ഥാനങ്ങളിൽ മിച്ചമുള്ള വൈദ്യുതി ഉഭയകക്ഷിചർച്ചയിലൂടെ നേടി. മുഖ്യമന്ത്രിതന്നെ വിഷയത്തിൽ നേരിട്ട്‌ ഇടപെട്ടു. വൈദ്യുതി ബോർഡ് ഡയറക്ടർമാർക്ക് പ്രത്യേക ചുമതല നൽകി. എൽഡിഎഫ്‌ നടപ്പാക്കി വിജയിച്ച ബദലുകൾ പിന്തുടർന്നിരുന്നെങ്കിൽ ഇത്ര വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.



വൈദ്യുതി കിട്ടാനുണ്ട്‌ സർക്കാർ കാണുന്നില്ല


തിരുവനന്തപുരം: ആവശ്യത്തിന്‌ വൈദ്യുതി കിട്ടാനില്ലെന്ന്‌ കെഎസ്‌ഇബി ആവർത്തിക്കുന്പോഴും കഴിഞ്ഞ ദിവസങ്ങളിൽ കർണാടകം, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ സംസ്ഥാനങ്ങൾ പവർ എക്‌സ്‌ചേഞ്ചിൽ അധിക വൈദ്യുതി വിറ്റു. യൂണിറ്റിന് 9.08 രൂപയ്‌ക്കാണ് ജൂലൈ 15ന് കർണാടകം വൈദ്യുതി വിറ്റത്. കോൺഗ്രസ്‌ ഭരണത്തിലുള്ള സംസ്ഥാനവുമായെങ്കിലും ധാരണയിലെത്തി കരാറുണ്ടാക്കിയിരുന്നെങ്കിൽ ഇ‍ൗ വൈദ്യുതി കേരളത്തിന്‌ കിട്ടുമായിരുന്നു. നിലവിൽ യൂണിറ്റിന്‌ 10 രൂപയിൽ കൂടുതൽ നൽകിയാണ്‌ വൈദ്യുതി വാങ്ങുന്നത്‌.


അധിക വൈദ്യുതിയുള്ള സംസ്ഥാനങ്ങളുമായി ചർച്ച നടത്തി നേരിട്ടുവാങ്ങിയാൽ പ്രതിസന്ധിക്ക്‌ പരിഹാരം കാണാനാകും. വേനൽ കടുത്തഘട്ടത്തിൽ പ്രതിസന്ധി നേരിടാൻ ഹിമാചൽ പ്രദേശിൽനിന്നടക്കം വൈദ്യുതി വാങ്ങിയ മാതൃക എൽഡിഎഫ്‌ സർക്കാരിന്റേതായുണ്ട്‌. പ്രതിസന്ധി മറികടക്കാൻ എല്ലാ സാധ്യതകളെയും അന്ന്‌ ഉപയോഗപ്പെടുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home