ad
Deshabhimani

വയനാട് ടൗൺഷിപ്പിനെതിരെയുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചന; കോൺഗ്രസിന്റേത് പണം പിരിച്ചുള്ള തട്ടിപ്പെന്ന് കെ റഫീഖ്

K Rafeek.jpg
വെബ് ഡെസ്ക്

Published on Apr 20, 2026, 05:58 PM | 1 min read

കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന മാതൃകാ ടൗൺഷിപ്പിനെ തകർക്കാൻ കോൺഗ്രസും ചില വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്. ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയ കോൺഗ്രസ്, ആ വിവാദങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ സർക്കാരിനെതിരെ രംഗത്തുവരുന്നത്.


ടൗൺഷിപ്പിലെ 178 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. അവസാന ഘട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. യുഎൽസിസിഎസ് നടത്തിയ പരിശോധനയ്ക്കിടെ ഒന്നോ രണ്ടോ വീടുകളിൽ കണ്ട ചെറിയ നനവിനെ വലിയ ചോർച്ചയായും വിള്ളലായും ചിത്രീകരിച്ച് വിവാദമാക്കുകയാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ ചെയ്യുന്നത്.


ദുരന്തം ഉണ്ടായ നിമിഷം മുതൽ അഞ്ച് മന്ത്രിമാരെ വയനാട്ടിൽ നിയോഗിച്ച് മുഖ്യമന്ത്രി നേരിട്ടാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് പ്രചാരണം നടത്തിയവരാണ് ഇപ്പോൾ പുനരധിവാസത്തെ തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ദുരന്തബാധിതർക്കായി രാഹുൽ ഗാന്ധിയും കോൺഗ്രസും ചേർന്ന് 230 വീടുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നിന്റെ പോലും നിർമ്മാണം തുടങ്ങിയിട്ടില്ല. പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എവിടെയാണെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് തയ്യാറാകണം. ഈ ഫണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഉപയോഗിച്ചത്.


കോൺഗ്രസിന്റെ ഭൂമി വിവാദങ്ങളും ഫണ്ട് തട്ടിപ്പും മറച്ചുവെക്കാനാണ് ചില മാധ്യമങ്ങൾ ടൗൺഷിപ്പിനെതിരെ അജണ്ട വെച്ച് വാർത്തകൾ നൽകുന്നത്. എല്ലാ രാഷ്ട്രീയ വിവാദങ്ങളെയും അതിജീവിച്ച്, സർക്കാർ പ്രഖ്യാപിച്ച തീയതിക്കുള്ളിൽ തന്നെ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും കെ റഫീഖ് ഉറപ്പുനൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home