print edition എൽഡിഎഫിനുണ്ടായ തിരിച്ചടി: ആഴത്തിൽ വിലയിരുത്തും; തിരുത്തും

ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫിനുണ്ടായ തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തൽ വരുംദിവസങ്ങളിൽ നടത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തിയെന്നും രണ്ടുദിവസത്തെ പൊളിറ്റ്‌ബ്യൂറോ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
തിരിച്ചടിക്ക് കാരണമായ ദൗർബല്യങ്ങൾ കണ്ടെത്തുന്നതിനാണ് ആഴത്തിലുള്ള പരിശോധനകളിലേക്ക് കടക്കുന്നത്. അഞ്ച് ലക്ഷം പാർടി അംഗങ്ങളുണ്ട്. എല്ലാവരെയും കേൾക്കും. പാർടി അനുഭാവികളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും തേടും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. തുടർന്ന് താഴെത്തട്ടുമുതൽ അംഗങ്ങളെ കേൾക്കും. ജൂൺ ആദ്യ ആഴ്‌ച വീണ്ടും സംസ്ഥാന കമ്മിറ്റി യോഗം ചേരും.
തോൽവിയുടെ ഉത്തരവാദിത്തം ഏതെങ്കിലും നേതാവിന്റേത് മാത്രമായി കാണാനാവില്ല. അത് കൂട്ടായ ഉത്തരവാദിത്തമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പിശകുണ്ടായോ എന്നത് സ്വയംവിമർശനപരമായി വിലയിരുത്തും. തുടർന്ന് തിരുത്തൽ നടപടികളുണ്ടാകും. അത് എന്തെല്ലാമെന്നത് തിരുത്തലിന് ആവശ്യമായ പ്രക്രിയകൾക്കുശേഷം മാത്രമാണ് പറയാനാവുക.
പ്രതിപക്ഷ നേതാവ് ആരാകണമെന്ന തീരുമാനം കേരളത്തിലാണ് എടുക്കുക. 10 വർഷത്തെ ഭരണത്തിനുശേഷമാണ് കേരളത്തിൽ തോൽവിയുണ്ടായത്. ബിജെപി മൂന്നുസീറ്റിൽ ജയിച്ചത് ഗുരുതര ഭീഷണിയാണ്. സിപിഐ എമ്മിനെതിരെ കോൺഗ്രസ് നടത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വ്യാജ പ്രചാരണങ്ങളും, ഒപ്പം വർഗീയ ശക്തികളോട് കോൺഗ്രസ് സ്വീകരിച്ച മൃദുസമീപനവുമാണ് കേരളത്തിൽ ബിജെപിയുടെ വളർച്ചയ്‌ക്ക് വഴിവെച്ചത്.
തോൽവി സംഭവിച്ചപ്പോഴും 37.6 ശതമാനം വോട്ട് ഇടതുപക്ഷത്തിനുണ്ട്. വർഗീയശക്തികളുടെ വളർച്ച തടയാൻ സിപിഐ എം മുന്നിലുണ്ടാകും. മതനിരപേക്ഷ–ജനാധിപത്യ ഘടനയെ സംരക്ഷിക്കും. ജനകീയ വിഷയങ്ങൾ ഏറ്റെടുക്കും. ജനങ്ങളുടെ ജീവിതോപാധിക്കും ജനാധിപത്യ അവകാശങ്ങൾക്കും എതിരായ ഏത് ആക്രമണത്തെയും ചെറുക്കും– ബേബി പറഞ്ഞു.











0 comments