ad
Deshabhimani

print edition പാരിയത്തുകാവ്‌ സന്ദർശിച്ച്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി: നരനായാട്ടിന്റെ ഉണങ്ങാത്ത മുറിവുകൾ; 
ധൈര്യം പകർന്ന്‌ എം വി ഗോവിന്ദൻ

Pariyathukav.jpg
വെബ് ഡെസ്ക്

Published on May 26, 2026, 12:12 AM | 1 min read

പെരുമ്പാവൂർ: ‘തലയ്‌ക്കാണ്‌ പൊലീസ്‌ അടിച്ചത്‌. മകളെയും കൊച്ചുമക്കളെയും ആക്രമിച്ചു ’– പൊലീസ്‌ നരനായാട്ട്‌ നടത്തിയ പാരിയത്തുകാവിലെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലാത്തിയടിയേറ്റ ഭാഗം കാണിച്ച്‌ മിനി വിതുന്പി.


‘പേടിക്കേണ്ട, ഒരാളെയും ഇറക്കിവിടാൻ അനുവദിക്കില്ല. ഒപ്പമുണ്ടാകും. കേരളം മുഴുവൻ കൂടെയുണ്ട്‌’–എം വി ഗോവിന്ദൻ ധൈര്യം പകർന്നു. ആ വാക്കുകൾ പാരിയത്തുകാവുകാർക്ക്‌ പകർന്ന ആശ്വാസം ചെറുതല്ല.


യുഡിഎഫ്‌ സർക്കാർ അധികാരത്തിലേറി മൂന്നാംനാളാണ്‌ പൊലീസ്‌ അഴിഞ്ഞാടിയത്‌. കുട്ടികളും സ്‌ത്രീകളും രോഗികളും മുതിർന്നവരുമെല്ലാം അതിക്രമത്തിനിരയായി. ആക്രമണത്തിന്റെ വേദനയിൽനിന്ന്‌ മുക്തരായിട്ടില്ല ഇവർ. കുടിയൊഴിപ്പിക്കാൻ ഇനിയും പൊലീസ്‌ വരുമെന്ന ആശങ്കയുണ്ട്‌. അതിക്രമത്തിന്‌ വിധേയരായ കുട്ടികളുടെ കണ്ണിൽ ഇപ്പോഴും ഭീതി.


രോഗിയാണെന്ന്‌ പറഞ്ഞിട്ടും വെറുതെവിട്ടില്ലെന്ന്‌ ഹൃദ്‌രോഗിയും വൃക്കരോഗിയുമായ ചന്ദ്രൻ പറഞ്ഞു. ‘ജനിച്ച മണ്ണാണ്‌. ഇവിടെനിന്ന്‌ ഞങ്ങൾ എവിടെയും പോകില്ല’– ചന്ദ്രൻ പറഞ്ഞു. ‘മകളുടെ ബ്ല‍ൗസും സാരിയും പൊലീസ്‌ കീറി. എന്നെ മർദിച്ചു.


ഭരണം കിട്ടിയ ഉടൻ കോൺഗ്രസുകാർ ഞങ്ങളോട്‌ ചെയ്‌തത്‌ ഇതാണ്‌’– അടക്കാൻ കഴിയാത്ത വേദനയോടെ അയ്യപ്പൻ പറഞ്ഞു. അയ്യപ്പനെ ചേർത്തുപിടിച്ച്‌ എം വി ഗോവിന്ദൻ ആശ്വസിപ്പിച്ചു. സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സതീഷും ഒപ്പമുണ്ടായിരുന്നു.


യുഡിഎഫ്‌ സർക്കാർ ശ്രമിച്ചത്‌ മുത്തങ്ങയുടെ ആവർത്തനത്തിന്‌: എം വി ഗോവിന്ദൻ


പെരുമ്പാവൂർ: പാരിയത്തുകാവിൽ പാവങ്ങളെ കുടിയൊഴിപ്പിച്ച്‌ മുത്തങ്ങയുടെ ആവർത്തനത്തിനാണ്‌ യുഡിഎഫ്‌ സർക്കാർ ശ്രമിച്ചതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുടിയൊഴിപ്പിക്കാൻ സിപിഐ എം അനുവദിക്കില്ലെന്നും കുടുംബങ്ങളെ സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.


‘ഞങ്ങളാണ്‌ യഥാർഥ ഇടതുപക്ഷം ’എന്നാണ്‌ വി ഡി സതീശൻ പറയുന്നത്‌. പാവങ്ങളെ കടന്നാക്രമിക്കുന്നവരല്ല ഇടതുപക്ഷം, അവരെ സംരക്ഷിക്കുന്നവരാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഒരു കടന്നാക്രമണവുമുണ്ടായില്ല. 14 തവണ അഭിഭാഷക കമീഷനും പൊലീസും കുടിയൊഴിപ്പിക്കാൻ വന്നിരുന്നു. എന്നാൽ, ഒരു അനിഷ്‌ട സംഭവവുമുണ്ടായില്ല.


പാരിയത്തുകാവിൽ ജനകീയവിധിയുണ്ട്‌. ഒരിഞ്ച് ഭൂമി വിട്ടുനൽകില്ല. സിപിഐ എം ഇ‍ൗ കുടുംബങ്ങൾക്കൊപ്പമുണ്ട്‌. അതിശക്തമായ ജനകീയ പ്രതിരോധം തീർക്കും. കുടുംബങ്ങൾക്ക്‌ സർക്കാർ പട്ടയം നൽകണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home