ഇ ഡി റെയ്ഡ് രാഷ്ട്രീയ പകപോക്കൽ; നാടാകെ പ്രതിഷേധമുയരും: സിപിഐ എം

തിരുവനന്തപുരം: സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുള്ള ഇ ഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് പാർടി സംസ്ഥാന സെക്രട്ടറിയറ്റ്. എൻഫോഴ്സസ്മെൻ്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ സിപിഐ എം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം രാഷ്ട്രീയ വേട്ടയാടലുകളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകർക്കാമെന്ന വ്യാമോഹം ബിജെപിക്ക് വേണ്ട. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാൻ കേന്ദ്ര ഏജൻസികളെ ആയുധവത്കരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിൻ്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു.
പിണറായി വിജയനെ വേട്ടയാടുന്നതിൽ ബിജെപിക്ക് കോൺഗ്രസിന്റെ സഹായമുണ്ട്. എന്തുകൊണ്ട് പിണറായി വിജയനെ ഇ ഡി അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരമായി കേരളത്തിൽ വന്നു പ്രസംഗിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദർശിച്ചതിൻ്റെ തൊട്ടടുത്ത ദിവസമാണ് ഇ ഡി നടപടികൾ. ഡൽഹിയിൽ അരവിന്ദ് കെജരിവാളിന് നേരെ കോൺഗ്രസ് പിന്തുണയോടെ ബിജെപിയും, കേന്ദ്ര ഏജൻസികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന് സമാനമായിരുന്നു.
പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാൻ കോൺഗ്രസും, ബിജെപിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥാ കാലം മുതൽ അദ്ദേഹത്തിന് നേർക്ക് നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ് ഇത്. ആ നീക്കങ്ങളെ തകർത്ത് മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിൻ്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന് ഉറപ്പാണ്. സിഎംആർഎൽ കേസ് അന്വേഷിക്കുന്നതിൽ തടസ്സമില്ല. എന്നാൽ നിലവിലെ സംസ്ഥാന മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾ സിഎംആർഎല്ലിൽ നിന്ന് പണം പറ്റിയെന്ന് തെളിഞ്ഞിട്ടും അവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.
രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതിനെ സുപ്രീം കോടതി തന്നെ വിമർശിച്ചിട്ടുണ്ട്. ഇ ഡി എടുത്ത കേസുകളിൽ ഒരു ശതമാനത്തിൽ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്തുത ഇതിന് അടിവരയിടുന്നു. ഈ സമീപനം തന്നെയാണ് കോൺഗ്രസ് പിന്തുണയോടെ കേരളത്തിൽ സിപിഐ എം നെതിരെ ബിജെപി ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ നടക്കുമ്പോൾ ബിജെപി പാളയത്തിൽ അഭയം തേടുന്ന കോൺഗ്രസ് ഉന്നതനേതാക്കളെയാണ് രാജ്യമെങ്ങും കണ്ടത്. ഹിമന്ത ബിശ്വ ശർമയും, അശോക് ചവാനും, നവീൻ ജിൻ ഡാലും, ക്യാപ്റ്റൻ അമരീന്ദർ സിംഗും, ദിഗംബർ കാമത്തും മുതൽ കേന്ദ്ര ഏജൻസികൾക്ക് മുന്നിലെത്തിയ ഏതാണ്ട് എല്ലാ കോൺഗ്രസ് നേതാക്കളും ബിജെപിയിലെത്തി. ഇത്തരം ഭീഷണികൾ ഒരുകാലത്തും പക്ഷേ, സിപിഐ എമ്മിന് മുന്നിൽ വിലപ്പോയിട്ടില്ല. സംഘപരിവാറിൻ്റെ ഭീഷണിക്ക് മുന്നിൽ ജീവൻ കൊടുത്ത് പോരാടിയവരാണ് സിപിഐ എം പ്രവർത്തകർ. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ടുപോവും.
പിണറായി വിജയന് നേരെയുള്ള ഈ കടന്നാക്രമണത്തെ പാർടിക്ക് നേരെയുള്ള ആക്രമണമായാണ് സിപിഐ എം കാണുന്നത്. ഒരു ആ ഹ്വാനവുമില്ലാതെ ആയിരക്കണക്കിന് പൊതുജനങ്ങളാണ് ഇതിനകം തന്നെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. പാർടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കൽ കേന്ദ്രങ്ങളിലൽ പ്രതിഷേധ പ്രകടനം നടക്കുകയാണ്. എല്ലാ ബ്രാഞ്ചിലും ഇന്ന് വൈകിട്ട് പന്തം കൊളുത്തി പ്രകടനം നടത്തും. സിപിഐ എമ്മിനെതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.










0 comments