എഫ് സി ആർ എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം; സിപിഐ എം

തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതികൾ ന്യൂനപക്ഷങ്ങൾക്കെതിരായ നേരിട്ടുള്ള കടന്നാക്രമണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പൗരസംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തി അവയെ വരുതിയിലാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
സർക്കാരേതര സംഘടനകൾ (എൻ.ജി.ഒ), ട്രസ്റ്റുകൾ, സൊസൈറ്റികൾ എന്നിവയെ ലക്ഷ്യമിട്ട് കടുത്ത വ്യവസ്ഥകളാണ് ഭേദഗതിയിലുള്ളത്. ലൈസൻസ് റദ്ദാക്കപ്പെട്ടാൽ സ്ഥാപനങ്ങളുടെ ആസ്തികൾ കൈമാറ്റം ചെയ്യാനോ വിൽക്കാനോ കേന്ദ്രാനുമതി വേണം. രജിസ്‌ട്രേഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഈ ആസ്തികൾ സർക്കാർ എന്നെന്നേക്കുമായി ഏറ്റെടുക്കും. വിദേശ ഫണ്ട് കൈപ്പറ്റി 'നിർബന്ധിത മതപരിവർത്തനം' നടത്തുന്നു എന്നാരോപിച്ച് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വരെ പിടിച്ചെടുക്കാൻ ഈ കരിനിയമം വഴിവെക്കുമെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് മോദി സർക്കാർ ഏകപക്ഷീയമായി ബില്ല് പാസാക്കിയത്. ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ സ്ഥാപനങ്ങളുടെയും സ്വത്തിന്റെയും നിയന്ത്രണം സർക്കാർ നിശ്ചയിക്കുന്ന അതോറിറ്റിയിലേക്ക് മാറ്റുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ കവർന്നെടുക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രത്തിന്റെ പൂർണനിയന്ത്രണത്തിൽ കൊണ്ടുവരുന്ന ഈ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.











0 comments