print edition വ്യാജപ്രചാരണം പുതിയതല്ല; ഗൂഢലക്ഷ്യം തിരിച്ചറിയണം: സിപിഐ എം

കണ്ണൂർ: ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ ലക്ഷ്യമിട്ട് തുടർച്ചയായി വലതുപക്ഷ മാധ്യമങ്ങൾ ചമയ്‌ക്കുന്ന വ്യാജ വാർത്തകൾ തള്ളുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെത്തുടർന്ന് ജില്ലാ സെക്രട്ടറിക്കെതിരായി മാധ്യമങ്ങൾ തുടർച്ചയായി നിർമിതകഥകൾ ചമയ്ക്കുകയാണ്. അത് പാർടിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗംതന്നെയാണ്.
ജില്ലാ സെക്രട്ടറിയെ ‘നിയമിച്ചതിനെതിരെ' കേന്ദ്ര നേതൃത്വത്തിന് ജില്ലയിലെ ചില നേതാക്കൾ പരാതി നൽകിയെന്നാണ് പുതിയ വ്യാജനിർമിതി. ആരാണ് പരാതി അയച്ചത്, ആർക്കാണയച്ചത് എന്നൊന്നെും വെളിപ്പെടുത്താതെ, ഏതോ കേന്ദ്രത്തിൽനിന്ന് വാർത്തകൾ ഉൽപ്പാദിപ്പിക്കുകയാണ്. സിപിഐ എമ്മിൽ ജില്ലാ സെക്രട്ടറിയെ നിയമിക്കലല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കുകയാണ്. കണ്ണൂരിൽ ഏകകണ്ഠമായാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്ത്. എന്നിട്ടും, സിപിഐ എം സംഘടനാരീതിയെ അപഹസിക്കുന്നനിലയിൽ വാർത്തകളുണ്ടാക്കുന്നത് ബോധപൂർവമാണ്.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ വലിയ വിമർശം എന്ന നിലയിൽ കഴിഞ്ഞ ദിവസം വാർത്തയുണ്ടായി. പോസ്റ്റിലെ കമന്റ് ഭാഗം പൂട്ടി എന്നുവരെ ചിലർ വാർത്ത നൽകി. പാർട്ടി പ്രവർത്തകർ എന്ന വ്യാജേനയുണ്ടാക്കിയ പ്രൊഫൈലുകളിലൂടെയും അല്ലാതെയും പാർടിശത്രുക്കൾ നടത്തിയ സൈബർ ബുള്ളിയിങ്ങിനെയാണ് ‘ജില്ലാ സെക്രട്ടറിക്കെതിരെ പാർടിപ്രവർത്തകർ' എന്ന നിലയിൽ അവതരിപ്പിച്ചത്.
മുമ്പും ഇത്തരത്തിൽ വ്യാജവാർത്തകളുടെ കുത്തൊഴുക്കുണ്ടായിരുന്നു. ജില്ലാ സെക്രട്ടറി ന്യൂനപക്ഷ വർഗീയതയെ വിമർശിച്ചതിനെ, ന്യൂനപക്ഷങ്ങളെയാകെ അധിക്ഷേപിച്ചു എന്ന നിലയിൽ വളച്ചൊടിച്ചു. ‘ബിജെപി സാധീനമുണ്ടാക്കാൻ കൂടുതൽ ലക്ഷ്യംവയ്‌ക്കുന്നത് സിപിഐ എമ്മിനെ' എന്നു പറഞ്ഞതിനെ, ‘ബിജെപിക്ക് സ്വാധീനിക്കാൻ കഴിയുന്നത് സിപിഐ എമ്മിനെ' എന്ന രീതിയിലും വക്രീകരിച്ചു. ‘തളിപ്പറമ്പിൽ മുമ്പും ഇടതുപക്ഷം തോറ്റിട്ടുണ്ട്' എന്ന് പറഞ്ഞതായും വാർത്ത ചമച്ചു.
ഇതിനെല്ലാം പിന്നിൽ പാർടിയെ അപഹാസ്യമാക്കുക എന്ന ബോധപൂർവമായ അജൻഡയുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷം എന്ന് തോന്നിക്കുന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ആക്രമണം. നേതൃത്വത്തിനെതിരെയുള്ള പൊതുബോധനിർമിതിയാണ് നടക്കുന്നത്. ഇക്കാര്യം പാർടി പ്രവർത്തകരും ബന്ധുക്കളും തിരിച്ചറിയണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.










0 comments