നിയമനടപടിക്ക് സിപിഐ എം; കെ സി വേണുഗോപാലിനെതിരെ വക്കീൽ നോട്ടീസ്

സിപിഐ എം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ്, കെ സി വേണുഗോപാൽ
കണ്ണൂർ : സിപിഐ എം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വക്കീൽ നോട്ടീസ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സിപിഐ എമ്മിനെയും ജനമധ്യത്തിൽ അവഹേളിക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ലക്ഷ്യമിട്ട് നടത്തിയ വ്യാജ പ്രസ്താവനകൾ പിൻവലിച്ച് നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് വേണ്ടി അഡ്വ കെ വിശ്വൻ ആണ് നോട്ടീസ് അയച്ചത്.
ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കെ മനഃപൂർവം സംഘർഷമുണ്ടാക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമാണ് വേണുഗോപാൽ ശ്രമിക്കുന്നത്. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസായ എ കെ ജി ഭവന്റെ മൂന്നാം നിലയിൽ വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നുവെന്നായിരുന്നു ഏപ്രിൽ രണ്ടിന് മാധ്യമങ്ങൾക്കുമുന്നിൽ വേണുഗോപാൽ നടത്തിയ വ്യാജാരോപണം.
കല്ല്യാശേരിയിലെ വോട്ടുകൾ പയ്യന്നൂരിൽ ചേർത്ത് ഇരട്ടവോട്ടുണ്ടാക്കി കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്നും ഉന്നത നേതാക്കളുടെ അറിവോടെയാണിതെന്നുമുള്ള കള്ളപ്രചാരണമാണ് അദ്ദേഹം നടത്തിയത്.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനെതിരെ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിച്ചത് പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും വൈകാരികമായി വ്രണപ്പെടുത്താനാണെന്ന് നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫിന് പിന്നിൽ നാടാകെ അണിനിരക്കുന്നതിൽ വിറളിപൂണ്ടാണ് രാഷ്ട്രീയ വൈരാഗ്യത്തോടെ ഇത്തരം നുണക്കഥകൾ പടച്ചുവിടുന്നത്.
മാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ ഈ അപകീർത്തികരമായ പ്രസ്താവനകൾ അടിയന്തരമായി പിൻവലിച്ച് അതേ പ്രാധാന്യത്തോടെ തന്നെ പരസ്യമായി ഖേദപ്രകടനം നടത്തണം. അല്ലാത്തപക്ഷം സിവിൽ - ക്രിമിനൽ നടപടികളുമായി കോടതിയെ സമീപിക്കുമെന്നും നോട്ടീസ് മുന്നറിയിപ്പ് നൽകുന്നു. നോട്ടീസിന്റെ പകർപ്പ് ഇമെയിൽ വഴിയും അയച്ചിട്ടുണ്ട്.










0 comments