ശബരിമല: കള്ള പ്രചാരണത്തിനെതിരെ സിപിഐ എം നേരത്തേ പരാതി നൽകി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കവർച്ചാ കേസിന്റെ മറവിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ തെരഞ്ഞെടുപ്പിൽ ബിജെപി വിതരണം ചെയ്‌ത ലഘുലേഖക്കെതിരെ ഡിസംബർ രണ്ടിന് തന്നെ സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സ്വർണകൊള്ളക്കാർ എന്ന് പറഞ്ഞ് നടത്തിയ കള്ള പ്രചാരണം 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്‌ഷൻ 123(3)ന്റെ ലംഘനമാണെന്ന് കാട്ടി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് പരാതി നൽകിയത്.
പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷണർ ലഘുലേഖകൾ കണ്ടെത്തി നശിപ്പിക്കാനും നിയമനടപടി സ്വീകരിക്കാനും ഡിസംബർ അഞ്ചിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കലക്ടർമാർക്ക് നിർദേശവും നൽകി. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് സിപിഐ എം പരാതിയുമായി രംഗത്ത് വന്നതെന്ന പ്രചാരണമാണ് ഇതോടെ പൊളിയുന്നത്.
തെരഞ്ഞെടുപ്പിൽ വികസനവും ക്ഷേമവും പറഞ്ഞ് എൽഡിഎഫ് വോട്ടർമാരെ സമീപിച്ചപ്പോൾ മറ്റൊന്നും പറയാനില്ലാത്ത ബിജെപിയും യുഡിഎഫും ശബരിമലയിലെ സ്വർണപ്പാളി, കട്ടിളപ്പാളി സ്വർണ കവർച്ചാ കേസ് ഉപയോഗിച്ച് വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനായി ബിജെപി തയ്യാറാക്കിയ വർഗീയ ലഘുലേഖ വോട്ടർമാർക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചു. ക്ഷേത്ര സ്വത്തുക്കളും വിശ്വാസവും കൊള്ളയടിക്കുന്നവരെ തിരിച്ചറിയാൻ ലഘുലേഖ വോട്ടർമാരോട് ആവശ്യപ്പെടുന്നു.
ശബരിമല അയ്യപ്പൻ ലക്ഷക്കണക്കിന് ഭക്തരുടെ ഹൃദയങ്ങളിൽ വിശ്വാസവും ഭക്തിയും ആകർഷിക്കുന്ന ഒരു ദൈവമാണെന്നും ഹിന്ദുക്കൾ പവിത്രമായി കരുതുന്ന അത്തരമൊരു വിഗ്രഹം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വിപണിയിൽ വിൽക്കാൻ വച്ചിരിക്കുകയാണെന്നും ലഘുലേഖയിൽ ഉള്ളതായും പരാതിയിൽ പറയുന്നു. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന ലഘുലേഖ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ്. അതിനാൽ അവ പിടിച്ചെടുത്തെ് നശിപ്പിക്കണമെന്നും നിയമപരമായ നടപടി സ്വീകരിക്കണമെന്നും സിപിഐ എം പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.










0 comments