print edition വി എസിന്റെ ഓർമകൾ പോരാട്ടത്തിന് കരുത്ത്; ചരമ വാർഷികദിനം ആചരിക്കുക: സിപിഐ എം

തിരുവനന്തപുരം: സിപിഐ എമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ചൊവ്വാഴ്‌ച ആചരിക്കാൻ പാർടി ഘടകങ്ങളോടും ബഹുജനങ്ങളോടും സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്‌തു. സംസ്ഥാനത്താകെ പാർടി ഓഫീസ് അലങ്കരിച്ചും പതാക ഉയർത്തിയും അനുസ്‌മരണ സമ്മേളനം നടത്തിയും സ്‌മരണ പുതുക്കണം.
കയർ ഫാക്ടറി തൊഴിലാളിയായിരുന്ന വി എസിലെ നേതാവിനെ കണ്ടെത്തിയത് പി കൃഷ്‌ണപിള്ളയാണ്. 1940-ൽ 17–-ാം വയസ്സിൽ പാർടി അംഗമായി. പുന്നപ്ര –- വയലാർ പ്രക്ഷോഭത്തിന്റെ നേതൃനിരയിലെത്തിയ അദ്ദേഹം അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശപ്പോരാട്ടത്തിൽ മുന്നണിപ്പോരാളിയായി. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗമായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.
പാരിസ്ഥിതിക പ്രശ്‌നങ്ങളെ വർഗസമരത്തിന്റെ ഭാഗമായിക്കണ്ട് ഇടപെട്ടു. സ്‌ത്രീ സമത്വ ആശയങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ പോരാടുകയും ചെയ്‌തു. മതരാഷ്‌ട്രവാദികളുടെ അജൻഡയെ തുറന്നുകാട്ടി.
സംഘപരിവാർ നയിക്കുന്ന കേന്ദ്ര സർക്കാർ, ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന എല്ലാ ഗുണപരമായ മൂല്യങ്ങളെയും ഇല്ലാതാക്കുകയാണ്. അതേ നയങ്ങൾ നടപ്പിലാക്കാൻ യുഡിഎഫ് സർക്കാരും ശ്രമിക്കുന്ന വേളയാണിത്.
ഇതിനെതിരായ പോരാട്ടങ്ങൾക്ക്, ജീവിതംതന്നെ നാടിനെ സംരക്ഷിക്കാനുള്ള സമരമാക്കിമാറ്റിയ വി എസിന്റെ ഓർമകൾ കരുത്ത് പകരുമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.










0 comments