അബ്ദുറഹിമാനെതിരെയുള്ള അന്വേഷണം പരിഹാസ്യം, വായുവില്‍ നിന്ന് രൂപപ്പെടുത്തിയ അഴിമതിയുടെ പേരിലുള്ള വേട്ട: സിപിഐ എം

തിരുവനന്തപുരം : അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പര്യടനവുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ മുന്‍മന്ത്രി വി അബ്ദുറഹിമാനും, പ്രൈവറ്റ് സെക്രട്ടറി സത്യപാലനും എതിരായി നടത്തുന്ന അന്വേഷണം പരിഹാസ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. എന്താണ് അഴമതി, എവിടെയാണ് ക്രമക്കേട്, മന്ത്രിയും സര്‍ക്കാരും എന്ത് തെറ്റ് ചെയ്‌തു തുടങ്ങി ഒരു കാര്യത്തില്‍ പോലും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു സംഘം മാധ്യമങ്ങള്‍ കൂട്ടംചേര്‍ന്ന് എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടാൻ ഉപയോഗിക്കുന്ന ആയുധം മാത്രമാണിത്. കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ഉറപ്പുള്ള ഒരു കേസ് അവിടെയെത്തുന്നതുവരെ കൊണ്ടാടുകയെന്ന ദുഷ്ടലാക്കാണ് ഇതിനുപിന്നിൽ.
വായുവില്‍ നിന്ന് രൂപപ്പെടുത്തിയ അഴിമതിയുടെ പേരിൽ വേട്ട തുടരുകയാണ്. ജിഎസ്‌ടി അടച്ചില്ലെന്നതാണ് ആദ്യം ഉയര്‍ത്തിയ ആക്ഷേപം . കരാറില്‍ പറഞ്ഞ സേവനം കിട്ടിയില്ലെങ്കില്‍ ജിഎസ്‌ടി അടക്കേണ്ടതില്ലെന്ന വസ്‌തുത പുറത്തുവന്നതോടെ അത് പൊളിഞ്ഞു. അര്‍ജന്റീന ഇടപാടിന്റെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പും, കള്ളപ്പണ ഇടപാടും കായിക വകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം, റിപ്പോര്‍ട്ട് പുറത്തുവിടണം.
ഏത് കേസിന്റേയും കൂട്ടത്തില്‍ കള്ളപ്പണ ഇടപാട് ചേര്‍ത്തുവയ്‌ക്കുന്നതിന് പിന്നിലുള്ള ഗൂഢലക്ഷ്യം ആര്‍ക്കും മനസിലാകും. എന്തെങ്കിലും പേരില്‍ കേസെടുത്ത് ചോദ്യ ചെയ്യലും അതിന്റെമേല്‍ വാര്‍ത്താ പരമ്പരകള്‍ സൃഷ്ടിക്കലുമാണ് ലക്ഷ്യം. നരേന്ദ്ര മോദി ചെയ്‌തുകൊണ്ടിരിക്കുന്ന വഴിയിലാണ് വി ഡി സതീശനും സഞ്ചരിക്കുന്നത്. സര്‍ക്കാര്‍ പണം മുടക്കാത്തതും നടക്കാത്തതുമായ ഒരു പരിപാടിയുടെ പേരിലാണ് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചുള്ള അന്വേഷണ പ്രഹസനങ്ങള്‍. സര്‍ക്കാരിന്റെ പരാജയവും, യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നങ്ങളും മറച്ചുവയ്‌ക്കാനാണ് ഇത്. വി അബ്ദുറഹ്മാനേയും, ഷറഫലിയേയും അഴിമതിക്കാരായി ചിത്രീകരിക്കാനുള്ള സര്‍ക്കാരിന്റേയും, ഒരു കൂട്ടം മാധ്യമങ്ങളുടേയും നീക്കത്തെ രാഷ്ട്രീയമായും, നിയമപരമായും ശക്തമായി നേരിടുമെന്നും സിപിഐ എം പ്രസ്‌താവനയില്‍ പറഞ്ഞു.









0 comments