Deshabhimani

മെസിക്കേസ്‌ പച്ചക്കള്ളം ഉ‍ൗതിനിറച്ച ബലൂൺ; സെൽഫ്‌ഗോളിൽ കാറ്റുപോകും

messi abdurahiman
avatar
ഇ സുദേഷ്

Published on Nov 13, 2026, 08:36 PM | 4 min read

തിരുവനന്തപുരം: ലോകകപ്പ്‌ ജേതാക്കളായ അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലേക്ക്‌ കൊണ്ടുവരാൻ ശ്രമിച്ചതിന്റെ പേരിൽ മുൻ സർക്കാരിനെയും കായികമന്ത്രിയെയും പ്രതിസ്ഥാനത്ത്‌ നിർത്താനുള്ള ഗൂഢനീക്കങ്ങൾ പൊളിയുന്നു. ഇതുമായി ബന്ധപ്പെട്ട്‌ കേസെടുക്കാൻ അനുമതി ലഭിച്ചെങ്കിലും നേരിയ തെളിവ്‌ പോലുമില്ലാതെ അന്വേഷണ സംഘം ഇരുട്ടിൽ തപ്പുകയാണ്‌. ഇ‍ൗ വിഷയത്തിൽ ഒരു ചില്ലിക്കാശ്‌ പോലും സംസ്ഥാന സർക്കാരിന്‌ നഷ്‌ടമായിട്ടില്ല. മത്സരം നടത്താൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (എഎഫ്എ) സ്‌പോൺസറും തമ്മിലുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട്‌ സർക്കാരിന്‌ ഒരു ബാധ്യതയും ഉണ്ടായിട്ടുമില്ല. ഇതെല്ലാം മറച്ചുവെച്ച്‌, ഒ‍ൗദ്യോഗികനടപടികളുടെ ദുർവ്യാഖ്യാനവും വ്യാജനിഗമനങ്ങളും കുത്തിനിറച്ച്‌ തയ്യാറാക്കിയ കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട്‌ വിശ്വസിച്ച്‌ ചാടിയിറങ്ങിയ യുഡിഎഫ്‌ സർക്കാരും അന്വേഷണസംഘവും പെരുവഴിയിലാണ്‌. ഏതു പുകമറയെയും ഭേദിക്കാൻ പോന്ന വിധം വസ്‌തുതകൾ വ്യക്തമാണ്‌. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ മുൻ സർക്കാർ നടപടികൾ തുടങ്ങിയത്. സ്‌പോൺസർ മാച്ച്‌ ഫീസായി എഎഫ്‌എ ആവശ്യപ്പെട്ട പണമടച്ചത്‌ റിസർവ്‌ ബാങ്കിന്റെ അനുമതിയോടെയാണ്‌. പൊതുമേഖലാ ബാങ്ക്‌ വഴിയാണ്‌ ഇ‍ൗ പണമടച്ചത്‌. കായിക വകുപ്പ്‌ സെക്രട്ടറിയുടെയോ, കായിക ഡയറക്‌ടറുടെയോ അപേക്ഷ പ്രകാരം മാത്രമേ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളും മറ്റു ഒ‍ൗദ്യോഗിക സ്ഥാപനങ്ങളും ഇത്തരം അനുമതികൾ നൽകൂ. മന്ത്രി ഓഫീസ്‌ മാത്രമാണ്‌ കാര്യങ്ങൾ നീക്കിയതെന്നും കായികവകുപ്പിലെ ഉദ്യോഗസ്ഥർ ഒന്നും അറിഞ്ഞിരുന്നില്ലെന്നുമുള്ള പ്രചാരണം വ്യാജമാണ്‌. പുതിയ കായികനയം പ്രകാരം, വിദേശ സര്‍ക്കാരുകളുമായി സഹകരിച്ചുള്ള വിപുലമായ കായികപ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സർക്കാർ തുടക്കം കുറിച്ചിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിച്ചത്‌ ഇതിന്റെ ഭാഗമായാണ്‌. കായിക പ്രേമികള്‍ക്ക് മെസിയടങ്ങുന്ന ടീമിന്റെ മത്സരം കാണാൻ അവസരം ഒരുക്കാനാണ് പരിശ്രമിച്ചത്‌. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കും ഫുട്‌ബോളിലേക്ക് കടന്നുവരുന്നവര്‍ക്കും വലിയ ആവേശം സമ്മാനിക്കാന്‍ ഈ മത്സരത്തിന് സാധിക്കുമായിരുന്നു. ഫിഫ ലോകകപ്പ്‌, ഒളിമ്പിക്‌സ്‌ അടക്കമുള്ള കായികമത്സരങ്ങളുടെ വേദിയാകാൻ വിവിധ രാജ്യങ്ങൾ വർഷങ്ങളുടെ കാമ്പയിനാണ്‌ നടത്തുക.ഇതിനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുകയും ചെയ്യാറുണ്ട്‌. ഇതിൽ ഒരു രാജയത്തിനു മാത്രമാണ്‌ വേദി അനുവദിച്ച്‌ കിട്ടുക. 2036 ഒളിമ്പിക്‌സ്‌ വേദി അനുവദിക്കാനായി കേന്ദ്ര സർക്കാർ വൻതുകയാണ്‌ മുടക്കുന്നത്‌. ആ മത്സരം നടത്തുന്നതിലൂടെ രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങളാണ്‌ ഇ‍ൗ ചെലവഴിക്കലിനു പിന്നിലെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അര്‍ജന്റീന ടീം സൗഹൃദ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. സ്‌പോണ്‍സറാകാന്‍ താല്‍പ്പര്യം അറിയിച്ച് 2 സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ആദ്യം സ്‌പോണ്‍സറായി നിശ്ചയിച്ചവര്‍ വ്യവസ്ഥ പാലിക്കാത്തതിനെ തുടര്‍ന്ന് പിന്നീട് താല്‍പ്പര്യം അറിയിച്ച റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോണ്‍സറായി നിശ്ചയിക്കുകയും അവര്‍ എഎഫ്എയുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. മത്സരവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാധ്യതയും സ്‌പോണ്‍സറാണ് വഹിക്കേണ്ടതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏതൊരു രാജ്യത്തെയും കായികമേഖലയുമായി ബന്ധപ്പെട്ട അസോസിയേഷനുകൾ സ്വകാര്യ സംഘടനകളാണ്‌. അവരുമായി സർക്കാർ നേരിട്ട്‌ കരാറിലോർപ്പെടുന്ന പതിവില്ല. അതുകൊണ്ടാണ്‌ സ്വകാര്യ സ്‌പോൺസറെ കണ്ടെത്തിയത്‌. എഎഫ്എയ്‌ക്കും അത്തരത്തിൽ ഒരു സ്‌പോൺസറെയാണ്‌ താൽപ്പര്യമെന്ന്‌ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ബ്രസീൽ, ഉറുഗ്വെ ടീമുകൾ ഇന്ത്യയിൽ വന്നു കളിച്ചതും ഇതേ മാതൃകയിലാണ്‌. അങ്ങനെ വന്ന്‌ കളിച്ചപ്പോൾ പോലും ഉയരാത്ത ആക്ഷേപങ്ങളാണ്‌ അത്തരമൊരു മത്സരത്തിന്‌ ശ്രമിച്ചതിന്റെ പേരിൽ ആരോപിക്കപ്പെടുന്നത്‌.


കേരളത്തില്‍ വരുന്ന വിവരം എഎഫ്എ ഒ‍ൗദ്യോഗികമായും അവരുടെ സാമൂഹ്യമാധ്യമത്തിലൂടെയും പ്രഖ്യാപിച്ചതാണ്‌. നിശ്‌ചിത തിയതി വ്യക്തമാക്കി കൊണ്ടായിരുന്നു ഇ‍ൗ പ്രഖ്യാപനം. ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌ത ചില മാധ്യമങ്ങൾ തന്നെയാണ്‌ ഇപ്പോൾ ഇതെല്ലാം മറന്ന്‌ കള്ളക്കഥകൾ ചമയ്‌ക്കുന്നത്‌. കേരളത്തിലെ മത്സരത്തിൽ നിന്ന്‌ പിന്മാറുന്ന വിവരം എഎഫ്എ ഒ‍ൗദ്യോഗികമായി അറിയിച്ചിരുന്നു. 2025 നവംബറിൽ കേരളത്തിലും ആഫ്രിക്കയിലുമായി രണ്ട്‌ സ‍ൗഹൃദമത്സരങ്ങൾക്കാണ്‌ അർജന്റീന തയ്യാറായിരുന്നത്‌. എന്നാൽ, ലോകകപ്പ്‌ അടുത്ത സാഹചര്യത്തിൽ, ലോകകപ്പ്‌ വേദിയായ അമേരിക്കയിൽ നിന്ന്‌ വളരെ അകലെയുള്ള മത്സരം തുടർച്ചയായി കളിക്കാൻ ടീമംഗങ്ങൾക്ക്‌ അസ‍ൗകര്യമായതിനാൽ നിശ്‌ചയിച്ച സമയത്ത്‌ കേരളത്തിലേക്ക്‌ വരുന്നില്ലെന്ന്‌ അറിയിച്ചു. മറ്റൊരുസമയം അനുവദിക്കാൻ അവർ തയ്യാറായിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തിൽ അത്‌പ്രായോഗികമല്ലായിരുന്നു. 130 കോടിയോളം രൂപ വാങ്ങിയ ശേഷം അർജന്റീന ടീം വരാതിരുന്നതിനെതിരെ റിപ്പോർട്ടർ അന്താരാഷ്‌ട്ര കായിക ട്രിബ്യൂണലിൽ കേസ്‌ കൊടുത്തിട്ടുണ്ട്‌. ആ കേസിൽ ഹാജരായ എഎഫ്എ പ്രതിനിധികൾ കോടതിയിൽ മാപ്പപേക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്‌.


ആദ്യഘട്ടത്തിൽ അതത്‌ സമയത്തെ കായികവകുപ്പ്‌ സെക്രട്ടറി, കായിക ഡയറക്‌ടർ എന്നിവരുമായി ചേർന്ന്‌ ചർച്ച നടത്തിയ ശേഷം, അവർ മുഖേനയാണ്‌ എഎഫ്എ യുമായി സർക്കാർ ആശയവിനിമയം നടത്തിയത്‌. എഎഫ്എ യുമായി ഓണ്‍ലൈനായി നടന്ന ആശയവിനിമയങ്ങളെ തുടര്‍ന്നാണ് സ്‌പെയ്‌നിലെ മാഡ്രിഡില്‍ വെച്ച് അവരുമായി കൂടിക്കാഴ്‌ച നടത്തിയത്. കായികവകുപ്പ്‌ സെക്രട്ടറി, കായിക ഡയറക്‌ടർ എന്നിവർ ഇ‍ൗ ചർച്ചയിൽ കായികമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഈ സന്ദര്‍ശനത്തെ തുടര്‍ന്നാണ് എഎഫ്എയും സ്‌പോണ്‍സറും കരാറില്‍ ഏര്‍പ്പെട്ടത്. അര്‍ജന്റീന സോക്കര്‍ സ്‌കൂളുകള്‍ കേരളത്തില്‍ തുടങ്ങുക, കായികപരിശീലന അക്കാദമികള്‍ ആരംഭിക്കുക, നമ്മുടെ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി പരിഗണനയിലുണ്ടായിരുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിക്കാന്‍ മാത്രമായിരുന്നില്ല ഈ സന്ദര്‍ശനം. ലോക ക്ലബ് ഫുട്‌ബോളില്‍ ഒന്നാമതുള്ള സ്‌പെയ്‌നിലെ ലാ ലിഗ, സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുമായി സഹകരിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കായികവൈദഗ്ധ്യ വികസനം, സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് റിസര്‍ച്ച്, കായികമേഖലയുടെ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെയ്ന്‍ ഹയര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സാങ്കേതിക സഹായം, സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കരിക്കുലം പരിഷ്‌ക്കരണം, പാരാ ഫുട്‌ബോള്‍, കായികരംഗത്ത് സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിലാണ് ലാ ലിഗ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. 2023 ൽ സംസ്ഥാനം കൊണ്ടുവന്ന കായികനയത്തിലെ പ്രധാന നിര്‍ദ്ദേശമാണ് കായിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നത്. കായിക സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന് ഏറവും പ്രധാനമാണ് വിദേശ സഹകരണം. നിയമസഭ അംഗീകരിച്ച 2025–-26 ബജറ്റിലെ പ്ലാന്‍ റെറ്റപ്പ് പ്രകാരം കായികവികസന നിധി എന്ന ഹെഡില്‍ വിദേശ സഹകരണത്തിന് ഉള്‍പ്പെടെ ചെലവഴിക്കാന്‍ 8.4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാർ ഇറ്റലി, ഓസ്‌ട്രേലിയ, നെതർലന്റ്‌സ്‌, ക്യൂബ എന്നീ രാജ്യങ്ങളുമായി വിവിധ കായികസഹകരണ പരിപാടികൾ നടപ്പാക്കിയിരുന്നു.

ക്യൂബയുമായി സഹകരിച്ച് 2024 ല്‍ ചെ സ്മാരക ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അസോസിയേഷനും നെതര്‍ലന്‍ഡ്‌സിലെ ബൊവ്‌ലാന്‍ഡര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഫുട്‌ബോള്‍, ഹോക്കി പരിശീലന പദ്ധതികൾ നടപ്പാക്കി. ഓസ്‌ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി പ്രകാരം പരിശീലകര്‍ക്കുള്ള പരിശീലനം നടന്നു. ഇറ്റലിയിലെ എ സി മിലാനുമായി ചേര്‍ന്ന് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഫുട്‌ബോള്‍ അക്കാദമി കൊണ്ടുവന്നു. കലൂരിലെ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നതിന് പകരമായി സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയത്തിന്മേല്‍ അവകാശം അനുവദിച്ചുവെന്ന പ്രചാരണം അങ്ങേയറ്റം ദുരുദ്ദേശപരമാണ്. ജിസിഡിഎ സര്‍ക്കാരിന് നല്‍കിയ കത്ത് പ്രകാരമാണ് കൊച്ചി സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. മത്സരത്തിന് വേണ്ടി മാത്രമായി കായികവകുപ്പിനു കീഴിലെ പിഎസ്‌യു ആയ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറാന്‍ ജിസിഡിഎ തിരുമാനിക്കുകയായിരുന്നു. സ്‌റ്റേഡിയം സജമാക്കുന്നതിനുള്ള പ്രവൃത്തികളുടെ സാമ്പത്തിക ഉത്തരവാദിത്തം സ്‌പോണ്‍സര്‍ നിര്‍വഹിക്കണമെന്നും തീരുമാനിച്ചു. സ്റ്റേഡിയം ആര്‍ക്കും കൈമാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കിയതാണ്‌. ഇപ്പോൾ ഉടമസ്ഥരായ ജിസിഡിഎ ഐഎസ്‌എൽ മത്സരങ്ങൾക്ക്‌ സ്‌റ്റേഡിയം കൃത്യമായി വാടകയ്‌ക്ക്‌ നൽകുന്നുണ്ട്‌. ഗ്ര‍ൗണ്ട്‌ നിലവാരവും മറ്റു സ‍ൗകര്യങ്ങളും വർദ്ധിച്ചതോടെ കാണികൾക്ക്‌ വലിയ താൽപ്പര്യം ഉണ്ടായിട്ടുണ്ട്‌. അധികാരമേറി മാസങ്ങൾക്കകം കടുത്ത വിവാദങ്ങളിലും പ്രതിസന്ധിയിലും അകപ്പെട്ട സർക്കാർ നാണക്കേട്‌ മറയ്‌ക്കാൻ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വ്യാജക്കഥകൾ കുത്തിപ്പൊക്കുന്നുണ്ട്‌. അതിന്റെ ഭാഗമാണ്‌ അർജന്റീന ടീം വിവാദവും. മെസിയെ പോലെ കേരളത്തിൽ വൻ ആരാധകവൃന്ദമുള്ള ഒരാളുമായി ബന്ധപ്പെട്ട വിഷയം കൂടുതൽ ജനശ്രദ്ധ നേടും എന്നതിനാലാണ്‌ അത്‌ തെരഞ്ഞെടുത്ത്‌. ഇവിടെ റിപ്പോർട്ടർ ചാനൽ കൂടി കക്ഷിയായതിനാൽ അവരുടെ എതിരാളികളായ മാധ്യമങ്ങൾക്ക്‌ താൽപ്പര്യവും എരിവുകേറ്റലും കുറച്ചു കൂടുതലാണ്‌. പച്ചക്കളളങ്ങളുടെ കാറ്റുനിറച്ച ബലൂണായ മെസി കേസ്‌ എട്ടുനിലയിൽ പൊട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home