പ്രമേഹവും മാതൃത്വവും: വന്ധ്യത, ഗർഭകാല വെല്ലുവിളികൾ, സുരക്ഷിതമായ ഗർഭധാരണത്തിലേക്കുള്ള വഴികൾ


ഡോ. ഗായത്രി ജി
Published on Nov 13, 2026, 07:53 PM | 4 min read
കൊച്ചി: മുൻകാലങ്ങളിൽ, പ്രമേഹമുള്ള സ്ത്രീകൾക്ക് ഗർഭധാരണവും പ്രസവവും വലിയ ആശങ്കകളും സങ്കീർണ്ണതകളും നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് മാതൃ-ശിശു ആരോഗ്യരംഗത്തെ വൈദഗ്ധ്യത്തിലും ആധുനിക ചികിത്സാ സാങ്കേതികവിദ്യകളിലും വന്ന നൂതന മുന്നേറ്റങ്ങൾ അമ്മമാർക്ക് മികച്ച സുരക്ഷ നൽകുന്നതുകൊണ്ട് പ്രമേഹം എന്ന സങ്കീർണ അവസ്ഥയും ഇന്ന് മാതൃത്വത്തിന് ഒരു വെല്ലുവിളിയാകാതെ കൃത്യമായ ആസൂത്രണത്തിലൂടെയും നിരീക്ഷണത്തിലൂടെയും കൈകാര്യം ചെയ്യാവുന്ന ഒന്നായിരുക്കുന്നു. ശരിയായ ചികിത്സയിലൂടെയും ജീവിതശൈലിയിലൂടെയും പ്രമേഹത്തെ മറികടന്ന് പൂർണ്ണ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാം.
1. പ്രമേഹവും വന്ധ്യതയും: മെറ്റബോളിക് ആരോഗ്യത്തിന്റെ പ്രാധാന്യം
സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ ശരീരത്തിന്റെ മെറ്റബോളിക് ആരോഗ്യം നിർണായകമായ പങ്കുവഹിക്കുന്നുണ്ട് . രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം നിയന്ത്രണമില്ലാതെ തുടരുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുകയും വന്ധ്യതാ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.
●അണ്ഡോത്പാദനത്തിലെ തടസ്സങ്ങൾ: രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസും ഇൻസുലിൻ പ്രതിരോധവും കൃത്യമായ അണ്ഡോത്പാദന പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ആർത്തവചക്രം ക്രമരഹിതമാകാനും ഗർഭധാരണം വൈകാനും ഇടയാക്കും.
●അണ്ഡത്തിന്റെ ഗുണനിലവാരം: അനിയന്ത്രിതമായ പ്രമേഹം അണ്ഡത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ബീജസങ്കലനത്തിനും ഭ്രൂണം ഗർഭപാത്രത്തിൽ ഉറയ്ക്കുന്നതിനും തടസ്സം സൃഷ്ടിക്കും.
●പി.എം.ഒ.എസ് ബന്ധം: ടൈപ്പ് 2 പ്രമേഹമുള്ള പല സ്ത്രീകളിലും പോളിഎൻഡോക്രൈൻ മെറ്റബോളിക് ഓവേറിയൻ സിൻഡ്രോം കണ്ടുവരാറുണ്ട്, ഇത് വന്ധ്യതാ സാധ്യത വർദ്ധിപ്പിക്കുന്നു.
●അകാല ഗർഭഛിദ്രം: ഗർഭധാരണ സമയത്ത് പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കിൽ ഗർഭഛിദ്രം സംഭവിക്കാനുള്ള സാധ്യത ഉണ്ടാകാം.
2. സുരക്ഷിതമായ ഗർഭധാരണത്തിലേക്കുള്ള വഴികൾ
ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾ ഗർഭധാരണത്തിന് മൂന്ന് മുതൽ ആറ് മാസം മുൻപ് തന്നെ 'പ്രീകൺസെപ്ഷൻ കെയർ' ആരംഭിക്കേണ്ടതാണ്. സുരക്ഷിതമായ ഗർഭധാരണത്തിനായി സ്വീകരിക്കേണ്ട പ്രധാന മാർഗങ്ങൾ താഴെ പറയുന്നവയാണ്:
●എച്ച്.ബി.എ.1.സി നിയന്ത്രണം: ഗർഭധാരണത്തിന് ശ്രമിക്കുന്നതിനു മുൻപായി മൂന്ന് മാസത്തെ ശരാശരി പഞ്ചസാരയുടെ അളവായ എച്ച്.ബി.എ.1.സി നിരക്ക് 6.5%-ൽ താഴെയായി നിലനിർത്താൻ ശ്രമിക്കണം. ഇത് ഭ്രൂണത്തിന്റെ ആദ്യകാല വളർച്ചയെ സുരക്ഷിതമാക്കുന്നു.
●മരുന്നുകളിലെ മാറ്റം: പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയ്ക്ക് കഴിക്കുന്ന ചില ഗുളികകൾ (ഉദാഹരണത്തിന് എ.സി.ഇ ഇൻഹിബിറ്റേഴ്സ് , സ്റ്റാറ്റിൻസ്) ഗർഭസ്ഥ ശിശുവിന് ദോഷകരമായേക്കാം. അതിനാൽ ഗർഭധാരണത്തിന് മുൻപ് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇവ മാറ്റി സുരക്ഷിതമായ ഇൻസുലിൻ ചികിത്സയിലേക്കോ മറ്റ് മരുന്നുകളിലേക്കോ മാറണം.
●ഫോളിക് ആസിഡ് ഉപയോഗം: കുഞ്ഞിന്റെ തലച്ചോറിന്റെയും നട്ടെല്ലിന്റെയും വളർച്ചയ്ക്കുണ്ടാകുന്ന വൈകല്യങ്ങൾ തടയാൻ, ഗർഭധാരണത്തിന് മൂന്ന് മാസം മുൻപ് മുതൽ ദിവസവും 400 എംസിജി മുതൽ 5 എംജി വരെ (ഡോക്ടറുടെ നിർദ്ദേശപ്രകാരം) ഫോളിക് ആസിഡ് കഴിക്കേണ്ടതാണ്.
●അവയവങ്ങളുടെ ആരോഗ്യ പരിശോധന: പ്രമേഹം കണ്ണുകളെയോ,വൃക്കകളെയോ ബാധിച്ചിട്ടുണ്ടോ എന്ന് ഗർഭധാരണത്തിന് മുൻപ് പരിശോധിക്കണം. ഗർഭകാലത്ത് ഈ അവസ്ഥകൾ മൂർച്ഛിക്കാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടിയുള്ള ചികിത്സ അനിവാര്യമാണ്.
●തൈറോയ്ഡ് പരിശോധന: പ്രമേഹമുള്ളവരിൽ തൈറോയ്ഡ് പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നതിനാൽ തൈറോയ്ഡ് ഹോർമോൺ നില കൃത്യമാണെന്ന് ഉറപ്പുവരുത്തണം.
●ആരോഗ്യകരമായ ശരീരഭാരം: അമിതഭാരമുള്ളവർ ഗർഭധാരണത്തിന് മുൻപ് ശരീരഭാരം കുറയ്ക്കുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സ്വാഭാവിക ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാനും സഹായിക്കും.
3. ഗർഭകാലത്തെ അപകടസാധ്യതകൾ
പ്രമേഹം കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഗർഭകാലത്തിന്റെ വിവിധ ഘട്ടങ്ങളിൽ അമ്മയ്ക്കും കുഞ്ഞിനും പലവിധ വെല്ലുവിളികൾ നേരിടേണ്ടി വരാം:
●ആദ്യ മൂന്ന് മാസങ്ങളിലെ പ്രശ്നങ്ങൾ: ഗർഭധാരണത്തിന്റെ ആദ്യ എട്ട് ആഴ്ചകളിലാണ് കുഞ്ഞിന്റെ ഹൃദയം, തലച്ചോറ്, വൃക്കകൾ തുടങ്ങിയ പ്രധാന അവയവങ്ങൾ രൂപപ്പെടുന്നത്. ഈ സമയത്ത് അമ്മയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാൽ കുഞ്ഞിന് ജന്മനായുള്ള ഹൃദയവൈകല്യങ്ങളും നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിക്കുന്നു.
●ഗർഭകാലത്തിന്റെ അവസാന ഘട്ടം: രണ്ട്, മൂന്ന് ട്രൈമസ്റ്ററുകളിൽ അമ്മയുടെ ശരീരത്തിലെ ഉയർന്ന ഗ്ലൂക്കോസ് മറുപിള്ളയിലൂടെ കുഞ്ഞിലേക്ക് എത്തുന്നു. ഇത് കുഞ്ഞിന്റെ ശരീരത്തിൽ അമിതമായി ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. തൽഫലമായി കുഞ്ഞിന്റെ ഭാരം അമിതമായി വർദ്ധിക്കുന്ന 'മാക്രോസോമിയ' എന്ന അവസ്ഥയിലേക്ക് നയിക്കാം. കുഞ്ഞിന് അമിതഭാരമുണ്ടാകുന്നത് സാധാരണ പ്രസവം സങ്കീർണ്ണമാക്കുകയും പ്രസവസമയത്ത് കുഞ്ഞിന്റെ തോളിന് പരിക്കേൽക്കാനും അടിയന്തിര സിസേറിയൻ വേണ്ടിവരാനും ഇടയാക്കും.
●പ്രസവശേഷം കുഞ്ഞിനുണ്ടാകുന്ന പ്രശ്നങ്ങൾ: ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തിൽ ഇൻസുലിൻ അളവ് കൂടുതലായിരിക്കുന്നതിനാൽ, പ്രസവത്തിന് തൊട്ടുപിന്നാലെ കുഞ്ഞിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം താഴ്ന്നുപോകാൻ സാധ്യതയുണ്ട്. കൂടാതെ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും മഞ്ഞപ്പിത്തവും കണ്ടുവരാം.
●അമ്മയ്ക്കുണ്ടാകുന്ന ആഘാതങ്ങൾ: ഗർഭകാലത്ത് ഉയർന്ന രക്തസമ്മർദ്ദവും മൂത്രത്തിൽ പ്രോട്ടീന്റെ അമിതമായ സാന്നിധ്യവും ഉണ്ടാകുന്ന 'പ്രീ-എക്ലാംപ്സിയ' എന്ന ഗുരുതരാവസ്ഥയ്ക്ക് പ്രമേഹബാധിതരായ അമ്മമാർക്ക് സാധ്യത കൂടുതലാണ്. കൂടാതെ അമ്നിയോട്ടിക് ദ്രാവകം അമിതമാകുന്ന 'പോളിഹൈഡ്രാംനിയോസ്', മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്കും സാധ്യതയുണ്ട്.
4. സുരക്ഷിതമായ പ്രസവത്തിനായുള്ള ആധുനിക ആസൂത്രണം
ഇന്നത്തെ മെഡിക്കൽ രീതികളിൽ രോഗികൾക്ക് കടുത്ത ഭക്ഷണനിയന്ത്രണങ്ങൾക്ക് പകരം ആധുനിക സാങ്കേതികവിദ്യയിലൂടെ സ്വയം നിയന്ത്രിക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. താഴെ പറയുന്ന മാർഗങ്ങളിലൂടെ സുരക്ഷിതമായ പ്രസവം ഉറപ്പാക്കാൻ സാധിക്കും.
●തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം: വിരലിൽ കുത്തി രക്തം പരിശോധിക്കുന്നതിന് പകരം, ശരീരത്തിൽ ഘടിപ്പിക്കുന്ന അത്യാധുനിക സെൻസറുകൾ വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് തത്സമയം അറിയാൻ സാധിക്കുന്നു. ഇത് ഗർഭകാലത്ത് കൃത്യമായ പരിധിക്കുള്ളിൽ ഗ്ലൂക്കോസ് നിലനിർത്താൻ സഹായിക്കും.
●ഓട്ടോമേറ്റഡ് ഇൻസുലിൻ പമ്പുകൾ: ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ പ്ലാസന്റൽ ഹോർമോണുകൾ കാരണം ഉണ്ടാകുന്ന ഇൻസുലിൻ പ്രതിരോധത്തെ മറികടക്കാൻ സ്മാർട്ട് അൽഗോരിതങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻസുലിൻ പമ്പുകൾ സഹായിക്കുന്നു. ഇത് പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുന്നത് തടയുന്നു.
●കൃത്യമായ പോഷകാഹാരം : രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർത്താത്ത ഭക്ഷണക്രമമാണ് ഗർഭകാലത്ത് പിന്തുടരേണ്ടത്. നാരുകൾ അടങ്ങിയ പച്ചക്കറികൾ, തവിടുള്ള ധാന്യങ്ങൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതി അമ്മയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുന്നു. ഒറ്റയടിക്ക് കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പലതവണയായി കഴിക്കുന്നത് പഞ്ചസാരയുടെ നില നിയന്ത്രിക്കാൻ സഹായിക്കും.
●മിതമായ വ്യായാമം: ഡോക്ടറുടെ അനുമതിയോടെ ദിവസവും 30 മിനിറ്റ് നടക്കുന്നതോ ഗർഭകാല യോഗ ചെയ്യുന്നതോ ഇൻസുലിൻ പ്രവർത്തനം കാര്യക്ഷമമാക്കാൻ സഹായിക്കും.
●കൃത്യമായ സ്കാനിംഗുകളും നിരീക്ഷണവും: കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനം അറിയാനുള്ള ഫീറ്റൽ എക്കോകാർഡിയോഗ്രാം, വളർച്ച നിരീക്ഷിക്കാനുള്ള അൾട്രാസൗണ്ട് സ്കാനുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ നടത്തണം.
കൃത്യമായ മുൻകരുതലുകളും ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളും വിദഗ്ദ്ധ ചികിത്സയുടെ പിന്തുണയും ഉണ്ടെങ്കിൽ പ്രമേഹം മാതൃത്വത്തിന് ഒരു തടസ്സമേയല്ല. ശരിയായ ആസൂത്രണത്തിലൂടെ ഏതൊരു പ്രമേഹബാധിതയായ സ്ത്രീക്കും ആരോഗ്യമുള്ള കുഞ്ഞിനെ വരവേൽക്കാൻ സാധിക്കും.
തയ്യാറാക്കിയത്: ഡോ. ഗായത്രി ജി അസോസിയേറ്റ് കൺസൾട്ടന്റ് - എൻഡോക്രൈനോളജി & ഡയബറ്റോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി








0 comments