നിമിഷനേരം കൊണ്ട് തകർന്ന് കെട്ടിടം; രണ്ട് വയസ്സുകാരനും കുടുംബവും രക്ഷപ്പെട്ടു; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ

ന്യൂയോർക്ക്: ബ്രൂക്ലിനിലെ ഫ്ലാറ്റ്ബുഷ് അവന്യൂവിൽ മൂന്ന് നില കെട്ടിടം തകർന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള ഭയാനകമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന്റെ അപ്പാർട്ട്‌മെന്റിനുള്ളിൽ നിന്നുള്ള ആറ് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തിൽ എട്ട് പേർ മരിക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
കെട്ടിടത്തിലെ മൂന്നാം നിലയിൽ താമസിച്ചിരുന്ന ആൻഡേഴ്സൺ വെലസിന്റെ വീട്ടിലെ നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വെലസിന്റെ ഒൻപത് വയസ്സുള്ള മകൻ ഫ്രിഡ്ജ് തുറന്ന് പാൽ എടുക്കുന്നതും, രണ്ട് വയസ്സുള്ള ഇളയ മകൻ തൊട്ടടുത്ത് തറയിലിരുന്ന് കളിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. നിമിഷങ്ങൾക്കകം കുട്ടികളുടെ അമ്മ ലിവിംഗ് റൂമിന്റെ വാതിൽ തുറന്ന് നിലവിളിക്കുന്നതും, ഇതുകേട്ട് മൂത്ത മകൻ ഭിത്തിയുടെ അരികിൽ നിന്ന് അമ്മയുടെ അടുത്തേക്ക് ഓടുന്നതും കാണാം.
എന്നാൽ കുടുംബത്തിന് സുരക്ഷിതമായ ഇടത്തേക്ക് മാറാൻ കഴിയുന്നതിന് മുൻപ് തന്നെ ഭിത്തി തകർന്നുവീഴുകയും രണ്ട് വയസ്സുകാരൻ അവശിഷ്ടങ്ങൾക്കിടയിൽ അകപ്പെടുകയും ചെയ്തു. അപകടം നടക്കുമ്പോൾ ആൻഡേഴ്സൺ വെലസ് ജോലിയുടെ ആവശ്യത്തിന് ബ്രോങ്ക്സിലായിരുന്നു. ഭാര്യ പരിഭ്രാന്തിയോടെ ഫോണിൽ വിളിച്ചാണ് അപകടവിവരം അറിയിച്ചത്. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് കുട്ടികളെയും ഭാര്യയെയും ജീവനോടെ പുറത്തെടുത്തു.
നെറ്റിയിലും കാലുകളിലും പോറലുകളോടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ശരീരമാസകലം മണ്ണും പൊടിയും നിറഞ്ഞ നിലയിലായിരുന്നു കുഞ്ഞെന്ന് പിതാവ് പറഞ്ഞു.വെലസിന്റെ ഭാര്യയുടെ വാരിയെല്ലിനും നട്ടെല്ലിനും കോളർബോണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒൻപത് വയസ്സുകാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഈ മാസം ആദ്യമാണ് വെലസും കുടുംബവും ഈ അപ്പാർട്ട്‌മെന്റിലേക്ക് താമസം മാറിയത്. ഇതിനുമുമ്പ് ഇവർ ഭവനരഹിതർക്കുള്ള അഭയകേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വീട് നഷ്ടപ്പെട്ട കുടുംബത്തിന് നഗരസഭ ബ്രൂക്ലിനിലെ ഒരു ഹോട്ടലിൽ താൽക്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
9, 10 വയസ്സുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പെട്ട് മരിച്ചത്. അപകടസ്ഥലത്തെ തിരച്ചിലും രക്ഷാപ്രവർത്തനവും വ്യാഴാഴ്ച ഉച്ചയോടെ പൂർത്തിയായതായും ഇനി ആരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നും ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.








0 comments