സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

കോടിയേരി ബാലകൃഷ്‌ണൻ നഗർ (കൊച്ചി): 24-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള സിപിഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം. എറണാകുളം ടൗൺഹാളിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
സമ്മേളനത്തിനുമുന്നോടിയായി സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തി. തുടർന്ന് ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് താൽക്കാലിക അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് രക്തസാക്ഷിപ്രമേയവും ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ പരീത് അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഉദ്‌ഘാടനത്തെ തുടർന്ന് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എം അനിൽകുമാർ സ്വാഗതം പറഞ്ഞു. സ്വാഗതഗാനത്തോടെയാണ് പ്രതിനിധികളെ വരവേറ്റത്. ജോൺ ഫെർണാണ്ടസ് കൺവീനറും ടി ആർ ബോസ്, കെ ജെ മാക്‌സി, സി പി എസ് ബാലൻ, അജ്‌മില ഷാൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. 371 പ്രതിനിധികളും 46 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 417 പേർ പങ്കെടുക്കുന്നു.
പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എളമരം കരീം, പി രാജീവ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ, ആനാവൂർ നാഗപ്പൻ, പി കെ ബിജു, എം സ്വരാജ് എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഞായറാഴ്‌ചയും തിങ്കളാഴ്‌ച ഉച്ചവരെയും പ്രതിനിധി സമ്മേളനം തുടരും. ശനി വൈകിട്ട് ‘കേന്ദ്ര അവഗണന: കേരളം ഇന്ത്യയിൽ അല്ലേ’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവർ സംസാരിച്ചു. തിങ്കൾ വൈകിട്ട് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും. അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ (മറൈൻഡ്രൈവ്) ചേരുന്ന പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.









0 comments