ad
Deshabhimani

print edition കെഎസ്‌യു ആക്രമണത്തിന് ചുക്കാൻ പിടിച്ചത് പൊലീസ്

KSU.jpg

എസ്എഫ്ഐ പ്രവർത്തകരെ കല്ലെറിയുന്ന കെഎസ്യുക്കാർ

വെബ് ഡെസ്ക്

Published on May 26, 2026, 01:36 AM | 2 min read

തിരുവനന്തപുരം: എസ്‌എഫ്‌ഐ ആഹ്ലാദ പ്രകടനത്തിനുനേരെ കെഎസ്‌യു ക്രിമിനലുകൾ നടത്തിയ ആക്രമണത്തിന്‌ ചുക്കാൻ പിടിച്ചത്‌ പൊലീസാണെന്ന്‌ സിപിഐ എം ആക്‌ടിങ്‌ സെക്രട്ടറി എ എ റഹിം. വിദ്യാർഥികളെ തെരുവിൽ നേരിടാൻ ശ്രമിച്ചാൽ മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലക്കും വലിയ വില കൊടുക്കേണ്ടിവരും.


പൊലീസാണ്‌ സംഘർഷം ക്ഷണിച്ചുവരുത്തിയത്‌. രണ്ടു വിദ്യാർഥി സംഘടനകളുടെ പ്രകടനം രണ്ടുസമയത്ത്‌ ക്രമീകരിക്കാൻ പൊലീസിന്‌ കഴിഞ്ഞില്ല. രണ്ട്‌ വഴിക്കാണ്‌ പ്രകടനം നീങ്ങുന്നതെന്നതുപോലും ഉറപ്പിച്ചില്ല. വിദ്യാർഥി നേതാക്കളുമായി ആശയവിനിമയം നടത്താത്തത്‌ അനാസ്ഥയാണ്‌.


രണ്ടുപ്രകടനവും മുഖാമുഖം പൊലീസ്‌ വിട്ടത്‌ ബോധപൂർവമാണോയെന്ന്‌ പരിശോധിക്കണം. പാളയത്ത്‌ പ്രകടനമെത്തിയപ്പോൾ കെഎസ്‌യു കല്ലേറ്‌ നടത്തി. എസ്‌എഫ്‌ഐക്ക്‌ സംഘർഷമുണ്ടാക്കണമെന്ന താൽപ്പര്യമില്ല. പൊലീസിന്റെ മുൻകരുതലുകളുണ്ടായിരുന്നെങ്കിൽ സംഘർഷം ഒഴിവാകുമായിരുന്നു.


ജലപീരങ്കി, ടിയർ ഗ്യാസ്‌, ലാത്തിച്ചാർജ്‌ എന്നിവ എസ്‌എഫ്‌ഐക്കാർക്കുനേരെമാത്രം ഏകപക്ഷീയമായി പ്രയോഗിച്ചു. വിദ്യാർഥികളുടെ ഭാഗത്തുനിന്ന്‌ പ്രകോപനമുണ്ടാകാതിരിക്കാൻ നേതാക്കൾ അവരോട്‌ സംസാരിക്കുന്പോഴും കല്ലേറുണ്ടായി.


പെൺകുട്ടികളുൾപ്പെടെയുള്ളവർക്ക്‌ പരിക്കേറ്റു. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ്‌ പൊലീസ്‌ കാണിച്ചത്‌. നീതിപൂർവം പൊലീസ്‌ പെരുമാറണം. ഭരണത്തിന്റെ തിണ്ണമിടുക്ക്‌ ഉപയോഗിച്ച്‌ വഴിവിട്ട സഹായം കെഎസ്‌യുവിന്‌ ഒരുക്കിക്കൊടുത്തു റോഡിലിറക്കിയാൽ വലിയ പ്രയാസമുണ്ടാക്കുമെന്നും റഹിം പറഞ്ഞു.


പൊലീസിന്റേത്‌ ഏകപക്ഷീയ 
നടപടി: എസ്‌എഫ്‌ഐ


തിരുവനന്തപുരം: തെറ്റായ സമീപനമാണ്‌ പൊലീസിന്റേയും കെഎസ്‌യുവിന്റേതുമെന്ന്‌ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പറഞ്ഞു. ഇങ്ങനെ ഒരുരീതി നാട്ടിൽ കഴിഞ്ഞ 10 വർഷമുണ്ടായിട്ടില്ല. എല്ലാ സർവകലാശാലയിലും തെരഞ്ഞെടുപ്പ്‌ നടന്നിട്ടുണ്ട്‌. അപ്പോഴൊന്നും ഇങ്ങനെയുള്ള ആക്രമണം ഉണ്ടായിട്ടില്ല. പൊലീസ്‌ ഏകപക്ഷീയമായാണ്‌ പെരുമാറിയത്‌. ആക്രമണകാരികളെയാണ്‌ പൊലീസ്‌ നേരിടേണ്ടിയിരുന്നത്‌. എന്നാൽ, പ്രകടനം നടത്തിയ എസ്‌എഫ്ഐക്കാരെയാണ്‌ പൊലീസ്‌ ലാത്തിച്ചാർജ്‌ ചെയ്‌തതും ഗ്രനേഡ്‌ എറിഞ്ഞതും.


പൊലീസ്‌ വീഴ്‌ച 
പരിശോധിക്കും: 
കമീഷണർ


തിരുവനന്തപുരം: കെഎസ്‌യു ആക്രമണത്തിനിടെ പൊലീസിന്‌ വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ കെ കാർത്തിക് - പറഞ്ഞു. പൊലീസ്‌ ഏകപക്ഷീയമായി എസ്‌എഫ്‌ഐ പ്രവർത്തകരോട്‌ പെരുമാറിയത്‌ വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ്‌ പ്രതികരണം.


എസ്‌എഫ്‌ഐ 
സെക്രട്ടറിയറ്റ്‌ മാർച്ച്‌ ഇന്ന്‌


തിരുവനന്തപുരം: കെഎസ്‌യു നടത്തിയ ആക്രമണത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ ചൊവ്വ പകൽ 11.30ന്‌ സെക്രട്ടറിയറ്റ്‌ മാർച്ച്‌ നടത്തും. കേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ പാളയത്തുനിന്ന്‌ സെക്രട്ടറിയറ്റിലേക്ക്‌ തിങ്കളാഴ്‌ച നടത്തിയ ആഹ്ലാദപ്രകടനത്തിനുനേരെയാണ്‌ കെഎസ്‌യു പ്രവർത്തകർ ആക്രമണം നടത്തിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home