print edition ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ന്നുവെന്ന പ്രചാരവേല തെറ്റ് : സിപിഐ

തിരുവനന്തപുരം
ഈ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ തകര്‍ന്നുവെന്ന പ്രചാരവേല വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.
2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി എല്‍ഡിഎഫിന് അനുകൂലമായിരുന്നില്ല. അതോടെ കേരളം വലതുപക്ഷത്തിന്റെ കൈയിലമര്‍ന്നു എന്ന് പിന്തിരിപ്പന്‍ രാഷ്ട്രീയശക്തികളും അവരുടെ മാധ്യമ നാവുകളും ചേര്‍ന്ന് നടത്തിയ പ്രചണ്ഡ പ്രചാരണം കേരളം മറന്നിട്ടില്ല. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുടിനാരിഴയുടെ വ്യത്യാസത്തിനാണ് ഇടതുപക്ഷം പുറകിലായത്. അതിനേക്കാള്‍ എത്രയോ കരുത്തുറ്റ അടിത്തറയില്‍നിന്നാണ് എല്‍ഡിഎഫ് ഇപ്പോള്‍ മുന്നോട്ടുപോകാന്‍ വഴികള്‍ ആരായുന്നത്.
ദശാബ്ദങ്ങളായി കേരളം കാണുന്ന കോണ്‍ഗ്രസ്–ബിജെപി കൂട്ടുകെട്ടിനെയാണ് ഇക്കുറിയും എല്‍ഡിഎഫ് നേരിട്ടത്. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ ശക്തികളെകൂടെ ചേര്‍ത്തുനിര്‍ത്തി ഇടതുപക്ഷ വിരോധത്തിന്റെ തെറ്റായ രാഷ്ട്രീയം പയറ്റാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചത്.
ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയിലുള്ള ജനാധിപത്യ- മതനിരപേക്ഷരാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ചത്. കഴിഞ്ഞ ഒമ്പതരവർഷം എല്‍ഡിഎഫ് സർക്കാർ യാഥാര്‍ഥ്യമാക്കിയ വികസന മുന്നേറ്റവും എല്‍ഡിഎഫ് ജനങ്ങളോട് പറഞ്ഞു. കേന്ദ്രത്തിലെ ബിജെപി സർക്കാർ അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഉപരോധത്തിന്റെ നടുവിലും ജനോപകാരപ്രദമായ നടപടികള്‍ ഏറ്റെടുക്കാനും വിജയിപ്പിക്കാനും കഴിഞ്ഞ സർക്കാരാണിത്. ഈ വസ്തുതകളാണ് ജനങ്ങളുമായി പങ്കുവയ്ക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചത്.
ഇത്രയേറെ ജനോപകാരപ്രദമായ നയങ്ങള്‍ നടപ്പാക്കിയിട്ടും എല്‍ഡിഎഫ് എന്തുകൊണ്ട് വിജയിച്ചില്ല എന്നതിനെപ്പറ്റി ഗൗരവമായ പരിശോധനകള്‍ വേണം. ശബരിമലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ വിശ്വാസികളുടെ മനസ്സില്‍ ജനിപ്പിച്ച പ്രതികരണം ഇടതുപക്ഷ വിരുദ്ധര്‍ എപ്രകാരം ഉപയോഗപ്പെടുത്തി എന്നതും പരിശോധിക്കപ്പെടണം. നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ആ രാഷ്ട്രീയ സമരത്തില്‍ ഇടതുപക്ഷം വിജയിക്കേണ്ടത് എല്ലാത്തിനെക്കാള്‍ പ്രധാനമാണെന്നും യോഗം വിലയിരുത്തി. എന്‍ രാജന്‍ അധ്യക്ഷനായി.










0 comments