ad
Deshabhimani

​ഗതാ​ഗതമന്ത്രിയുടേത് 'സദ്യ തരാം' എന്നുപറഞ്ഞിട്ട് മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്ന രീതി: പി രാജീവ്

p rajeev c p john
വെബ് ഡെസ്ക്

Published on Aug 04, 2026, 03:27 PM | 1 min read

തിരുവനന്തപുരം: ​ഗതാ​ഗത മന്ത്രി സി പി ജോണിന്റെ സ്ത്രീവിരുദ്ധവും അധിഷേപകരവുമായ പ്രസ്താവന പ്രതിഷേധാർഹമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ്. ഉറങ്ങിക്കിടക്കുന്ന ആളെ 'സദ്യ തരാം' എന്ന് പറഞ്ഞു വിളിച്ചെഴുന്നേൽപ്പിച്ചിട്ട് നേരെ മുഖത്തേക്ക് കാർക്കിച്ചു തുപ്പുന്ന രീതിയാണ് ഇന്ന് മന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സ്ത്രീകളുടെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ് എന്നാണ് 'പ്രിയദർശിനി സർവീസ്' ഉദ്ഘാടനത്തിൽ മന്ത്രി പറഞ്ഞത്. പിന്നെ ടിക്കറ്റ് ചാർജ് ഇനത്തിൽ ലാഭമായ പണം എങ്ങനെ നിഷേപിക്കണമെന്ന് ഉപദേശം കൂടി നൽകിയ ശേഷമാണ് പദ്ധതി ഫ്ലാ​ഗ് ഓഫ് ചെയ്തത്. അന്ന് അഭിമാനത്തോടെ യാത്ര ചെയ്യാൻ പറഞ്ഞിട്ട് ഇന്ന് അധിക്ഷേപിക്കുന്നു. എങ്ങനെയെങ്കിലും പദ്ധതി അവസാനിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണോ നടക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.


സൗജന്യ യാത്ര വേണമെന്ന് കേരളത്തിലെ സ്ത്രീകൾ ഒരു സർക്കാരിന് മുന്നിലും ആവശ്യം ഉന്നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുമെന്ന് കോൺ​ഗ്രസ് തന്നെയാണ് വാ​ഗ്ദാനം നൽകിയത്. അങ്ങനെ തെറ്റിദ്ധരിപ്പിച്ച് വോട്ട് വാങ്ങി അധികാരത്തിലെത്തിയപ്പോൾ അത് പരിമിധിപ്പെടുത്തി ഓർഡിനറി ബസിൽ മാത്രമാക്കി.


കേരളത്തിലെ സ്ത്രീകളെ ഇതുപോലെ അധിക്ഷേപിക്കുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. കെഎസ്ആർടിസിയിൽ എന്ത് പ്രശ്നമുണ്ടെങ്കിലും ആവശ്യമായ പണം നൽകാം എന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പദ്ധതി എല്ലാ സ്ത്രീകളിലേക്കും വ്യാപിപിപ്പിക്കുന്നതിന് പകരം ഇപ്പോൾ യാത്രാ സൗകര്യം ഉപയോ​ഗിക്കുന്ന വനിതകളെ അപമാനിക്കുകയാണ് മന്ത്രി ചെയ്തത്. വരുമാന പ്രായ പരി​ഗണനയില്ലാതെ എല്ലാ സ്ത്രീകൾക്കും യാത്രാസൗകര്യം എന്ന വാ​ഗ്ദാനം വിശ്വസിച്ച സ്ത്രീകൾക്ക്, അതില്ലെന്ന് മാത്രമല്ല ചീത്തയും കേൾക്കണം എന്ന സ്ഥിതിയാണ്. സ്ത്രീകളെ അധിക്ഷേപച്ച ഒരു മന്ത്രി തുടരേണ്ടതുണ്ടോ എന്ന കാര്യം ചർച്ച ചെയ്യേണ്ടതുണ്ടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.



















deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home