പറവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ സംഭവം
ഡിവൈഎഫ്ഐ മാർച്ചിൽ പ്രതിഷേധമിരന്പി

പറവൂർ താലൂക്കാശുപത്രിയിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ബഹുജന മാർച്ച് സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലെ പറവൂർ താലൂക്കാശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ച വീട്ടമ്മയുടെ മൃതദേഹം അഴുകിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പറവൂർ ബ്ലോക്ക് കമ്മിറ്റി താലൂക്കാശുപത്രിയിലേക്ക് ബഹുജനമാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നാടിന് വേദനയുണ്ടാക്കിയ സംഭവത്തിന്റെ ഉത്തരവാദികൾ മുഖ്യമന്ത്രി വി ഡി സതീശനും നഗരസഭാ ഭരണനേതൃത്വവുമാണെന്ന് വിജിൻ പറഞ്ഞു. അജ്ഞാത സ്പോൺസർമാരുടെ ചെലവിൽ ദുരൂഹയാത്രകൾ നടത്തുന്ന മുഖ്യമന്ത്രിക്ക് താലൂക്കാശുപത്രിയിൽ പുതിയ ഫ്രീസറുകൾ വാങ്ങാൻ സ്പോൺസർമാരെ കണ്ടെത്താനാകാത്തത് കഴിവില്ലായ്മയാണെന്നും വിജിൻ പറഞ്ഞു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി ആർ സജേഷ്-കുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, സെക്രട്ടറി നിഖിൽ ബാബു, സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ശ്രേഷ, ജില്ലാകമ്മിറ്റി അംഗം സേതുപാർവതി, ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ്, ട്രഷറർ അഖിൽ ബാവച്ചൻ എന്നിവർ സംസാരിച്ചു. മരിച്ച പറവൂർ പരുവത്തുരുത്ത് ഒറ്റാറക്കൽ ജെസി(65)യുടെ മകൻ വിനേഷ് പോൾ പങ്കെടുത്തു.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ജെസിയുടെ വീട്ടിലെത്തി മകൻ വിനേഷ് പോളുമായി സംസാരിക്കുന്നു
ജെസിയുടെ വീട് എസ് സതീഷ് സന്ദർശിച്ചു
പറവൂർ
കഴിഞ്ഞദിവസം അന്തരിച്ച പരുവത്തുരുത്ത് ഒറ്റാറക്കൽ ജെസി(65)യുടെ വീട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശനം നടത്തി. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് മരിച്ച ജെസിയുടെ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ വച്ചിട്ടും അഴുകിയത് വിവാദമായിരുന്നു. നഗരസഭയുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥ മറച്ചുപിടിക്കാനായി പഴക്കംചെന്ന മൃതദേഹമാണ് ഫ്രീസറിൽ വച്ചതെന്ന ആശുപത്രി സൂപ്രണ്ടിന്റെ പരാമർശം കുടുംബാംഗങ്ങൾക്ക് ഏറെ മാനസികവിഷമം ഉണ്ടാക്കിയതിനെ തുടർന്ന് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി, റൂറൽ എസ്‌പി, ഡിഎംഒ എന്നിവർക്ക് ജെസിയുടെ മകൻ വിനേഷ് പോൾ പരാതി നൽകിയിട്ടുണ്ട്. ജെസിയുടെ കുടുംബാംഗങ്ങളെ എസ് സതീഷ് ആശ്വസിപ്പിച്ചു. ഏരിയ സെക്രട്ടറി ടി വി നിധിൻ, ഏരിയ കമ്മിറ്റിയംഗം ടി എസ് രാജൻ, ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ സെക്രട്ടറി പി പി ജോസ്, പരുവത്തുരുത്ത് ബ്രാഞ്ച് സെക്രട്ടറി റോബിൻ ആന്റണി എന്നിവരും ഒപ്പമുണ്ടായിരുന്നു.








0 comments