ad
Deshabhimani

മുൻ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്കെതിരായ പരാതി പൊലിപ്പിച്ചതല്ലേയെന്ന് കോടതി

alappuzha sessions court
വെബ് ഡെസ്ക്

Published on Jun 03, 2026, 02:59 PM | 2 min read

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ജീവനക്കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. കേസ് പരിഗണിക്കുന്നതിനിടെ വാദിഭാഗത്തിനെതിരെ കോടതി ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെ മെഡിക്കൽ റിപ്പോർട്ട് വിശദമായി പരിശോധിച്ച കോടതി, കേസിനായി തയാറാക്കിയത് പൊലിപ്പിച്ചെഴുതിയ പരാതിയാണെന്ന് നിരീക്ഷിച്ചു. വെറുതെ ആരോപണം ഉന്നയിച്ചാൽ മാത്രം പോരെന്നും, അതിനെ സാധൂകരിക്കുന്ന കൃത്യമായ തെളിവുകളും രേഖകളും കോടതിയിൽ സമർപ്പിക്കാൻ വാദിഭാഗത്തിന് സാധിക്കണമെന്നും കോടതി വ്യക്തമാക്കി.


അഡ്വ. പി. ശിവദാസനാണ് കേസിൽ പ്രതിഭാഗത്തിനായി ഹാജരായത്. ആക്രമണത്തിന്റേതെന്ന തരത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാനാവുമെന്ന് അദ്ദേഹം കോടതിയിൽ ചോദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൂർണ്ണമായി പൊലീസല്ല ചിത്രീകരിച്ചിട്ടുള്ളത്. മർദനമേറ്റവർക്ക് സംഭവിച്ച മുറിവുകളൊന്നും അത്ര ഗുരുതരമല്ലല്ലോ എന്നും, അങ്ങനെയെങ്കിൽ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ട് കെട്ടിച്ചമച്ചതാണോ എന്നും കോടതി ചോദിച്ചു. റിപ്പോർട്ട് വ്യാജമാണെങ്കിൽ പരിശോധിച്ച ഡോക്ടർക്കെതിരെയും നടപടിയെടുക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.


കേസിൽ ഐപിസി 308 (വധശ്രമം) വകുപ്പ് ചേർത്ത റിപ്പോർട്ടിൽ വലിയ ദുരൂഹതയുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ട് കോടതിയിൽ നൽകിയത് 2026 മെയ് 30ന് രാവിലെയാണ്. എന്നാൽ സംഭവത്തിൽ ആക്രമിക്കാൻ ഉപയോഗിച്ചു എന്ന് പറയുന്ന ആയുധം പോലും പൊലീസ് പരിശോധിച്ചത് അന്നേ ദിവസം വൈകുന്നേരമാണ്. ആയുധം പരിശോധിക്കുന്നതിന് മുൻപ് എങ്ങനെയാണ് രാവിലെ തന്നെ റിപ്പോർട്ട് നൽകാൻ കഴിയുക എന്ന് പ്രതിഭാഗത്തിന്റെ വാദം മുൻനിർത്തി കോടതി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചു.


അതേസമയം, മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുന്ന ഘട്ടങ്ങളിൽ സുരക്ഷാ ജീവനക്കാർക്ക് വാഹനവും പരിസരവും വിട്ട് ഇടപെടാമെന്ന് 2011ൽ സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. സംഭവദിവസം ആലപ്പുഴയിൽ നവകേരള യാത്ര നടക്കുമ്പോൾ പ്രതിഷേധക്കാർ വാഹനത്തെ പിന്തുടരുകയും പലയിടത്തും അക്രമസംഭവങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിന്നാലെ എത്തി അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിയപ്പോഴാണ് ഗൺമാൻമാർ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. അത് അവരുടെ ജോലിയുടെ ഭാഗം മാത്രമായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വ്യക്തമാക്കി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home