അൻസിബയുടെ പരാതി: പൊലീസിന് തിരിച്ചടി; ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് കോടതി

കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസ് എടുക്കാനാകില്ലെന്ന പൊലീസിന്റെ വാദങ്ങൾക്ക് കോടതിയിൽ കനത്ത തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് തീർത്തും അപൂർണമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രഥമദൃഷ്ട്യാ ടിനി ടോം കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് കേസിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
ടിനി ടോം തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് കാണിച്ച് അൻസിബ കടവന്ത്ര പൊലീസിലായിരുന്നു പരാതി നൽകിയിരുന്നത്. എന്നാൽ തെളിവുകളില്ലെന്നും വെറും കേട്ടുകേൾവി മാത്രമാണെന്നും ആരോപിച്ച് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് നീതി തേടി അൻസിബ കോടതിയെ സമീപിച്ചത്. പൊലീസിന്റെ ഈ നിലപാടുകളെ പൂർണ്ണമായും തള്ളിക്കൊണ്ടാണ് ഇപ്പോൾ കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
'ജിഹാദി' ഉൾപ്പെടെയുള്ള അധിക്ഷേപ പരാമർശങ്ങൾ വെറും തമാശയ്ക്ക് വിളിച്ചതാണെന്നായിരുന്നു പൊലീസ് റിപ്പോർട്ടിലെ വിചിത്ര വാദം. എന്നാൽ ഈ വാദത്തെ കോടതി കർശനമായി തള്ളി. ഇത്തരം പരാമർശങ്ങളെ തമാശയായി കാണാനാകില്ലെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു. കേസ് രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്താൻ കടവന്ത്ര പൊലീസിന് കോടതി കർശന നിർദ്ദേശം നൽകി.
കേസിൽ നടി നീന കുറുപ്പ് നൽകിയ മൊഴി അൻസിബയ്ക്ക് അനുകൂലമായി മാറിയെന്നാണ് പുറത്തുവരുന്ന വിവരം. നീന കുറുപ്പിന്റെ മൊഴി കേസിൽ ഏറെ നിർണായകമായിരുന്നുവെന്ന് കോടതി ഉത്തരവിലും വ്യക്തമാക്കുന്നുണ്ട്. സിനിമാ മേഖലയിലെ വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഈ കോടതി ഉത്തരവ് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.











0 comments